|    Nov 17 Sat, 2018 12:04 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

Published : 27th December 2015 | Posted By: SMR

കോട്ടയം: 45ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്ത്രി കെ സി ജോസഫ് അവാര്‍ഡ് ഗ്രന്ഥ പ്രകാശനം നടത്തി. മന്ത്രി ഡോ. എം കെ മുനീര്‍ ഗ്രന്ഥം സ്വീകരിച്ചു. നടന്‍ മോഹന്‍ലാല്‍ മുഖ്യ പ്രഭാഷണം നടത്തി. ജെ സി ഡാനിയേല്‍ അവാര്‍ഡ് ഐ വി ശശി മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി.
മികച്ച കഥാചിത്രമായ ഒറ്റാലിന്റെ സംവിധായകന്‍ ജയരാജും നിര്‍മാതാവ് കെ മോഹനനും രണ്ട് ലക്ഷം രൂപ വീതവും ശില്‍പ്പവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. കുട്ടികളുടെ മികച്ച ചിത്രമായ അങ്കുരത്തിന്റെ നിര്‍മാതാവ് പ്രദീപ് കാന്‍ധാരിക്ക് മൂന്നുലക്ഷം രൂപയും സംവിധായകന്‍ ടി ദീപേഷിന് ഒരു ലക്ഷം രൂപയും നല്‍കി. രണ്ടാമത്തെ മികച്ച ചിത്രമായ മൈ ലൈഫ് പാര്‍ട്ട്ണറുടെ സംവിധായകന്‍ പത്മകുമാര്‍, നിര്‍മാതാവ് റെജിമോന്‍ കെ എ എന്നിവര്‍ക്ക് ഒന്നരലക്ഷം രൂപ വീതം കാഷ് അവാര്‍ഡും ശില്‍പ്പവും പ്രശസ്തിപത്രവും നല്‍കി.
മികച്ച സംവിധായകനുള്ള രണ്ടു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും ശില്‍പ്പവും പ്രശസ്തിപത്രവും സനല്‍കുമാര്‍ ശശിധരന്‍ (ഒരാള്‍പ്പൊക്കം) ഏറ്റുവാങ്ങി. മികച്ച നടന്‍മാരായി തിരഞ്ഞെടുക്കപ്പെട്ട നിവിന്‍ പോളി (ബാംഗ്ലൂര്‍ ഡെയ്‌സ്, 1983), സുദേവ് നായര്‍ (മൈ ലൈഫ് പാര്‍ട്ട്ണര്‍) എന്നിവര്‍ ഒരു ലക്ഷം രൂപ പങ്കിട്ടു. ജനപ്രീതിയും കലാമേന്‍മയുമുള്ള മികച്ച ചിത്രമായ ഓംശാന്തി ഓശാനയുടെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, നിര്‍മാതാവ് ആല്‍വിന്‍ ആന്റണി, മികച്ച നവാഗത സംവിധായകനായ എബ്രിഡ് ഷൈ ന്‍ (1983) എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കി. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട നസ്രിയ നാസിം (ഓംശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്), രഞ്ജിത്ത് (തിരക്കഥ), അനൂപ് മേനോന്‍ (സ്വഭാവ നടന്‍), സേതുലക്ഷ്മി (സ്വഭാവ നടി), മാസ്റ്റര്‍ അദൈ്വത് (മികച്ച ബാലതാരം), അന്ന ഫാത്തിമ (മികച്ച ബാലതാരം), സിദ്ധാര്‍ഥ് ശിവ (കഥാകൃത്ത്), അഞ്ജലി മേനോന്‍ (തിരക്കഥ), ഒ എസ് ഉണ്ണികൃഷ്ണന്‍ (ഗാനരചന), രമേഷ് നാരായണന്‍ (സംഗീത സംവിധാനം), ബിജി ബാല്‍ (പശ്ചാത്തല സംഗീതം), ലിജോ പോള്‍ (ചിത്രസംയോജനം), ഇന്ദുലാല്‍ കാവീട് (കലാസംവിധാനം), സന്ദീപ് കുറിശ്ശേരി, ജിജി മോന്‍ ജോസഫ് (ലൈവ് സൗണ്ട്), ഹരികുമാര്‍ (ശബ്ദസങ്കലനം), തപസ് നായക് (സൗണ്ട് ഡിസൈന്‍), രംഗനാഥന്‍ (കളറിസ്റ്റ്), മനോജ് അങ്കമാലി (മേക്കപ്പ്), സമീറ സനീഷ് (വസ്ത്രാലങ്കാരം), ഹരിശാന്ത് (ഡബ്ബിങ്), വിമ്മി മറിയം ജോര്‍ജ് (ഡബ്ബിങ്), സജ്‌നാ നജാം (നൃത്തസംവിധാനം) എന്നിവര്‍ അരലക്ഷം രൂപയും ശി ല്‍പ്പവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
മികച്ച സിനിമാഗ്രന്ഥ രചനയ്ക്കുള്ള അവാര്‍ഡ് വി കെ ജോസഫും (അതിജീവനത്തിന്റെ ചലച്ചിത്ര ഭാഷ്യങ്ങള്‍), മികച്ച സിനിമാ ലേഖകനുള്ള അവാര്‍ഡ് രവി മേനോനും (ശബ്ദലോകത്തെ ഇളമണ്‍ഗാഥ), കെ സി ജയചന്ദ്രനും (പായലുപോലെ പ്രണയം) സ്വീകരിച്ചു. പ്രത്യേക ജൂറി പുരസ്‌കാര ജേതാവായ പ്രതാപ് പോത്തന്‍, ജൂറി പരാമര്‍ശം ലഭിച്ച എം ജി സ്വരസാഗര്‍, ഡോ. ജോര്‍ജ് മാത്യു, ചെമ്പ്രാശ്ശേരി എയുപി സ്‌കൂള്‍, യക്‌സാന്‍ ഗ്യാരി പേരേര, നേഹ എസ് നായര്‍, ഇന്ദ്രന്‍സ് എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മികച്ച ഛായാഗ്രാഹകനായ അമല്‍ നീരദിനുവേണ്ടി അച്ഛന്‍ പ്രഫ. സി ആര്‍ ഓമനക്കുട്ടന്‍ അവാര്‍ഡ് സ്വീകരിച്ചു. ജി കെ പിള്ള, ജയരാജ് എന്നിവരെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss