|    Dec 14 Fri, 2018 10:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

Published : 29th November 2018 | Posted By: kasim kzm

എം എം സലാം

ആലപ്പുഴ: മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടിന് ആദരമായി നടത്തപ്പെടുന്ന 59ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. പ്രളയക്കെടുതിയെ തുടര്‍ന്ന് ചെലവു ചുരുക്കിയും ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുമാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. ആലപ്പുഴ നഗരം ആതിഥേയരാകുന്ന നാലാമത് കലോല്‍സവമാണ് ഡിസംബര്‍ 7 മുതല്‍ 9 വരെ ഇവിടെ നടക്കുന്നത്.
കലോല്‍സവത്തിന്റെ പ്രധാന വേദിയായി ലിയോ തേര്‍ട്ടീന്‍ത് സ്‌കൂള്‍ ഹാള്‍ നിശ്ചയിച്ചു. ആകെ 29 വേദികള്‍ ഉണ്ടാകും. ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ സംഘാടക സമിതി ഓഫിസ് പ്രവര്‍ത്തിക്കും. മറ്റ് ഓഫിസുകളും ഇവിടെ ക്രമീകരിക്കും. ആലപ്പുഴയിലെ സാഹിത്യ-സാംസ്‌കാരിക നായകരുടെ പേരുകള്‍ വേദികള്‍ക്ക് നല്‍കും. രചനാ മല്‍സരങ്ങള്‍ ജില്ലയില്‍ നടത്തിയതിനാല്‍ മത്സരിക്കുന്ന കുട്ടികളുടെ എണ്ണം 5000 കവിയില്ല. ആകെ 158 ഇനങ്ങളിലാണ് മല്‍സരം.
ചെലവ് ചുരുക്കി നടത്തുന്നതിനാല്‍ മേളയുടെ ആകെ ചെലവ് 40 ലക്ഷം രൂപയില്‍ കൂടില്ല. പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ നിന്ന് സമാഹരിക്കുന്ന തുകയാണ് 40 ലക്ഷം. മറ്റു ചെലവിനങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 65 ലക്ഷം രൂപയോളം മേളയ്ക്ക് ചെലവഴിച്ചിരുന്നു. ഇത്തവണ ഭക്ഷണത്തിന്റെ ചെലവ് പൂര്‍ണമായി വഹിക്കാനും ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യാനും അധ്യാപക സംഘടനയായ കെഎസ്ടിഎ തയ്യാറായിട്ടുണ്ട്. അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും തുക കണ്ടെത്തി ഭക്ഷണം നല്‍കാനാണ് കെഎസ്ടിഎ തീരുമാനിച്ചിട്ടുള്ളത്.
ചെലവു കുറയ്ക്കാന്‍ സബ് കമ്മിറ്റികളുടെ എണ്ണവും കുറച്ചു. സ്ഥിരമായി രൂപീകരിക്കാറുള്ള 21 കമ്മിറ്റികള്‍ക്ക് പകരം 12 എണ്ണം മാത്രമാണ് ഇക്കുറി. ട്രോഫി, റാലി തുടങ്ങിയ കമ്മിറ്റികള്‍ ഉണ്ടാകില്ല. ഏറെ ചെലവു വരുന്ന മേളയ്ക്ക് തുടക്കം കുറിച്ച് സംഘടിപ്പിക്കാറുള്ള ഘോഷയാത്ര, വ്യക്തിഗത-ഗ്രൂപ്പിനങ്ങള്‍ക്കും ഓവറോള്‍ അടക്കമുള്ള ട്രോഫികളും ഒഴിവാക്കി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കും.
സബ് കമ്മിറ്റികളുടെ എണ്ണം കുറച്ചെങ്കിലും പരിപാടി, ഭക്ഷണം, താമസം, സ്‌റ്റേജ്, പന്തല്‍, വെളിച്ചം തുടങ്ങിയ കമ്മിറ്റികള്‍ സാധാരണ പോലെത്തന്നെ പ്രവര്‍ത്തിക്കും. മേളയുടെ നടത്തിപ്പാകെ ഹരിതചട്ടം പാലിക്കുന്നതാക്കാന്‍ ഇതിനും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ഭക്ഷണം പാകം ചെയ്ത ശേഷം നാല് വേദികളില്‍ എത്തിച്ച് വിതരണം ചെയ്യും. ചെലവ് ചുരുക്കിയെങ്കിലും മേളയുടെ പൊലിമയ്ക്ക് കുറവ് വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss