|    Oct 22 Mon, 2018 6:39 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് നാളെ അരങ്ങുണരും

Published : 15th January 2017 | Posted By: fsq

gl-p12-kalolsavam-logo-copy

കണ്ണൂര്‍: തറികളുടെയും തെയ്യങ്ങളുടെയും ജന്മനാട്ടില്‍ വിരുന്നെത്തിയ കൗമാര കലാ മാമാങ്കത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ സായന്തനത്തില്‍ കണ്ണൂരിന്റെ മണ്ണിലും മനസ്സിലും സകലകലയുടെ മാരിവില്ല് വിരിയും. മലയാളത്തിന് ഇനി ഏഴു രാപകലുകള്‍ മഹാമേളയുടെ ഉല്‍സവ ലഹരി. കൈരളിയുടെ ജീവനാഡിയായ 20 നദികളുടെ പേരുകളില്‍ അറിയപ്പെടുന്ന വേദികളില്‍ കണ്‍കുളിര്‍ക്കെ പ്രതിഭകളുടെ പകര്‍ന്നാട്ടം പ്രകടമാവും. ഏഷ്യ വന്‍കരയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ 57ാം പതിപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നുമെത്തുന്ന ആയിരക്കണക്കിന് മല്‍സരാര്‍ഥികളെയും രക്ഷിതാക്കളെയും പരിശീലകരെയും അധ്യാപകരെയും കലാസ്വാദകരെയും വരവേല്‍ക്കാന്‍ കലോല്‍സവനഗരി സുസജ്ജമായതായി സംഘാടകര്‍ അറിയിച്ചു. നാളെ രാവിലെ 9.30ന് പ്രധാന വേദിയായ നിളയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വകുപ്പുമേധാവികള്‍ പങ്കെടുക്കും. 57ാമത് കലോല്‍സവത്തെ പ്രതിനിധീകരിച്ച് 57 സംഗീത അധ്യാപകര്‍ സ്വാഗതഗാനം ആലപിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് 2.30ന് സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്ന് വര്‍ണാഭമായ ഘോഷയാത്ര ആരംഭിക്കും. കണ്ണൂരിന്റെ കലാ-സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ദൃശ്യങ്ങള്‍ വിസ്മയം പകരും. ഉദ്ഘാടനച്ചടങ്ങിനുശേഷം വൈകീട്ട് ആറിന് പ്രധാനവേദി ഉള്‍പ്പെടെ ഒമ്പതു വേദികളില്‍ വിവിധ മല്‍സരങ്ങള്‍ അരങ്ങേറും. 22നു വൈകീട്ട് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ കലോല്‍സവത്തിന്റെ സ്വര്‍ണക്കപ്പിന് ജില്ലയില്‍ വരവേല്‍പ് നല്‍കി. ജേതാക്കള്‍ക്ക് സമ്മാനിക്കുന്ന 117.5 പവന്‍ സ്വര്‍ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ മാഹിപ്പാലത്ത് സംഘാടക സമിതി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, അഡീഷനല്‍ ഡയറക്ടര്‍ ജെസി ജോസഫ്, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ ടി ശശി  സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss