|    Jan 19 Thu, 2017 4:00 am
FLASH NEWS

സംസ്ഥാനത്ത് 9456 ഭൂരഹിത ആദിവാസി കുടുംബങ്ങള്‍; വീടില്ലാത്തവര്‍ 15149

Published : 2nd October 2016 | Posted By: SMR

പി പി ഷിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂരഹിതരായ 9456 ആദിവാസി കുടുംബങ്ങള്‍. വീടില്ലാത്തത് 15,149 പേര്‍ക്ക്. സര്‍ക്കാരുകള്‍ മാറി വന്നിട്ടും ഇപ്പോഴും പതിനായിരത്തിനടുത്ത് പട്ടികവര്‍ഗ കുടുംബങ്ങള്‍ ഭൂരഹിതരായി തുടരുന്നുവെന്നത് പദ്ധതികളുടെ പോരായ്മ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ ഭൂരഹിതരായ ആദിവാസികളുള്ളത് വയനാട് ജില്ലയിലാണ്. 5,522 കുടുംബങ്ങള്‍ക്കാണ് ഇവിടെ ഭൂമി അന്യമായിട്ടുള്ളത്. പാലക്കാടാണ് തൊട്ടുപിന്നില്‍- 1173 കുടുംബങ്ങള്‍. ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം, ആദിവാസി പുനരധിവാസ വികസനമിഷന്‍ പദ്ധതി, വനാവകാശ നിയമം 2006, ഭവന നിര്‍മാണ ധനസഹായപദ്ധതി എന്നീ പദ്ധതികള്‍ മുഖാന്തരമാണ് സര്‍ക്കാര്‍, ഭൂമിയും വീടും ലഭ്യമാക്കുന്നത്. ഇതോടൊപ്പം ഗ്രാമവികസനവകുപ്പ് മുഖേന നടപ്പാക്കുന്ന എഐവൈ പദ്ധതിപ്രകാരവും പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി അനുവദിച്ചുവരുന്നതായാണ് സര്‍ക്കാര്‍ പറയുന്നത്.
608 കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാവാനുള്ള മലപ്പുറം ജില്ലയാണ് ഈ കണക്കില്‍ മൂന്നാമത്. തലസ്ഥാന ജില്ലയിലാണ് ഏറ്റവും കുറവ് കുടുംബങ്ങളെന്നും സര്‍ക്കാരിന്റെ കണക്കില്‍ പറയുന്നു- 21 കുടുംബങ്ങള്‍. മറ്റു ജില്ലകളിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങളുടെ എണ്ണം ഇപ്രകാരമാണ്. കൊല്ലം-290, പത്തനംതിട്ട-209, ആലപ്പുഴ-47, കോട്ടയം- 160, ഇടുക്കി-317, എറണാകുളം-223, തൃശൂര്‍-41, കോഴിക്കോട്- 186, കണ്ണൂര്‍- 264, കാസര്‍കോട്- 395 കുടുംബങ്ങള്‍. വീടില്ലാത്ത ആദിവാസികള്‍ ഏറ്റവും കൂടുതലുള്ളതും വയനാട് ജില്ലയില്‍ തന്നെയാണ്- 5424 പേര്‍. ഇടുക്കി ജില്ലയില്‍ 2678 പേര്‍ക്കാണ് വീടില്ലാത്തത്. വീടില്ലാത്ത 1899 പേരുള്ള കാസര്‍കോട് ജില്ലയാണ് മൂന്നാമത്. തിരുവനന്തപുരം-1071, കൊല്ലം 106, പത്തനംതിട്ട-186, ആലപ്പുഴ-112, കോട്ടയം- 102, എറണാകുളം- 487, തൃശൂര്‍-192, പാലക്കാട്- 1040, മലപ്പുറം-851, കോഴിക്കോട്-224, കണ്ണൂര്‍-727 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ വീടില്ലാത്ത ആദിവാസികളുടെ കണക്ക്.
ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന 25 സെന്റില്‍ കുറയാത്ത ഭൂമി വാങ്ങിനല്‍കാനായി 10 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്. ഇതിനായി അപേക്ഷകന്‍ തന്നെയാണ് 25 സെന്റില്‍ കുറയാത്ത ഭൂമി കണ്ടെത്തേണ്ടത്. ഈ വിവരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറെ അറിയിക്കണം. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അപേക്ഷകന്റേയും വസ്തു ഉടമയുടേയും സാന്നിധ്യത്തില്‍ സ്ഥലപരിശോധന നടത്തി ഈ ഭൂമി വാസയോഗ്യമാണെന്നും കടബാധ്യതകള്‍ ഇല്ലാത്തതാണെന്ന് ഉറപ്പുവരുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍തന്നെ സ്ഥലയുടമയില്‍ നിന്നും സമ്മതപത്രം വാങ്ങുകയും ഗുണഭോക്താവിന്റെ ആധാര്‍ നമ്പര്‍ കൂടി ശേഖരിച്ച് ഭൂരഹിതനാണെന്ന് ഉറപ്പാക്കി സ്ഥലം അനുവദിച്ചുനല്‍കുകയുമാണ് വേണ്ടത്. അതേസമയം, ഭൂരഹിതനായ ഒരു പട്ടികവര്‍ഗ കുടുംബത്തിന് അത് ലഭിക്കണമെങ്കില്‍ അവര്‍ ഭൂമിയില്ലാത്ത കുടുംബമാണെന്ന ഗ്രാമസഭ/ഊരുകൂട്ടം/പട്ടികവര്‍ഗ വികസനവകുപ്പ് അധികാരികള്‍ എന്നിവരില്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തണം. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍, ഐടിഡി, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍, ബന്ധപ്പെട്ട തഹസീല്‍ദാര്‍, ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫിസര്‍ എന്നിവരടങ്ങിയ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലുള്ള പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം മാത്രമേ ഭൂമി രജിസ്‌ട്രേഷന്‍ നടത്താന്‍ പാടൂള്ളൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, ഇത്തരം നടപടിക്രമങ്ങളൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.
ഭൂരഹിതര്‍ക്ക് കിട്ടുന്ന ഭൂമി പലതും വാസയോഗ്യമല്ലെന്നുള്ള പരാതി വ്യാപകമായി നിലനില്‍ക്കുന്നു. അതേസമയം, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാലക്കാട്, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലായി 43 പട്ടികവര്‍ഗകുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കാനായി തുക അനുവദിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭൂമി, വീട്, വിദ്യാഭ്യാസം, ആരോഗ്യം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 30ലധികം പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ നടപ്പാക്കിവരുന്നത്. എന്നാല്‍, ആനുകൂല്യങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ടും അവ ലഭിക്കാത്തതുകൊണ്ടും ദുരിത ജീവിതം നയിക്കുന്ന പട്ടികവര്‍ഗ കുടുംബങ്ങളുടെ കണക്ക് ലഭ്യമല്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക