|    Jun 19 Tue, 2018 4:40 am
Home   >  Todays Paper  >  page 12  >  

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം : ഹൈസ്‌കൂളില്‍ ഗുരുകുലം, ഹയര്‍ സെക്കന്‍ഡറിയില്‍ കുമാരമംഗലം

Published : 23rd January 2017 | Posted By: fsq

 

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളും (113 പോയിന്റ്) ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇടുക്കി കുമാരമംഗലം എംകെഎന്‍എംഎച്ച്എസും (131 പോയിന്റ്) ചാംപ്യന്‍പട്ടം നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കുമാരമംഗലം എംകെഎന്‍എച്ച്എസാണ് റണ്ണറപ്പ്- 83 പോയിന്റ്. കണ്ണൂര്‍ സെ ന്റ് തേരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 80 പോയിന്റോടെ മൂന്നാംസ്ഥാനംനേടി. ജില്ലകളില്‍ 429 പോയിന്റുള്ള തൃശൂര്‍ ഒന്നാംസ്ഥാനവും 428 പോയിന്റുള്ള പാലക്കാട് രണ്ടാംസ്ഥാനവും 427 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആലത്തൂര്‍ ഗുരുകുലത്തിനാണ് രണ്ടാംസ്ഥാനം-123 പോയിന്റ്. ആലപ്പുഴ മാന്നാര്‍ എന്‍എസ് ബോയ്‌സ് എച്ച്എസ്എസ് 116 പോയിന്റോടെ മൂന്നാസ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 22 എ ഗ്രേഡ്, ഒന്നാസ്ഥാനം- 5, രണ്ടാംസ്ഥാനം- 3, മൂന്നാംസ്ഥാനം-3 എന്നിവ ആലത്തൂരിന് ലഭിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ ആലത്തൂരിന് 24 എ ഗ്രേഡ്, ഒന്നാംസ്ഥാനം-1, രണ്ടാംസ്ഥാനം- 5, മൂന്നാംസ്ഥാനം- 3 എന്നിങ്ങനെയാണ് നേട്ടം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് (512), പാലക്കാട് (508), കണ്ണൂര്‍ (508) ജില്ലകളാണ് ആദ്യ സ്ഥാനങ്ങളില്‍. സംസ്‌കൃതോ ല്‍സവത്തില്‍ 95 പോയിന്റുമായി എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒന്നാംസ്ഥാനം പങ്കുവച്ചു. 91 പോയിന്റുമായി തൃശൂര്‍ രണ്ടാമതെത്തി. ആലത്തൂര്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഹൈസ്‌കൂള്‍ വിഭാഗത്തിലെ ചാംപ്യന്‍പട്ടം ഇവര്‍ക്കു സ്വന്തമാണ്. സ്‌കൂളുകളില്‍ കൊല്ലം പാരിപ്പള്ളി എഐഎച്ച്എസ് ഒന്നാമതെത്തി. ഇടുക്കി എംഎംഎച്ച്എസിനാണ് രണ്ടാംസ്ഥാനം. അറബിക് സാഹിത്യോല്‍സവത്തില്‍ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം ജില്ലകള്‍ 95 പോയിന്റുമായി സംയുക്ത ജേതാക്കളായി. പാലക്കാട് ജില്ലാ കലോല്‍സവത്തിലെ പോയിന്റ് നിലയില്‍ മുന്നിട്ടുനില്‍ക്കുന്നത്  ആലത്തൂ ര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബലത്തിലാണ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ പരിശ്രമമാണ് എല്ലാകാലത്തും ഈ സ്‌കൂളിനെ കലോല്‍സവത്തിന്റെ തലസ്ഥാനമാക്കി മാറ്റുന്നത്. 203 വിദ്യാര്‍ഥികളാണ് സ്‌കൂളിനു വേണ്ടി കണ്ണൂരില്‍ മല്‍സരിച്ചത്. ഇവരില്‍ 119 പേര്‍ പെണ്‍കുട്ടികളാണ്. അവരില്‍ തന്നെ 10 പേര്‍ മാത്രമാണ് അപ്പീലിലൂടെ വന്നത്. ശേഷിക്കുന്നവരെല്ലാം ജില്ലാതലത്തിലെ ഒന്നാംസ്ഥാനക്കാരാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 110 പേരും ഹയര്‍ സെക്കന്‍ഡറിയില്‍ 93 വിദ്യാര്‍ഥികളും മല്‍സരിച്ചു. വിജയം ഏറെ ആഹ്ലാദം പകരുന്നതായി സ്‌കൂള്‍ കോ-ഓഡിനേറ്റര്‍ രഞ്ജിത് പറഞ്ഞു. മല്‍സരാര്‍ഥികള്‍ക്കു പിന്തുണയുമായി പൂര്‍വവിദ്യാര്‍ഥികളും രംഗത്തെത്തി. സ്‌കൂളിലെ അധ്യാപകരാണ് രചനാമല്‍സരങ്ങളുടെ പരിശീലകര്‍. ഓരോ അധ്യാപകനും പ്രത്യേകം ചുമതലകള്‍ വിഭജിച്ചുനല്‍കി. പഠനത്തിന് തടസ്സം വരാത്ത രൂപത്തില്‍ എല്ലാ ദിവസവും അവധിദിനങ്ങളിലും കലാപരിശീലനം സ്‌കൂളില്‍ നടക്കാറുണ്ട്. സ്‌കൂള്‍ പ്രവൃത്തിദിവസങ്ങളില്‍ രണ്ടുമണിക്കൂര്‍ പരിശീലനം നിര്‍ബന്ധമാണ്. അവധിക്കാലങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. സംഘ ഇനങ്ങളില്‍ പുറത്തുനിന്നുള്ള പ്രമുഖരെ പരിശീലകരായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂരക്കളി, മോണോ ആക്ട്, മൈം, ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, ഗാനമേള, മിമിക്രി എന്നിവയ്‌ക്കെല്ലാം വിദഗ്ധരായ പരിശീലകരെ ഏര്‍പ്പെടുത്തി. കലയോടൊപ്പം പഠനത്തിലും ഈ സ്‌കൂള്‍ ഏറെ മുന്നിലാണ്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ നൂറുശതമാനം വിജയം എന്നും സ്‌കൂളിന് കൂട്ടായുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss