|    Jun 24 Sun, 2018 5:09 am
FLASH NEWS

സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കുന്ന ആദ്യ സംവിധായിക

Published : 20th March 2017 | Posted By: mi.ptk

 

Vidhu2കെ പി മുനീര്‍
ക്കൂസ്‌കുഴി തോണ്ടുന്ന തൊട്ടുകൂടായ്മയുടെ ഇരകളായ തോട്ടികളുടെ ജീവിതം ആവിഷ്‌കരിക്കുന്ന സിനിമയാണ് ‘മാന്‍ഹോള്‍’. മലയാള സിനിമാചരിത്രത്തിലാദ്യമായി മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ഈ സിനിമയിലൂടെ ഒരു വനിതയെ തേടിയെത്തിയിരിക്കുന്നു. ഇത്തവണത്തെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും ‘മാന്‍ഹോളി’നാണ്. സര്‍ക്കാരിന്റെ കണക്കുകളില്‍പ്പെടാത്ത, പൊതുസമൂഹത്തില്‍ നിന്ന് അവഗണന മാത്രം നേരിടുന്ന ആ സമൂഹം ഒടുവില്‍ പണിയായുധങ്ങള്‍ കളഞ്ഞ് ജോലി അവസാനിപ്പിക്കുമ്പോള്‍ സിനിമയും അവസാനിക്കുന്നു. സംവിധായിക വിധു വിന്‍സെന്റ് സംസാരിക്കുന്നു.
എന്റെയും സഹപ്രവര്‍ത്തകരുടെയും പരിശ്രമം അംഗീകരിക്കപ്പെട്ടതില്‍ ആഹ്ലാദമുണ്ട്. മുഖ്യധാരാ സിനിമകളുടെ മല്‍സരത്തിനിടയില്‍ ‘മാന്‍ഹോളി’ന് അംഗീകാരം കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ബജറ്റില്‍ സിനിമയെക്കുറിച്ചുള്ള പ്രത്യേക പരാമര്‍ശമുണ്ടായി എന്നതും സിനിമയുടെ പ്രമേയം ഉള്‍ക്കൊണ്ട് 10കോടി രൂപ മാറ്റിവച്ചതും അംഗീകാരമായി കാണുന്നു. ഭരണകൂടം ഇതുവരെ കണ്ണടച്ച ഒരു വിഷയം കാണുകയും അംഗീകരിക്കുകയും ചെയ്തതില്‍ സംതൃപ്തിയുണ്ട്; സമൂഹത്തെ ചലിപ്പിക്കുന്ന ഉപകരണമായി എന്റെ സിനിമ മാറിയതിലും.
‘മാന്‍ഹോള്‍’ നിര്‍മിച്ചത് അച്ഛന്റെ (എം പി വിന്‍സെന്റ്) പെന്‍ഷന്‍ കാശ് വരെ ഉപയോഗിച്ചാണ്. ഇപ്പോഴും പലര്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ല. അവാര്‍ഡ് തുക കിട്ടിയിട്ടു വേണം കടം തീര്‍ക്കാന്‍. പെണ്‍മക്കളുടെ ‘തോന്ന്യാസ’ത്തിനു പിന്തുണ നല്‍കുന്ന അച്ഛന്‍മാര്‍ കുറവാണ്. തിരക്കഥാകൃത്ത് ഉമേഷ് ഓമനക്കുട്ടനോടും കടപ്പാടുണ്ട്. മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ കണ്ട ദൈന്യം നിറഞ്ഞ കാഴ്ചകളാണ് സിനിമയിലെത്തിച്ചത്. നേരത്തേ ഇതേ വിഷയത്തെക്കുറിച്ച് ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്ററി ചെയ്തിരുന്നു. ഞങ്ങളുടേത് ഒരു ചെറിയ തുടക്കമായിരുന്നു. ചെറിയ ടീമുമായിരുന്നു. പ്രതിഫലം പോലും പറ്റാതെയാണ് പലരും പ്രയത്‌നിച്ചത്.

അസ്വസ്ഥതയുടെ ആവിഷ്‌കാരം
സമൂഹത്തെ ചലിപ്പിക്കാനുള്ള ഒരു ഉപകരണം എന്ന നിലയിലാണ് ഞാന്‍ സിനിമയെ കാണുന്നത്. വൈകാരിക തീവ്രതയുള്ള അത്തരത്തിലുള്ള ഒരു പ്രശ്‌നം ജനങ്ങള്‍ക്കു മുന്നിലേക്കു കൊണ്ടുവരുകയാണ് സിനിമയുടെ ദൗത്യം തന്നെ. സിനിമയുടെ കലാംശം നിശ്ചയിക്കുന്നത് അതിന്റെ പ്രമേയമാണ്. ‘ചട്ടി ചൂടായിക്കിടക്കുകയാണോ എന്നാല്‍ ഞാനും ഒരു ദോശ ചുടട്ടെ’ എന്ന  ദ്വയാര്‍ഥ പ്രയോഗത്തിലുള്ള ഡയലോഗുകള്‍ കേട്ട് ആര്‍ത്തു ചിരിക്കുകയും കൈയടിക്കുകയും ചെയ്യുന്ന ഒരു ഈസ്‌തെറ്റിക്‌സാണ് മുഖ്യധാരാ സിനിമ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനകത്ത് നഗ്നമായ സ്ത്രീവിരുദ്ധതയുണ്ട്. ദലിത് വിരുദ്ധതയുണ്ട്. ആ പ്രവണത പിന്തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ജനങ്ങളോട് ഒരു വിഷയം അവതരിപ്പിക്കാനുണ്ടെങ്കില്‍ ചിലപ്പോള്‍ അത് ഡോക്യുഫിക്ഷനോ ഫീച്ചര്‍ ഫിലിമോ ആവാം. എനിക്കു പറയാനുളള കാര്യം നാളെ അവതരിപ്പിക്കുന്നത് മറ്റൊരു മാധ്യമത്തിലൂടെയും ആവാം.
‘മാന്‍ഹോള്‍’ വൈകാതെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനാവുമെന്നു കരുതുന്നു. അവാര്‍ഡ് സിനിമ എന്ന് മുദ്രകുത്തപ്പെട്ടാല്‍ പിന്നെ തിയേറ്ററില്‍ പ്രദര്‍ശനം നടത്താന്‍ ആരും തയ്യാറാവില്ല. അവതരിപ്പിച്ച വേദികളിലെല്ലാം നല്ല അഭിപ്രായമാണ് കിട്ടിയിട്ടുള്ളത്. സിനിമ കണ്ട് കാണികള്‍ പൊട്ടിച്ചിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അതവരെ അസ്വസ്ഥരാക്കണമെന്നാണെന്റെ ആഗ്രഹം. സിനിമ ഉന്നയിക്കുന്ന വിഷയം പൊതുസമൂഹം ഏറ്റെടുക്കണം. ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും സമൂഹമാണ്.

വീട്ടില്‍ നിന്നുള്ള തന്റേടം
പുരുഷന്‍മാര്‍ ആധിപത്യം പുലര്‍ത്തുന്ന സിനിമാമേഖലയിലേക്ക് കടന്നുചെല്ലാനുള്ള ആത്മവിശ്വാസം കിട്ടിയത് വീട്ടില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും ആണ്. ലോകത്തെ എങ്ങനെ അഭിമുഖീകരിക്കണം, എങ്ങനെ ലോകത്തോട് സംസാരിക്കണം, എങ്ങനെ നട്ടെല്ല് നിവര്‍ത്തിനില്‍ക്കണം, എങ്ങനെ തന്റേടത്തോടെ ജീവിക്കണം എന്നൊക്കെ കുട്ടികള്‍ക്ക് പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്കു കാണിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കാവണം. ആണ്‍കുട്ടികളോടൊന്നിച്ച് തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കാനും പ്രവര്‍ത്തിക്കാനുമൊക്ക പ്രാഥമികമായി പരിശീലനം കിട്ടേണ്ടത് വീട്ടില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമൊക്കെയാണ്.

2

പിറകോട്ടടിക്കുന്ന സ്വത്വരാഷ്ട്രീയം
സ്വത്വരാഷ്ട്രീയം പോസ്റ്റ് മോഡേണിസം കൊണ്ടുവന്ന ഒരാശയമായിരുന്നു. ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലുമൊക്കെ വംശീയ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അത് ഏതു രീതിയിലാണോ ഉണര്‍വുണ്ടാക്കുകയും ഒരു പരിധിവരെ മുന്നോട്ടു നയിക്കുകയും ചെയ്തത്, അതുപോലെ തന്നെ ഒരു പിറകോട്ടു പോക്കിനും കാരണമായിട്ടുണ്ട്. കേരളത്തിലെ സ്വത്വരാഷ്ട്രീയവാദികള്‍ മുന്നോട്ടുവയ്ക്കുന്ന ചില ആശയങ്ങളെങ്കിലും ഈ രീതിയില്‍ പിറകോട്ടടിക്ക് കാരണമായിട്ടുണ്ട്. തമിഴ്‌നാട് കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ ജാതി ഊരുകളിലും ദുരഭിമാന കൊലകള്‍ നടക്കുന്ന ഇടങ്ങളിലും മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദലിത് സമരങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നതു നന്നായി മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദലിതര്‍ക്കുവേണ്ടി നിലയുറപ്പിച്ച ചരിത്രമുണ്ട്. എന്നാല്‍ അതിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടുപോയി എന്നത് പാര്‍ട്ടിയടക്കം നടത്തുന്ന സ്വയംവിമര്‍ശനമാണ്. അത്തരം തുടര്‍ച്ചകളുടെ അഭാവമാണ് ‘മാന്‍ഹോളി’ല്‍ കാണുന്നതുപോലുള്ള സംഗതികള്‍ പ്രബലമായി വരാന്‍ കാരണം. പിന്നിട്ട് പോന്ന ആ ഭാവുകത്വത്തിലേക്കു തിരിച്ചുപോവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും  മുഖ്യധാരാ പാര്‍ട്ടികള്‍ക്കും കഴിഞ്ഞാല്‍ ദലിത് പ്രശ്‌നത്തെയും സംബോധന ചെയ്യാനാവും.

‘അമ്മ’യ്ക്ക് ഒരു സ്ത്രീബദല്‍
നടിയുടെ പീഡനവാര്‍ത്ത പുറത്തു വന്നപ്പോള്‍ അവര്‍ ഇനി വൈകീട്ടും രാത്രിയിലും ഒറ്റയ്ക്കു യാത്ര ചെയ്യേണ്ട എന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് പല ‘അമ്മ’ ഭാരവാഹികളില്‍ നിന്നുണ്ടായത്. സൗമ്യ എന്തിന് ഒറ്റയ്ക്ക് യാത്ര ചെയ്തു, ജിഷ എന്തിന് ഒറ്റയ്ക്ക് വീട്ടിലിരുന്നു എന്നൊക്കെ ചോദിക്കുന്ന പൊതുബോധത്തിന് സമാനമാണ് ഈ നിലപാട്. ഇത്തരത്തിലുള്ള സംരക്ഷണമാണ് ‘അമ്മ’ നല്‍കാനുദ്ദേശിക്കുന്നതെങ്കില്‍ ആ സംരക്ഷണം വേണ്ട എന്നു പറയാന്‍ തന്റേടമുള്ള സ്ത്രീകള്‍ മലയാള സിനിമയിലുണ്ട്. ഇത്തരം നിലപാടാണ് അമ്മ ഇനിയും തുടരുന്നതെങ്കില്‍ അമ്മയ്ക്ക് ഒരു സ്ത്രീബദല്‍ ഉണ്ടാവേണ്ടതുമുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകളുടെതായ ഒരു സംഘടനയുടെ സാധ്യതയെക്കുറിച്ച് ഈ രംഗത്തെ ചില സ്ത്രീകളെങ്കിലും ബോധവതികളാവുകയും അതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നുണ്ട്. സമീപ ഭാവിയില്‍ സ്ത്രീകളുടെ ഒരു കൂട്ടായ്മ ഉണ്ടാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss