|    Oct 17 Wed, 2018 12:42 pm
FLASH NEWS

സംസ്ഥാന വനം കായിക മേള ഇന്നു സമാപിക്കും

Published : 8th December 2017 | Posted By: kasim kzm

കണ്ണൂര്‍: സംസ്ഥാന വനം വകുപ്പ് നിയമനങ്ങളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വര്‍ധിപ്പിക്കുമെന്ന് മന്ത്രി അഡ്വ. കെ രാജു. വനം വകുപ്പ് വിവിധ മേഖലകളില്‍ സ്‌പോര്‍ട്‌സ്-ഗെയിംസ് ടീമുകളെ വാര്‍ത്തെടുക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. 25ാമത് സംസ്ഥാന വനം കായിക മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കായികക്ഷമതയ്ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫി സര്‍മാരുടെ പുതിയ ബാച്ചിന് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് നിയമനം നല്‍കുന്നതെന്നും ഇവരില്‍ പകുതിയോളംപേര്‍ വനിതകളാണ്. വനസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല കായികക്ഷമത അനിവാര്യമാണെന്നതിനാലാണ് ആദ്യം തന്നെ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ജീവനക്കാരുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതില്‍ കായികമേള ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് വകുപ്പ് ജീവനക്കാര്‍ക്ക് പരസ്പരം പരിചയപ്പെടാനും അടുത്തറിയാനും ഇത്തരം മേളകള്‍ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി കെ ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമള, കൗണ്‍സിലര്‍മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
കായികമേളയോടനുബന്ധിച്ച് വൈകിട്ട് കലാ സന്ധ്യയും അരങ്ങേറി.കായികമേള ഇന്നു സമാപിക്കാനിരിക്കെ ഇന്നലെ വൈകിട്ട് മല്‍സരം അവസാനിക്കുമ്പോള്‍ ഈസ്റ്റേണ്‍ സര്‍ക്കിള്‍ 277 പോയിന്റോടെ മുന്നില്‍. അത്‌ലറ്റ്‌സില്‍ 80 ഉം ഗെയിംസ് 187 പോയിന്റും നേടി. 251 പോയിന്റോടെ നോര്‍ത്തേണ്‍ സര്‍ക്കിളാണ് രണ്ടാംസ്ഥാനത്ത്. ഗെയിംസില്‍ 186ഉം അത്‌ലറ്റ്‌സില്‍ 65 നേടിയുണ്ട്. 199 പോയിന്റോടെ സൗത്തേണ്‍ സര്‍ക്കിളിനാണ് മൂന്നാംസ്ഥാനം. 141 പോയിന്റോടെ ഹൈറേഞ്ച് സര്‍ക്കിളാണ് തൊട്ടു പിന്നില്‍. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം, കണ്ണൂര്‍ സര്‍വകലാശാല സ്റ്റേഡിയം, കണ്ണൂര്‍ എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ട്, ഹൈഫൈവ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. വനം വകുപ്പിലെ അഞ്ചു സര്‍ക്കിളുകളിലെ ജീവനക്കാര്‍ക്ക് പുറമെ കേരള ഫോറസ്റ്റ് ഡവല്‌മെന്റ് കോര്‍പറേഷന്‍, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ 850ഓളം താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss