|    Jan 24 Tue, 2017 8:57 pm
FLASH NEWS

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

Published : 15th October 2016 | Posted By: Abbasali tf

പാലക്കാട്: വെള്ളിത്തിരയിലെ മിന്നും താരങ്ങളെല്ലാം ഇന്നു കരിമ്പനയുടെ നാട്ടിലേക്ക്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിന് ആദ്യമായി ഇന്നു പാലക്കാട് നഗരം  വേദിയാവും. വൈകുന്നേരം അഞ്ചിന് ചടങ്ങ് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്്‌റ്റേഡിയത്തിലാണ് അവാര്‍ഡ് നിശ നടക്കുക.അവാര്‍ഡ് നിശയ്ക്കു വേദിയാവുന്ന കൂറ്റന്‍ സ്്‌റ്റേജിന്റെ നിര്‍മാണം പൂര്‍ത്തിയായി. 4800 ചതുരശ്ര അടി വരുന്ന സ്്‌റ്റേജിലാണ് ചലച്ചിത്ര അവാര്‍ഡ്ദാന നിശ നടക്കുന്നത്. അണിയറ പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും ആവശ്യങ്ങള്‍ക്കായി 1600 ചതുരശ്ര അടിയുള്ള ഗ്രീന്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. എല്‍ഇഡി പ്രൊജക്ടര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങളും സ്്‌റ്റേജിലുണ്ടാവും. മൂന്നു വിഭാഗങ്ങളിലായി 7500 പേര്‍ക്ക് ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. അവാര്‍ഡ് ജേതാക്കള്‍, വിശിഷ്ടാതിഥികള്‍, ക്ഷണിതാക്കള്‍ എന്നിവരാകും ഒന്നാംനിരയില്‍. സ്‌പോണ്‍സര്‍മാരും ജനപ്രതിനിധികളുമടങ്ങുന്ന രണ്ടാംനിരയും മറ്റ് അതിഥികള്‍ക്കായി മൂന്നാംനിരയുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഗാലറിയിലും മറ്റുമായി 15,000 പേര്‍ക്കും പരിപാടികള്‍ ആസ്വദിക്കാം. കാല്‍ ലക്ഷത്തോളം പേരെ പ്രതീക്ഷിച്ചാണ് വേദിയൊരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യ പാസ് മൂലമാണ് നിയന്ത്രിച്ചിട്ടുള്ളത്. സ്‌റ്റേഡിയത്തിലേക്കുള്ള പ്രധാന കവാടത്തിലേക്കുള്ള വഴിയും ഇരുഭാഗത്തുമായുള്ള വഴികളും സ്‌പെഷല്‍ അലോട്ട്‌മെന്റ് ആയി ലഭിച്ച 14 ലക്ഷത്തോളം രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പ് ടാര്‍ ചെയ്തു കഴിഞ്ഞു. വേദിക്കു പരിസരത്തു തന്നെ 300 വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു മന്ത്രിമാരുടെയും വിശിഷ്ടാതിതികളുടെയും പ്രവേശനം പ്രത്യേക വഴിയായിരിക്കും. മന്ത്രിമാരുടെയും മറ്റു അതിഥികളുടെയും സുരക്ഷ കണക്കിലെടുത്ത് 16 സുരക്ഷ കാമറകള്‍ വേദിയിലും സദസ്സിലും പരിസരങ്ങളിലുമായി ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കും ഗതാഗതനിയന്ത്രണത്തിനുമായി അഞ്ഞൂറോളം പോലിസുകാരെയും അതിഥികളുടെയും പ്രേക്ഷകരുടെയും വരവും പോക്കും നിയന്ത്രിക്കാന്‍ 450 വോളന്റിയര്‍മാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ജില്ലാ പോലിസ് മേധാവി ഡോ.എ ശ്രീനിവാസ്, എഎസ്പി ജി പൂങ്കുഴലി തുടങ്ങിയവര്‍ പങ്കെടുത്ത പ്രത്യേക യോഗം കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ചെയര്‍മാനായും ടി ആര്‍ അജയന്‍ ജനറല്‍ കണ്‍വീനറായുമുള്ള സംഘാടക സമിതിയാണു ഒരുക്കങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ഒരു കോടിയില്‍പരം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പരിപാടിക്കായി എം ബി രാജേഷ് എംപി ചെയര്‍മാനും എ സി മോഹന്‍ദാസ് കണ്‍വീനറുമായുള്ള ധനകാര്യ കമ്മിറ്റി ഉള്‍പ്പെടെ 12 സബ് കമ്മിറ്റികളാണുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക