|    Jul 17 Tue, 2018 1:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് : കുതിച്ച് കുതിച്ച് പാലക്കാട്

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: 61-ാമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലെ രണ്ടാം ദിനത്തില്‍ പാലക്കാടന്‍ കാറ്റിന്റെ ശൗര്യം പ്രകടം. 83 ഫൈനലുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 17 സ്വര്‍ണവും 16 വെള്ളിയും 12 വെങ്കലവുമടക്കം 331. 5 പോയന്റുമായി പാലക്കാട്  മുന്നിലെത്തി. മേളയുടെ ആദ്യദിനത്തില്‍ മികച്ച മുന്നേറ്റം നടത്തിയ ആതിഥേയരായ തിരുവനന്തപുരം 295. 5  പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  15 സ്വര്‍ണവും 16 വെള്ളിയും അത്രതന്നെ വെങ്കലവുമായി 317. 5 പോയിന്റുമായി എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. മേളയുടെ രണ്ടാം ദിനത്തില്‍ അഞ്ച് മീറ്റ് റെക്കോഡുകള്‍ പിറന്നു. ആദ്യദിനത്തില്‍ ഏഴ് മീറ്റ് റെക്കോഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു. ഇന്നലെ പെണ്‍കുട്ടികളുടെ അണ്ടര്‍ 16 ഷോട്ട്പുട്ടില്‍ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ സ്റ്റീപ്പിള്‍ ചേസില്‍ പാലക്കാടിന്റെ ജി ഗായത്രി, പോള്‍വാള്‍ട്ടില്‍ പാലക്കാടിന്റെ എ സി നിവ്യ ആന്റണി, അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ തിരുവനന്തപുരത്തിന്റെ മേഘാദ്രി റോയി, അണ്ടര്‍ 20 ആണുങ്ങളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ തൃശൂരിന്റെ ബിബിന്‍ ജോര്‍ജ് എന്നിവരാണ് പുതിയ റെക്കോഡ് സ്വന്തമാക്കിയത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അത്‌ലറ്റിക് മീറ്റില്‍ ആദ്യദിനത്തില്‍ പോള്‍വാള്‍ട്ടില്‍ നിവ്യ ആന്റണി 3. 50 മീറ്റര്‍ ഉയരം താണ്ടി റെക്കോഡിട്ടു. 2016ല്‍ നിവ്യതന്നെ കുറിച്ച 3. 40 മീറ്ററിന്റെ റെക്കോഡാണ് നിവ്യ മറികടന്നത്. ഷോട്ട് പുട്ടില്‍ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി 12. 61 മീറ്റര്‍ എറിഞ്ഞ് പുതിയ ദൂരം കുറിച്ചു. കഴിഞ്ഞ വര്‍ഷം തന്റെ തന്നെ 12. 01മീറ്റര്‍ എന്ന റെക്കോഡാണ് കെസിയ മറികടന്നത്. 2003ല്‍ ലോങ് ജംപില്‍ കൊല്ലത്തിന്റെ വിഎസ് വിനീത് സ്ഥാപിച്ച 6.18 മീറ്ററിന്റെ റെക്കോഡ്് തിരുവനന്തപുരത്തിന്റെ മേഘാദ്രി റോയി 6. 47 മീറ്റര്‍ ചാടി മറികടന്നു. കഴിഞ്ഞ വര്‍ഷം 2000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ കോട്ടയത്തിന്റെ നിബിയ ജോസഫ് സ്ഥാപിച്ച 7. 42 മിനിട്ട് തിരുത്തി കുറിച്ച് പാലക്കാടിന്റെ ജി ഗായത്രി 7. 41 മിനിട്ടില്‍ പുതിയ ചരിത്രമെഴുതി. 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസ് 9. 36 മിനിട്ടില്‍ ലക്ഷ്യസ്ഥാനത്തെത്തി തൃശൂരിന്റെ ബിബിന്‍ ജോര്‍ജ് മൂന്നുവര്‍ഷം മുമ്പ് തിരുവനന്തപുരം സ്വദേശി ഷിജോ രാജന്‍ 9. 45 മിനിട്ടില്‍ സ്ഥാപിച്ച റെക്കോഡ് മറികടന്നു. മീറ്റിന്റെ അവസാന ദിനമായ ഇന്ന് 38 ഫൈനലുകളാണ് നടക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss