|    Jul 16 Mon, 2018 6:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാന ശുചിത്വ മിഷന്‍ മാലിന്യനിര്‍മാര്‍ജന പദ്ധതി പരാജയം

Published : 16th September 2017 | Posted By: fsq

 

ഷാജി  പാണ്ട്യാല

തലശ്ശേരി: സംസ്ഥാനത്തെ മാലിന്യ നിര്‍മാര്‍ജനത്തിനായി ആസൂത്രണം ചെയ്ത ശുചിത്വമിഷന്‍ പദ്ധതി പാടെ പരാജയമാണെന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപോര്‍ട്ട്. സംസ്ഥാനത്തെ മുഴുവന്‍ കോര്‍പറേഷന്‍, നഗരസഭകളിലെ മാലിന്യ നിര്‍മാര്‍ജന പദ്ധതികളും ലക്ഷ്യം കാണുന്നില്ല. ഇതിനായി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റുകള്‍ മിക്കവാറും ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നു കാണിച്ച് ഒരുമാസം മുമ്പാണ് റിപോര്‍ട്ട് നല്‍കിയത്. തലശ്ശേരി നഗരസഭാപരിധിയില്‍ കൊടുവള്ളി വീനസ് ജങ്ഷന്‍, പുതിയ ബസ്സ്റ്റാന്റ്, മല്‍സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റുകള്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. വിശദമായ റിപോര്‍ട്ട് തദ്ദേശവകുപ്പ് വഴി കോര്‍പറേഷന്‍, നഗരസഭകളിലെ സെക്രട്ടറിമാര്‍ക്ക് നേരിട്ട് അയച്ചുകൊടുത്തിട്ടുണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമല്ലാത്ത മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് ജീവന്‍ നല്‍കുന്നതിനുള്ള ഒരു ശ്രമവും കോര്‍പറേഷന്‍, നഗരസഭ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തലശ്ശേരി നഗരസഭയില്‍ 10 വര്‍ഷം മുമ്പാണ് ഉറവിട മാലിന്യ സംസ്‌കരണ കാംപയിന്‍ നടത്തി ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍, പ്ലാന്റ് പ്രാരംഭഘട്ടത്തില്‍ തന്നെ സമ്പൂര്‍ണ പരാജയമാണെന്നു നഗരസഭയിലെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഒരുപോലെ പരാതിപ്പെട്ടിരുന്നു. നഗരമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനു വലിയ ഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചില നഗരസഭകളിലെ സര്‍വകക്ഷിസംഘം മൈസൂരു, ഹൈദരാബാദ് എന്നിവിടങ്ങൡലെ പ്ലാന്റുകള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയെങ്കിലും ഗുണമുണ്ടായില്ല. സംസ്ഥാന ശുചിത്വമിഷന്‍ നഗരസഭകളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കിയെങ്കിലും മാലിന്യസംസ്‌കരണം പുറമ്പോക്ക് ഭൂമികളിലും വഴിയോരത്തുമായി തുടരുകയാണ്. ഇതേ ഘട്ടത്തില്‍ തന്നെയാണ് കക്കൂസ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് കേരളത്തിലെ മുഴുവന്‍ നഗരസഭകളിലും വലിയ വെല്ലുവിളിയായത്. മൂന്നു സെന്റ് ഭൂമിയുള്ളവര്‍ അതില്‍ പണിയുന്ന വീട്ടിലെ മാലിന്യവും സെപ്റ്റിക് ടാങ്കിലെ വിസര്‍ജ്യവും എവിടെ സംസ്‌കരിക്കുമെന്നതിനെക്കുറിച്ച് നഗരസഭകള്‍ക്കോ കോര്‍പറേഷനുകള്‍ക്കോ വ്യക്തമായ നിര്‍ദേശം നല്‍കാന്‍ സംസ്ഥാന ശുചിത്വമിഷന് സാധിച്ചിട്ടില്ല. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിസര്‍ജ്യമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശുചിത്വമിഷന്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നതായും റിപോര്‍ട്ടുണ്ട്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിലവിലിരിക്കെയാണ് മാലിന്യ നിര്‍മാര്‍ജന ആസൂത്രണത്തിന് ശുചിത്വമിഷന്‍ രൂപീകരിക്കുന്നത്. ഒന്നിനു പിറകെ ഒന്നായി ഇത്തരത്തിലുള്ള ബോര്‍ഡും സ്ഥാപനങ്ങളും രൂപീകരിക്കുന്നുവെന്നല്ലാതെ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ശാസ്ത്രീയമോ സമഗ്രമോ ആയ നടപടികള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന വിമര്‍ശനവും കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ടിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss