|    Jun 25 Mon, 2018 11:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം : രണ്ടാംദിനം മൊഞ്ചേറും കലയൊഴുക്ക്

Published : 18th January 2017 | Posted By: fsq

 

കണ്ണൂര്‍: മൊഞ്ചേറും മണവാട്ടികളുടെ ഇശലുകള്‍ക്കൊപ്പം നൃത്ത-നാട്യങ്ങളുടെ കലയൊഴുക്കും രചനാവൈവിധ്യങ്ങളുടെ മനോഹാരിതയും ഒത്തിണങ്ങിയ രണ്ടാംനാളില്‍ പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് കോട്ടയം ജില്ലകള്‍ ഒപ്പത്തിനൊപ്പം. 57ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ 50 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 176 പോയിന്റുമായി പാലക്കാടാണ് ഒന്നാംസ്ഥാത്ത്. 174 വീതം പോയിന്റുകളോടെ കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പമുണ്ട്. കോട്ടയത്തിന് 172 പോയിന്റാണുള്ളത്.  രണ്ടാംനാള്‍ അസ്തമിക്കുമ്പോഴും പ്രധാനവേദിയില്‍ ഒപ്പനശീലുകള്‍ക്കു കണ്ണിലും കാതിലും എണ്ണയൊഴിച്ച് കാത്തിരുന്നവരെ കൗമാരപ്രതിഭകള്‍ നിരാശരാക്കിയില്ല. എച്ച്എസ്എസ് വിഭാഗം ഒപ്പനയ്ക്ക് നിറഞ്ഞുകവിഞ്ഞ സദസ്സാണ് ‘നിള’യിലേക്കൊഴുകിയത്. പരമശിവന്റെ പിറന്നാളാഘോഷത്തെ ഓര്‍മിപ്പിച്ച ‘ചന്ദ്രഗിരി’യില്‍ എച്ച്എസ് വിഭാഗം പെണ്‍കുട്ടികളുടെ തിരുവാതിരക്കളിക്കു സദസ്സ് തിങ്ങിനിറഞ്ഞു. മലയാളത്തിന്റെ തനത് ലാസ്യനൃത്തമായ മോഹിനിയാട്ടമാണ് കബനിയുടെ തീരങ്ങളെ കുളിരണിയിച്ചത്. മൂന്നാംവേദിയില്‍ രാവേറും വരെ എച്ച്എസ്എസ് വിഭാഗം മോഹിനിമാര്‍ അരങ്ങുവാണു. തമിഴ്‌നാട്ടില്‍ നിന്നെത്തി മലയാള മനസ്സ് കീഴടക്കിയ ഭരതനാട്യം നാലാംവേദിയായ പമ്പയ്ക്കു നല്‍കിയത് ഭാവാഭിനയങ്ങളുടെ ദര്‍പ്പണരാവ്. കത്തിയാളുന്ന ഉഷ്ണമോ, നഗരക്കുരുക്കിന്റെ അലോസരശബ്ദമോ എച്ച്എസ്എസ് വിഭാഗം തിരുവാതിരയുടെ താളങ്ങള്‍ക്കു വിഘ്‌നമായില്ല. നര്‍മവും ആക്ഷേപഹാസ്യവും മിന്നിമറഞ്ഞ വളപട്ടണം കുഞ്ചന്‍ നമ്പ്യാരുടെ പിന്‍ഗാമികള്‍ക്ക് കലാകേരളത്തില്‍ ഒട്ടുംകുറവില്ലെന്ന് അരക്കിട്ടുറപ്പിച്ചു. ലളിതവേഷവും സാമൂഹിക വിമര്‍ശനമടങ്ങിയ പാട്ടുകളും അംഗചലനങ്ങളും കൂടിയായതോടെ പെണ്‍കുട്ടികളുടെ എച്ച്എസ്എസ് വിഭാഗം ഓട്ടന്‍തുള്ളലില്‍ ആസ്വാദകര്‍ നിര്‍വൃതിയിലാണ്ടു. മിമിക്രി, തിരുവാതിര, മാര്‍ഗംകളി, ചാക്യാര്‍ കൂത്ത് എന്നിവയെല്ലാം ഇന്ന് അരങ്ങുണര്‍ത്തുന്നതോടെ വേദികള്‍ പൂരപ്പറമ്പിനു വഴിമാറുമെന്നുറപ്പ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss