സംസ്ഥാന ഘടകത്തിലെ വിഭാഗീയത; പിബി കമ്മീഷന് റിപോര്‍ട്ട് തയ്യാറായെന്ന് യെച്ചൂരി
Published : 15th November 2016 | Posted By: SMR
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന ഘടകത്തിനുള്ളിലെ വിഭാഗീയത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിക്കുന്ന പോളിറ്റ് ബ്യൂറോ കമ്മീഷന്റെ റിപോര്‍ട്ട് തയ്യാറായതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നാളെ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗം റിപോര്‍ട്ട് ചര്‍ച്ച ചെയ്യും. അതേസമയം, ബന്ധു നിയമനവുമായി ബന്ധപ്പെട്ടു കേന്ദ്ര കമ്മിറ്റി അംഗങ്ങള്ക്കെതിരായുള്ള പരാതി പിബിയില്‍ ചര്‍ച്ച ചെയ്യില്ല. കേരളത്തിലെ ഈ വിഷയം അടുത്ത മാസം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.
വി എസ് അച്യുതാനന്ദനെതിരേ കടുത്ത നടപടിക്കൊന്നും റിപോര്‍ട്ടില്‍ ശുപാര്‍ശയില്ലെന്നാണ് സൂചന. സമീപകാലത്തായി പാര്‍ട്ടിക്കു വിധേയനായി പ്രവര്‍ത്തിക്കുന്ന വിഎസിനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ടിനെ കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളും നിലവിലെ സാഹചര്യത്തില്‍ എതിര്‍ക്കാന്‍ ഇടയില്ല. അതേസമയം, വിഎസ് നടത്തിയത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്ന നിലപാടില്‍ സംസ്ഥാന നേതാക്കള്‍ ഉറച്ചുനില്‍ക്കുന്നുമുണ്ട്.
ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ജനറല്‍ സെക്രട്ടറി വിളിച്ചിട്ടും തിരിച്ചുവരാതിരിക്കുകയും ചെയ്തത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് വിഎസിനെതിരേ പിബി കമ്മീഷന്റെ മുന്നിലുള്ളത്. വിഎസിനെതിരായ സംസ്ഥാന ഘടകത്തിന്റെ പരാതിയും സംസ്ഥാന നേതൃത്വത്തിനെതിരായ വിഎസിന്റെ പരാതിയും കമ്മീഷന് പരിഗണിക്കുന്നുണ്ട്. ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് സ്ഥാനത്തിനൊപ്പം തന്നെ സംസ്ഥാന കമ്മിറ്റിയില്‍ വീണ്ടും പ്രവേശനം ലഭിക്കുകയെന്നതും വിഎസിന്റെ ആഗ്രഹമാണ്. എന്നാല്‍, സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഎസ് തിരിച്ചെത്തുന്നതിനോട് എതിര്‍പക്ഷത്തിനു യോജിപ്പില്ല.
വിഎസിന്റെ അംഗത്വം പരിഗണിക്കുന്നതിനു തടസ്സമായി പിണറായിപക്ഷം ചൂണ്ടിക്കാട്ടുന്നത് പിബി കമ്മീഷന് റിപോര്‍ട്ട് വന്നിട്ടില്ലെന്ന ന്യായമാണ്. വിഎസിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എടുക്കുന്നതിനു മുമ്പ് ഈ പരാതികളില്‍ കമ്മീഷന് പരിഹാരം കാണേണ്ടതുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.