|    Feb 23 Fri, 2018 4:15 pm
FLASH NEWS

സംസ്ഥാനപാതയിലെ അനധികൃത കൈയേറ്റം: ഗതാഗതക്കുരുക്കും അപകടവും പതിവ്

Published : 26th January 2017 | Posted By: fsq

 

വൈപ്പിന്‍: വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാതയോരങ്ങളിലെ അനധികൃത കൈയേറ്റംമൂലം ഗതാഗതക്കുരുക്കും അപകടങ്ങളും വ്യാപകമായതായി പരാതി. അനധികൃത മല്‍സ്യവില്‍പന കേന്ദ്രങ്ങളും വാഹനപാര്‍ക്കിങ്ങുമാണ് അധികവും വാഹനങ്ങള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നത്. സ്വകാര്യ ബസ് ഉള്‍പെടെയുള്ള വാഹനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂനിയന്‍ (സിഐടിയു) വൈപ്പിന്‍-പറവൂര്‍ മേഖലാ കമ്മിറ്റിയാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇതുമൂലം സംസ്ഥാനപാതയില്‍ പലയിടത്തും അപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാവുന്നത് പതിവാണ്. റോഡിലെ വെള്ള വരക്ക് പുറത്തായെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളുവെങ്കിലും പലയിടത്തും നടുറോഡില്‍ തന്നെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നു. പുതുതായി പണിതിട്ടുള്ള വീതി കൂടിയ പാലങ്ങളുടെ ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. ഞാറക്കലെ വിദേശ മദ്യശാലക്ക് മുന്നില്‍ നോ പാര്‍ക്കിങ് ബോര്‍ഡുണ്ടെങ്കിലും ഇവിടെയും നിയമലംഘനമാണ് നടക്കുന്നത്. ചെറായിലെ വിദേശമദ്യശാലയിലേക്ക് പോവുന്നവര്‍ പലരും ഇരുചക്രവാഹങ്ങള്‍ നടുറോഡില്‍ പാര്‍ക്ക് ചെയ്യുന്നു. മല്‍സ്യക്കച്ചവടത്തിനായി ഓരോ ബസ്റ്റോപ്പിലും രണ്ടും മൂന്നും തട്ടുകളാണ് റോഡരികില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ മല്‍സ്യം വാങ്ങാന്‍ എത്തുന്നവര്‍ റോഡില്‍തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും പ്രധാനമായും കാരണമാക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും അനധികൃത മല്‍സ്യവില്‍പന കേന്ദ്രങ്ങളുണ്ട്. ഇത് വാഹനങ്ങള്‍ക്ക് ഏറ്റവും വലിയ അപകടഭീഷണി ഉയര്‍ത്തുന്നു. ഇതേപോലെ എളങ്കുന്നപ്പുഴയില്‍ പുതുവൈപ്പ് ജങ്ഷന്‍—, മാലിപ്പുറം ബസ്റ്റോപ്പ്, തെക്കന്‍ മാലിപ്പുറം, ഗോശ്രീ ജങ്ഷന്‍, ഞാറക്കലില്‍ പൂച്ച മാര്‍ക്കറ്റ്, കെഎസ്ഇബിക്ക് മുന്‍വശം, എടവനക്കാട്, അണിയല്‍, ചെറുവൈപ്പ്, അയ്യമ്പിള്ളി, നായരമ്പലം തയ്യേഴത്തുവഴി തുടങ്ങിയ മേഖലയിലെല്ലാം സംസ്ഥാന പാതയോട് ചേര്‍ന്ന് മല്‍സ്യതട്ടുകളുണ്ട്. ഇതെല്ലാം അനധികൃതമാണ്. ഒന്നിനും ലൈസന്‍സില്ല. ഇതുമൂലം പല പഞ്ചായത്തുകളുടെയും മല്‍സ്യ—മാര്‍ക്കറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് പഞ്ചായത്തിന് വരുമാന നഷ്ടവും ഉണ്ടാവുന്നു. സുഗമമായ ഗതാഗതത്തിനു പോലിസും പഞ്ചായത്തുകളും പൊതുമരാമത്തു വകുപ്പും സഹകരിച്ച് സംസ്ഥാന പാതയോരത്തെ കൈയേറ്റങ്ങള്‍ ഇല്ലാതാക്കണമെന്ന് യൂനിയന്‍ സെക്രട്ടറി കെ എ അജയകുമാര്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss