|    Jan 21 Sun, 2018 6:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംസ്ഥാന ജീവനക്കാരുടെ ബോണസും ഉല്‍സവബത്തയും വര്‍ധിപ്പിച്ചു

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ബോണസും ഉല്‍സവബത്തയും വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. ബോണസ് ലഭിക്കുന്നതിനുള്ള ശമ്പളപരിധി പുതുക്കിയ സ്‌കെയിലില്‍ 22,000 രൂപയില്‍നിന്ന് 24,000 രൂപയായും പഴയ സ്‌കെയിലില്‍ 21,000 രൂപയില്‍നിന്ന് 23,000 രൂപയായും വര്‍ധിപ്പിക്കും. ബോണസ് ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 3,500 രൂപയില്‍നിന്നും 4,000 രൂപയായി ഉയര്‍ത്തി. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്കുള്ള ഉല്‍സവബത്ത 2400 രൂപയില്‍നിന്ന് 2,750 രൂപയായി ഉയര്‍ത്തി. എല്ലാവിഭാഗത്തില്‍പെട്ട പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉല്‍സവബത്തയായി 1000 രൂപ നല്‍കും. 1000 രൂപയ്ക്കും 1,200 രൂപയ്ക്കുമിടയില്‍ കഴിഞ്ഞവര്‍ഷം ഉല്‍സവബത്ത ലഭിച്ചിരുന്ന സ ര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈവര്‍ഷം 100 രൂപ അധികം നല്‍കും. എക്‌സ്‌ഗ്രേഷ്യാ കുടുംബ പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ ഉല്‍സവബത്ത നല്‍കും.  കേരള സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍, തുടര്‍പെന്‍ഷന്‍ എന്നിവ 10,800 രൂപയില്‍നിന്ന് 11,000 രൂപയായി വര്‍ധിപ്പിച്ചു. സ്വാതന്ത്ര്യസമര പെന്‍ഷന്‍, തുടര്‍ പെന്‍ഷന്‍ എന്നിവ ലഭിക്കുന്നവരുടെ ക്ഷാമബത്ത സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെ നിരക്കുകള്‍ക്ക് തുല്യമായി പരിഷ്‌കരിക്കാനും തീരുമാനിച്ചു. കേരള പ്രവാസിക്ഷേമ  പെന്‍ഷന്‍ ഏകീകൃത നിരക്കില്‍ 2000 രൂപയായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ രണ്ടു നിരക്കിലാണ് കേരള പ്രവാസിക്ഷേമ ബോര്‍ഡ് മുഖേന പെന്‍ഷന്‍ നല്‍കുന്നത്. 300 രൂപ അംശാദായം അടക്കുന്നവര്‍ക്ക് 1000 രൂപയും 100 രൂപ അടക്കുന്നവര്‍ക്ക് 500 രൂപയുമാണ് നിലവില്‍ പെന്‍ഷന്‍. ഇനിമുതല്‍ എല്ലാവര്‍ക്കും 2000 രൂപ ലഭിക്കും. കൃഷിവകുപ്പിനു കീഴിലെ സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനിലെ സ്റ്റാഫ്, ഓഫിസര്‍ വിഭാഗത്തില്‍പെട്ടവരുടെ ശമ്പളം പരിഷ്‌കരിക്കും. പിഎസ്‌സി നടത്തുന്ന ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മികച്ച കായിക താരങ്ങള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്ന കായിക ഇനങ്ങളില്‍ സൈക്ലിങിന്റെ പ്രത്യേക ഇനങ്ങളായ ട്രാക്ക്, റോഡ്, മൗണ്ടന്‍ ബൈക്ക് എന്നിവ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും. രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ (റൂസ) സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറേറ്റില്‍ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത സ്ഥിരം ഫിനാന്‍സ് ഓഫിസറുടെ ഒരു തസ്തിക സൃഷ്ടിക്കും. മണിമലക്കുന്ന് ടി എം ജേക്കബ് മെമ്മോറിയല്‍ ഗവ. കോളജിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയം വികസിപ്പിക്കുന്നതിനുളള 11.5 കോടി രൂപയുടെ പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തും. സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനു കീഴിലെ നിയമനങ്ങള്‍ പിഎസ്‌സി മുഖേന നടത്തുന്നതിന് നിയമം കൊണ്ടുവരും. ഇത് സംബന്ധിച്ച കരട് ബില്ല് മന്ത്രിസഭ അംഗീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day