|    Jan 22 Sun, 2017 9:46 pm
FLASH NEWS

സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം; പോലിസിലെ ക്രിമിനലുകളോട് മൃദുസമീപനം കാണിക്കരുത്: സിപിഎം

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന പോലിസിലെ ക്രിമിനലുകളോട് ഒരുതരത്തിലുമുള്ള മുദുസമീപനവും സര്‍ക്കാര്‍ കാണിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. ക്രിമിനലുകളായ പോലിസുകാരെ സംബന്ധിച്ച് നിലവിലുള്ള റിപോര്‍ട്ടിന്‍മേല്‍ എത്രയുംവേഗം നടപടികള്‍ സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. തങ്ങളുടെ മണ്ഡലങ്ങളില്‍ പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടു പാര്‍ട്ടി എംഎല്‍എമാര്‍ നല്‍കുന്ന ശുപാര്‍ശകള്‍ സെക്രട്ടേറിയറ്റിന്റെ കൂടി പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമേ പരിഗണിക്കാവൂ എന്നും യോഗം നിര്‍ദേശം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും യോഗം വിശകലനം ചെയ്തു. ക്ഷേമ പെന്‍ഷനുകള്‍ സഹകരണബാങ്കുകള്‍ മുഖാന്തരം വിതരണം ചെയാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്തു. വളരെ ഉത്തരവാദിത്തത്തോടുകൂടി നിര്‍വഹിക്കേണ്ട പ്രവൃത്തിയായതിനാല്‍ പാര്‍ട്ടിയില്‍നിന്നും സഹകരണബാങ്കുകളുടെ ചുമതലയുള്ള നേതാക്കള്‍ പെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓണത്തിനു മുമ്പു കുടിശ്ശികയടക്കം പെന്‍ഷന്‍കാര്‍ക്കു ലഭിക്കാനുള്ള മുഴുവന്‍ തുകയും ബന്ധപ്പെട്ടവരുടെ കൈകളിലെത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
അതേസമയം, കെ എം മാണിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിഷയങ്ങളൊന്നും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ല. ബോര്‍ഡ്, കോര്‍പറേഷനുകളിലെ ചെയര്‍മാന്‍മാരെ സംബന്ധിച്ചു നേരത്തേ സിപിഎം സെക്രട്ടേറിയറ്റ് കൈക്കൊണ്ട തീരുമാനങ്ങള്‍ കര്‍ശനമായി പാലിക്കും. പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ തലപ്പത്തു പരിചയസമ്പന്നരേയും പാര്‍ട്ടി നേതൃത്വത്തിലുള്ളവരേയും പരിഗണിക്കും. എന്നാല്‍, വിജയകുമാറിനെ കെടിഡിസിയുടെ ചെയര്‍മാനാക്കിയതില്‍ സിപിഎം ഔദ്യോഗിക വിഭാഗത്തില്‍ കടുത്ത ഭിന്നതയുണ്ടായിട്ടുണ്ട്. പിണറായിയുമായി അടുപ്പമുള്ള തിരുവനന്തപുരം ജില്ലയിലെ നേതാക്കളാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയിലും സര്‍ക്കാരിലും ചിലര്‍ സ്ഥിരമായി അധികാരസ്ഥാനത്തിരിക്കുന്നതു നല്ല കീഴ്‌വഴക്കമല്ലെന്ന അഭിപ്രായക്കാരാണ് ഇവര്‍ക്കുള്ളത്.
ഈ മാസം 30നു ചേരുന്ന എല്‍ഡിഎഫ് യോഗത്തിനു ശേഷമേ മുന്നണിയില്‍പ്പെട്ട മറ്റു പാര്‍ട്ടികള്‍ക്കു നല്‍കേണ്ട ബോര്‍ഡ്, കോര്‍പറേഷനുകളെ സംബന്ധിച്ചു തീരുമാനമെടുക്കൂ. രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും തുടരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക