|    Aug 18 Fri, 2017 9:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംസ്ഥാനത്ത് 27 ശതമാനം മഴ കുറവ് : പ്രതിസന്ധി ഒഴിവാക്കാന്‍ കര്‍മസേന

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: മഴയുടെ കുറവ് കാരണം സംസ്ഥാനം നേരിടാന്‍ സാധ്യതയുള്ള ഗുരുതരമായ പ്രതിസന്ധി ഒഴിവാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തി ല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കരുതല്‍ നടപടികളുടെ ഭാഗമായി മഴവെള്ള സംഭരണം ലക്ഷ്യമാക്കി മൂന്ന് കര്‍മസേനകള്‍ (ടാസ്‌ക് ഫോഴ്‌സ്) രൂപീകരിക്കാന്‍ തീരുമാനിച്ചു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ആഗസ്ത് 7 വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ 27 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. പ്രധാന ജലവൈദ്യുത പദ്ധതികളുള്ള ഇടുക്കിയില്‍ 36 ശതമാനം മഴ കുറവാണ്. വയനാട്ടില്‍ 58 ശതമാനവും. ഇടുക്കിയിലെ ജലസംഭരണികളില്‍ ഇപ്പോള്‍ 32 ശതമാനം വെള്ളമേയുള്ളൂ. ശരാശരി 20 ശതമാനം കുറവ്. ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നല്ല മഴ കിട്ടുകയാണെങ്കില്‍ പ്രതിസന്ധി ഒഴിവാകും. അടുത്ത മൂന്നാഴ്ച സാമാന്യം നല്ല മഴകിട്ടിയേക്കുമെന്നാണു കാലാവസ്ഥാ കേന്ദ്രം പറയുന്നത്. തൃശൂരില്‍ വിജയകരമായി നടപ്പാക്കിയ ‘മഴപ്പൊലിമ’യുടെ മാതൃകയില്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി മഴവെള്ളസംഭരണം സംസ്ഥാനവ്യാപകമായി നടത്താനുള്ളതാണ് ഒരു ടാസ്‌ക് ഫോഴ്‌സ്. തദ്ദേശ സ്വയംഭരണ സെക്രട്ടറി ഡോ. വി കെ ബേബിക്കായിരിക്കും ഇതിന്റെ ചുമതല. തടയണകള്‍, റഗുലേറ്ററുകള്‍ എന്നിവ അടിയന്തരമായി റിപ്പയര്‍ ചെയ്യുന്നതിനും താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കുന്നതിനുമാണ് രണ്ടാമത്തെ ടാസ്‌ക് ഫോഴ്‌സ്. കനാലുകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതിനും പരമാവധി മഴവെള്ളം സംഭരിക്കുന്നതിനുമാണ് മൂന്നാമത്തെ ടാസ്‌ക് ഫോഴ്‌സ്. അവസാനത്തെ രണ്ട് ടാസ്‌ക് ഫോഴ്‌സുകളുടെയും ചുമതല ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ്. ഈ ടാസ്‌ക് ഫോഴ്‌സുകള്‍ അവയുടെ പ്രവര്‍ത്തന പദ്ധതി അടിയന്തരമായി തയ്യാറാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.21ന് ചേരുന്ന അടുത്ത യോഗത്തില്‍ പ്രവര്‍ത്തന പദ്ധതികള്‍ സമര്‍പ്പിക്കണം. യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക്, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതമന്ത്രി എം എം മണി, ജലവിഭവ മന്ത്രി മാത്യു ടി തോമസ്, വനംമന്ത്രി കെ രാജു, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, വാട്ടര്‍ അതോറിറ്റി എംഡി ഷൈനമോള്‍, കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ. എസ് സുദേവന്‍, ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക