|    Jan 22 Sun, 2017 9:56 pm
FLASH NEWS

സംസ്ഥാന ചില്‍ഡ്രന്‍സ് ഫെസ്റ്റ് സമാപിച്ചു; തൃശൂരും കോഴിക്കോടും ചാംപ്യന്മാര്‍

Published : 12th April 2016 | Posted By: SMR

കല്‍പ്പറ്റ: കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്നുവന്ന സംസ്ഥാനതല ശിശുമേളയ്ക്ക് ആവേശകരമായ കൊടിയിറക്കം. ഒമ്പത്, 10, 11 തിയ്യതികളിലായി നടന്ന മല്‍സരങ്ങളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 169 പോയിന്റ് നേടി തൃശൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 292 പോയന്റ് നേടി കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോമും ഓവറോള്‍ ചാംപ്യന്മാരായി.
സമാപന സമ്മേളനം ജില്ലാ പോലിസ് മേധാവി എം കെ പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പ്രതിബന്ധങ്ങള്‍ പ്രകൃതി നിയമമാണെന്നും ദിശാബോധത്തോടെ അവയെ തരണം ചെയ്യുകയാണ് ജീവിതത്തില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘കഴിയില്ല’ എന്ന വാക്ക് ഉപേക്ഷിക്കുകയും പരാജയത്തെ വിജയത്തിന്റെ ചവിട്ടുപടിയാക്കുന്ന മനോഭാവം വളര്‍ത്തുകയും ചെയ്യണം. വിജയത്തിന്റെ ലോകപട്ടികയില്‍ സ്ഥാനംപിടിച്ചവരില്‍ ഭൂരിഭാഗം പേരും ജീവിതത്തിന്റെ താഴെത്തട്ടില്‍നിന്നു കഠിനശ്രമം കൊണ്ടും ശുഭാപ്തിവിശ്വാസം കൊണ്ടും മുന്നേറിവന്നവരാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എഡിഎം സി എം മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ്, ഐസിപിഎസ് പ്രോഗ്രാം മാനേജര്‍ എ എസ് ഗണേഷ്‌കുമാര്‍, ആരോഗ്യവകുപ്പ് മാസ് മീഡിയാ ഓഫിസര്‍ ബേബി നാപ്പള്ളി, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വിക്ടര്‍ ജോണ്‍സണ്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കെ സുരേഷ് ബാബു സംസാരിച്ചു.
സാമൂഹികനീതി വകുപ്പിനു കീഴില്‍ ബാലനീതി നിയമപ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്ന കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്നതിനാണ് മേള സംഘടിപ്പിച്ചത്. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളടക്കം സംസ്ഥാനത്തെ 18 ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്ന നാനൂറില്‍പരം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന മല്‍സരങ്ങളില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ ശ്രീദേവി, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമിലെ സുജിന്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ അഞ്ജലി, കൃഷ്ണപ്രിയ, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ മേഘാരാജ്, സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം ചില്‍ഡ്രന്‍സ് ഹോമിലെ സുല്‍ഫത്ത്, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ ലിമിനേഷ് വ്യക്തിഗത ചാംപ്യന്മാരായി. ജില്ലാ പോലിസ് മേധാവി എം കെ പുഷ്‌കരന്‍ സമ്മാനവിതരണം നടത്തി. ഐസിപിഎസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സജി റിപോര്‍ട്ട് അവതരിപ്പിച്ചു.
മേളയുടെ ഈ വര്‍ഷത്തെ ലോഗോ തയ്യാറാക്കിയ കണിയാമ്പറ്റ ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍ സി കെ പവിത്രനെ വനിതാ പ്രൊട്ടക്ഷന്‍ ജില്ലാ ഓഫിസര്‍ എ വി ഷീജ അനുമോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക