|    Jan 17 Tue, 2017 3:32 am
FLASH NEWS

സംസ്ഥാന ബജറ്റ്: ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെയും ആരോഗ്യമേഖലയെയും മറന്നതായി ആക്ഷേപം

Published : 10th July 2016 | Posted By: SMR

മുക്കം:സംസ്ഥാന ബജറ്റില്‍ മലയോര വികസനത്തിനുതകുന്ന വിവിധ പദ്ധതികള്‍ ഉണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ ദുരിതബാധിതരേയും തിരുവമ്പാടിയിലെ മൂന്നു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളേയും മറന്നതായി ആക്ഷേപം.
2012 ജൂലൈ 12നുണ്ടായ പുല്ലൂരാംപാറ ഉരുള്‍പൊട്ടലില്‍ നിരവധി കുടുംബങ്ങളാണ് സര്‍വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നത്. പോകാനൊരിടമില്ലാത്ത ഈ കുടുംബങ്ങള്‍ക്ക് ആശ്വാസമായ യാതൊരു നടപടികളും ഉണ്ടായില്ല.
മലയോര മേഖലയില്‍ ഡിഫ്തീരിയയും ഡെങ്കിപ്പനിയും അടക്കം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും മണ്ഡലത്തിലെ മൂന്നു കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളെ കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശ പടര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ തന്നെ ഏറ്റവുമധികം ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തതും ഇത്തവണ നിരവധി പേര്‍ക്ക് റിപോര്‍ട്ട് ചെയ്തതും മുക്കം സിഎച്ച്‌സിക്ക് കീഴിലാണ്. ആദിവാസികള്‍ അടക്കം നിരവധി പേര്‍ ആശ്രയിക്കുന്ന ഈ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നത് കാലങ്ങളായുളള ആവശ്യമാണ്. എന്നാല്‍, ഇതിനൊന്നും ബജറ്റില്‍ തുക മാറ്റിവെച്ചിട്ടില്ല. ചെറുവിട സിഎച്ച്‌സിക്ക് കീഴില്‍ ആണ് ഇത്തവണ ഒരു ഡിഫ്തിരിയ മലയോര മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇവിടെയും കിടത്തി ചികില്‍സയടക്കം ഇനിയും ആരംഭിച്ചിട്ടില്ല. ഈ ആശുപത്രിയേയും ബജറ്റ് അവഗണിക്കുകയായിരുന്നു. ഇത്തവണ മലയോര മേഖലയില്‍ ആദ്യമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത കോടഞ്ചേരി സിഎച്ച്‌സിക്ക് കീഴില്‍ രണ്ടു പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യമില്ലായ്മ കാരണം ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ ഇതിന് പരിഹാരമായി യാതൊരു നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ല എന്നതും വസ്തുതയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക