|    Apr 19 Thu, 2018 3:36 pm
FLASH NEWS

സംസ്ഥാന സെക്രട്ടറിയും മന്ത്രിയും ഉള്‍പ്പടെ എല്ലാ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു

Published : 20th May 2016 | Posted By: SMR

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ആര്‍എസ്പി തകര്‍ന്നടിഞ്ഞു. 1957 ന് ശേഷം ഇതാദ്യമായാണ് കേരള നിയമസഭയില്‍ ആര്‍എസ്പിയുടെ സാന്നിധ്യം ഇല്ലാതാകുന്നത്. സംസ്ഥാന സെക്രട്ടറിയും മന്ത്രിയും ഉള്‍പ്പടെ ദയനീയ പരാജയം രുചിച്ചു. സംസ്ഥാനത്ത് മല്‍സരിച്ച അഞ്ച് മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും ശക്തമായ മല്‍സരം കാഴ്ചവയ്ക്കാന്‍ ആര്‍എസ്പിക്കായില്ല. സിറ്റിങ് സീറ്റുകളായ ചവറ, ഇരവിപുരം, കുന്നത്തൂര്‍ എന്നിവയ്ക്ക് പുറമെ തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചത്. എന്നാല്‍ ഷിബു ഒഴികെ മറ്റ് സ്ഥാനാര്‍ഥികളെല്ലാം 20,000 മുതല്‍ 40,000 വരെ വോട്ടിന്റെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.
ഇരവിപുരത്ത് നാലാം വിജയം തേടിയിറങ്ങിയ സംസ്ഥാന സെക്രട്ടറി എ എ അസീസിന് ദയനീയ പരാജയമാണ് നേരിട്ടത്. 28803 വോട്ടിന് സിപിഎമ്മിലെ എം നൗഷാദാണ് ഇവിടെ വിജയിച്ചത്. 2006ല്‍ 24049 വോട്ടിനും 2011ല്‍ 8012 വോട്ടിനും ഇവിടെ നിന്നും വിജയിച്ച എ എ അസീസിന് ഇത്തവണ 36589 വോട്ടുകള്‍ മാത്രമെ നേടാനായുള്ളു.
ചവറയില്‍ സിഎംപിയിലെ എന്‍ വിജയന്‍പിള്ളയോട് 6189 വോട്ടിനാണ് മന്ത്രിയായ ഷിബു ബേബിജോണ്‍ പരാജയപ്പെട്ടത്. വിജയന്‍പിള്ളയ്‌ക്കെതിരേ പേയ്‌മെന്റ് സീറ്റ് വിവാദം ഉള്‍പ്പടെ ഉണ്ടായിട്ടും അതൊന്നും മുതലാക്കാന്‍ കഴിയാതെ പോയതാണ് ഷിബുവിന് തിരിച്ചടിയായത്. കൈയ്പ്പമംഗലത്ത് 33440 വോട്ടിനാണ് ആര്‍എസ്പിയിലെ എം ടി മുഹമ്മദ് നഹാസ് പരാജയപ്പെട്ടത്. സിപിഐയിലെ ഇ ടി ടൈസണ്‍ മാസ്റ്ററാണ് ഇവിടെ വിജയിച്ചത്. ആറ്റിങ്ങലില്‍ ആര്‍എസ്പിയിലെ കെ ചന്ദ്രബാബുവിനെ സിപിഎമ്മിലെ ബി സത്യന്‍ 40383 വോട്ടിന് പരാജയപ്പെടുത്തി.
എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആര്‍എസ്പി വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയ കോവൂര്‍ കുഞ്ഞുമോന്‍ കുന്നത്തൂരില്‍ നിന്നും വിജയിച്ചു. ആര്‍എസ്പി സ്ഥാനാര്‍ഥിയും ബന്ധുവുമായ ഉല്ലാസ് കോവൂരിനെതിരേ 20529 വോട്ടിന്റെ ആധികാരിക ജയമാണ് കുഞ്ഞുമോന്‍ നേടിയത്. പാര്‍ട്ടിക്ക് ഏറെ സ്വാധീനമുണ്ടായിരുന്ന കൊല്ലം ജില്ലയിലെ തോല്‍വി ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ തിരിച്ചടിയാണ്. ഇത് പാര്‍ട്ടിയുടെ അടിത്തറയിളക്കിയേക്കും.
2014 പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെയാണ് ആര്‍എസ്പി ഇടത് ബാന്ധവം ഉപേക്ഷിച്ച് യുഡിഎഫിലേക്ക് ചേക്കേറിയത്. വിഘടിച്ച് നിന്ന ആര്‍എസ്പികളെല്ലാം ഒന്നായതോടെ പ്രേമചന്ദ്രനെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനായെങ്കിലും പിന്നീട് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ശക്തി കേന്ദ്രങ്ങള്‍ പലതിലും ആര്‍എസ്പി സ്ഥാനാര്‍ഥികള്‍ തോറ്റിരുന്നു. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കൂട്ട തോല്‍വി കൂടിയായതോടെ ആര്‍എസ്പിയുടെ പതനം പൂര്‍ത്തിയായി. രാഷ്ട്രീയ എതിരാളികള്‍ ചവറ മുതല്‍ ചവറ വരെയുള്ള പാര്‍ട്ടി എന്ന് കളിയാക്കി വിളിച്ചിരുന്ന ആര്‍എസ്പി ഇപ്പോള്‍ ചവറയില്‍ പോലും ഇല്ലാതായത് വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിവച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്.
ആര്‍എസ്പിയുടെ വളര്‍ച്ചയും തളര്‍ച്ചയും കണ്ട് കൊല്ലം

കൊല്ലം: രാഷ്ട്രീയപ്പാര്‍ട്ടികള്‍ തഴച്ചു വളരുന്നതിനും തകര്‍ന്ന് വീഴുന്നതിനും സാക്ഷിയായിട്ടുള്ള നാടാണ് കൊല്ലം. ആര്‍എസ്പിയും ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസും തന്നെ ഇതില്‍ പ്രധാനം.
എന്നും ആര്‍എസ്പി പാര്‍ട്ടികളുടെ ഈറ്റില്ലമായിരുന്നു കൊല്ലം. ഔദ്യോഗിക ആര്‍എസ്പിക്ക് വെല്ലുവിളിയായി 1980ലാണ് ആദ്യമായി മറ്റൊരു ആര്‍എസ്പി പാര്‍ട്ടിയുണ്ടാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി നേതാവ് എന്‍ ശ്രീകണ്ഠന്‍ നായരുടെ തോല്‍വിയെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളായിരുന്നു ആര്‍എസ്പി (എസ്) ന്റെ രൂപീകരണത്തിന് കാരണമായത്. ഒടുവില്‍ ശ്രീകണ്ഠന്‍ നായരുടെ മരണ ശേഷം നേതാക്കള്‍ പലരും മാതൃസംഘടനയിലേയ്‌ക്കോ മറ്റ് പാര്‍ട്ടികളിലേയ്‌ക്കൊ തിരിച്ച് പോയതോടെ ആര്‍എസ്പി എസ് ഇല്ലാതായി.
കോണ്‍ഗ്രസിലെത്തുകയും കരുണാകരന്റെ വിശ്വസ്ഥനായി തീരുകയും ചെയ്ത കടവൂര്‍ ശിവദാസന്‍ മാത്രം ഇതില്‍ അതിജീവിച്ചു. 1999 ല്‍ ബേബി ജോണിന്റെ നേതൃത്വത്തില്‍ ആര്‍എസ്പി (ബി) നിലവില്‍ വന്നു. യുഡിഎഫിനൊപ്പം നിന്ന ആര്‍എസ്പി(ബി) 2005 ല്‍ യുഡിഎഫ് വിടാന്‍ തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബാബു ദിവാകരന്‍ രൂപം നല്‍കിയ പാര്‍ട്ടിയായിരുന്നു ആര്‍എസ്പി(എം). 2008 ല്‍ വീണ്ടും ആര്‍എസ്പി പാര്‍ട്ടി പിളര്‍ന്ന് ആര്‍എസ്പി (ബേബി ജോണ്‍) എന്ന പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കി. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ആര്‍എസ്പി, ആര്‍എസ്പി (ബേബിജോണ്‍) പാര്‍ട്ടികള്‍ ഒന്നാവുകയും എല്‍ഡിഎഫ് മുന്നണിവിട്ട് യുഡിഎഫില്‍ ചേക്കേറുകയും ചെയ്തു. ആര്‍എസ്പി എം സ്ഥാപകന്‍ ബാബു ദിവാകരനും ഈ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാതൃസംഘടനയിലേയ്ക്ക് തിരികെയെത്തി. എന്നാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ പുതിയൊരു ആര്‍എസ്പി പാര്‍ട്ടി രൂപീകരണത്തിനും കൊല്ലം വേദിയായി. അങ്ങനെ ആര്‍എസ്പി ലെനിനിസ്റ്റിനും കൊല്ലം വേദിയായി. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് തുണച്ചത് ആര്‍എസ്പി ലെനിനിസ്റ്റിന് മാത്രമാണ്. ആര്‍എസ്പി ലെനിനിസ്റ്റിന്റെ കോവൂര്‍ കുഞ്ഞുമോന്‍ വിജയിച്ചുകയറിയപ്പോള്‍ ആര്‍എസ്പിയുടെ ഉല്ലാസ് കോവൂര്‍ പരാജയത്തിന്റെ കൈയ്പ്പുനീര്‍ കുടിച്ചു. ഇതോടൊപ്പം സംസ്ഥാന സെക്രട്ടറി എ എ അസീസും മന്ത്രി ഷിബു ബേബിജോണും ഉള്‍പ്പടെ മല്‍സരിച്ച അഞ്ചു സ്ഥാനാര്‍ഥികളും പരാജയപ്പെട്ടതോടെ ആര്‍എസ്പി ഇന്ന് നിലനില്‍പ്പിന് വേണ്ടി കേഴുകയാണ്. അതേസമയം, കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കും കൊല്ലം സാക്ഷിയായിട്ടുണ്ട്. 1964 ല്‍ കോട്ടയത്താണ് കേരളാ കോണ്‍ഗ്രസ് രൂപം കൊണ്ടത്. ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ചയിലെ തര്‍ക്കത്തെ തുടര്‍ന്ന് 1989 ല്‍ കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്തിയാണ് ബാലകൃഷ്ണപിള്ള കേരളാ കോണ്‍ഗ്രസ് (ബി) രൂപീകരിക്കുന്നത്. പിളര്‍ന്ന പാര്‍ട്ടി കൊല്ലം പാര്‍ട്ടിയെന്ന് അറിയപ്പെട്ടു. പുതിയ പാര്‍ട്ടി രൂപീകരിച്ച പിള്ളയുടെ നിയമസഭാ അംഗത്വം റദ്ദാക്കിയെങ്കിലും തുടര്‍ന്ന് മൂന്ന് വട്ടം കൊട്ടാരക്കരയില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 2006 ല്‍ ബാലകൃഷ്ണ പിള്ളയെ കൊട്ടാരക്കരയില്‍ ഐഷാപോറ്റി പരാജയപ്പെടുത്തി. ഇടമലയാര്‍ അഴിമതിക്കേസില്‍ ജയിലിലും കിടന്നു ബാലകൃഷ്ണപിള്ള. കഴിഞ്ഞ വര്‍ഷം മകന്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കൊടുക്കാത്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്ക ത്തിനൊടുവില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെയുള്‍പ്പെടെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ്(ബി) മുന്നണി വിടുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ഇത്തവണത്തെ നിമയസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫുമായി സഹകരിച്ചാണ് മല്‍സരിച്ചത്. പത്തനാപുരത്തെ ജയത്തോടെ ഗണേഷ്‌കുമാര്‍ ഇനി ഒരു പിളര്‍പ്പിന് ശക്തിയില്ലാത്ത കേരള കോണ്‍ഗ്രസ്(ബി)യുടെ പേര് നിലനിര്‍ത്തുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss