|    Jan 19 Thu, 2017 2:00 am
FLASH NEWS

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ 30,31 തിയ്യതികളില്‍ യോഗം

Published : 27th December 2015 | Posted By: SMR

തിരുവനന്തപുരം: ജനുവരി 19ന് തലസ്ഥാനത്ത് ആരംഭിക്കുന്ന 56 ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിലയിരുത്തലിനായി ഈമാസം 30,31 തിയ്യതികളില്‍ ഡിപിഐയുടെ നേതൃത്വത്തില്‍ യോഗം ചേരും. മല്‍സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ച് ഏറെക്കുറെ തീരുമാനമായെങ്കിലും മല്‍സര ഇനങ്ങള്‍ക്കായുള്ള വേദികളുടെ തരംതിരിക്കല്‍ ആരംഭിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനമാവും.
14 ജില്ലകളില്‍ നിന്നായി 11000 കലാപ്രതിഭകളാണ് കലോല്‍സവത്തില്‍ മല്‍സരിക്കാനെത്തുക. കലോല്‍സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഘോഷയാത്ര 19ന് നടക്കും. വൈകീട്ട് മൂന്നിന് പാളയത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്ര മുഖ്യവേദിയായ പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോല്‍സവത്തിന് തിരി തെളിക്കും. ആദ്യദിവസം ഉദ്ഘാടനസമ്മേളനം മാത്രമേ ഉണ്ടാവു.
എല്ലാ ജില്ലകളില്‍ നിന്നുമായി വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പടെ 25000 പേര്‍ മേളയില്‍ പങ്കെടുക്കും. 224 ഇനങ്ങളിലാണ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ മല്‍സരിക്കുക. 20 വേദികളിലാണ് മല്‍സരങ്ങള്‍ നടക്കുക. 10000 പേരെ ഉള്‍ക്കൊള്ളുന്ന പ്രധാന വേദി പുത്തരിക്കണ്ടത്താണ്. പൂജപ്പുര മൈതാനമായിരിക്കും രണ്ടാമത്തെ വേദി. പ്രധാന മല്‍സരങ്ങള്‍ നടക്കുക ഈ രണ്ട് വേദികളിലായിരിക്കും.
ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന ഊട്ടുപുര തൈക്കാട് പോലിസ് ഗ്രൗണ്ടിലാണ് ഉയരുക. സെന്‍ട്രല്‍ സ്‌റ്റേഡിയമായിരുന്നു ആദ്യം ഇതിനായി ഉദ്ദേശിച്ചിരുന്നെങ്കിലും റിപ്ലബിക് ദിന പരേഡ് കാരണം കലോല്‍സവത്തിന് ലഭിക്കില്ല. തൈക്കാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയിരിക്കും സ്വാഗതസംഘം ഓഫിസ്.
മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ളവ ഇവിടെയായിരിക്കും നടക്കുക. തൈക്കാട് സംഗീത കോളജിന്റെയും ഗവ. വിമന്‍സ് കോളജിന്റെയും ഓഡിറ്റോറിയങ്ങള്‍, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍, സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയം, അധ്യാപക ഭവന്‍, വിജെടി ഹാള്‍, കിഴക്കേകോട്ട കാര്‍ത്തിക തിരുനാള്‍ ഹാള്‍, പ്രിയദര്‍ശിനി ഹാള്‍, കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വഴുതക്കാട് കാര്‍മല്‍ സ്‌കൂള്‍, ഹോളി എയ്ഞ്ചല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പട്ടം സെന്റ് മേരീസ്, മണക്കാട് ഗേള്‍സ് സ്‌കൂള്‍, ഗാന്ധിപാര്‍ക്ക് എന്നിവയായിരിക്കും മറ്റ് വേദികള്‍. ഗാന്ധിപാര്‍ക്കില്‍ സാംസ്‌ക്കാരിക പരിപാടികളായിരിക്കും നടക്കുക. നഗരത്തിലെ 25 സ്‌കൂളുകളിലായിരിക്കും വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യമൊരുക്കുക. പന്തല്‍ നിര്‍മാണം ജനുവരി ആദ്യവാരം തുടങ്ങും.
വിധികര്‍ത്താക്കളെ കണ്ടത്താനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ടാഗോള്‍ തിയേറ്റര്‍ ഒഴിവാക്കിയിട്ടുണ്ട്. സെനറ്റ് ഹാളിന്റെ കാര്യത്തിലും തീരുമാനമാകേണ്ടതുണ്ട്.
അതേസമയം ഹോട്ടലുകളില്‍ കലോല്‍സവത്തിനെത്തുന്നവരുടെ ബുക്കിങ്ങിനായുള്ള തിരക്കാണ്. നഗരത്തിലെ പല ഹോട്ടലുകളും ബുക്കിങ് നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. കലോല്‍സവ ദിനങ്ങളില്‍ വന്‍തുകക്ക് റൂമുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കാനുള്ള നീക്കമാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 113 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക