സംസ്ഥാന സ്കൂള്‍ കലോല്‍സവം; സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അഭിമാനമായി മാനന്തവാടി ജിവിഎച്ച്എസ്എസ്
Published : 30th January 2016 | Posted By: SMR
മാനന്തവാടി: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ 72 പോയിന്റോടെ ഈ വര്‍ഷവും സര്‍ക്കാര്‍ സ്കൂളുകളില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി മാനന്തവാടി ജിവിഎച്ച്എസ്എസ് ജില്ലക്ക് അഭിമാനമായി. കഴിഞ്ഞ വര്‍ഷവും ഈ നേട്ടം കരസ്ഥമാക്കിയിരുന്നു.
കലോല്‍സവത്തില്‍ പങ്കെടുത്ത സ്കൂളുകളില്‍ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ വിദ്യാലയങ്ങളെ പിന്നിലാക്കി 10ാം സ്ഥാനവും മാനന്തവാടി ജിവിഎച്ച്എസ്എസ് നേടിയിരുന്നു. പിന്നാക്ക ജില്ലയില്‍ നിന്നും സംസ്ഥാനത്തു തന്നെ ശ്രദ്ധിക്കപ്പെടുന്ന സര്‍ക്കാര്‍ വിദ്യാലയമായി ഈ വിദ്യാലയം മാറുകയാണ്.
ഈ വര്‍ഷം 50ഓളം വിദ്യാര്‍ഥികളാണ് ജില്ലയ്ക്കു വേണ്ടി സംസ്ഥാനകലോല്‍സവത്തില്‍ പങ്കെടുത്തത്. 11 വ്യക്തിഗത ഇനങ്ങളും അഞ്ചു ഗ്രൂപ്പിനങ്ങളുമുള്പ്പടെ 16 ഇനങ്ങളിലാണ് പങ്കെടുത്തത്. തിരുവാതിര, സംഘഗാനം, ദഫ് മുട്ട്, അറബന മുട്ട്, കഥാപ്രസംഗം എന്നിവയില്‍ എ ഗ്രേഡ് നേടി. ആണ്‍കുട്ടികളുടെ നാടോടിനൃത്തം, കൊളാഷ്, കഥാപ്രസംഗം എന്നിവയില്‍ സമ്മാനങ്ങള്‍ നേടി. ഹൈസ്കൂള്‍ വിഭാഗത്തിലും മികച്ച മുന്നേറ്റമാണുണ്ടായത്. ഹൈസ്കൂള്‍ വിഭാഗം സംഘഗാനത്തില്‍ എ ഗ്രേഡ് നേടിയത് കൂടാതെ കാര്‍ട്ടൂണില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെയും നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരായ ശിവസുബ്രഹമണ്യന്, ദേവദാസ് എന്നിവരെയും പിടിഎ യും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.