തിരുവനന്തപുരം: സംസ്ഥാനത്ത് 1,316 പോളിങ് ബൂത്തുകള്‍ അതീവ പ്രശ്നബാധിതമെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ടെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന് നായര്‍. ഇതില്‍ 643 എണ്ണവും കണ്ണൂരിലാണ്. തിരുവനന്തപുരം-173, കൊല്ലം-124, ആലപ്പുഴ-20, കോട്ടയം-23, ഇടുക്കി-60, എറണാകുളം- 55, തൃശൂര്‍-44, പാലക്കാട്-46, മലപ്പുറം-26, കോഴിക്കോട്-51, കാസര്‍കോട്-51 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകള്‍.
പത്തനംതിട്ടയിലും വയനാട്ടിലും അതീവ പ്രശ്നബാധിത ബൂത്തുകള്‍ ഒന്നുമില്ല. അതീവ പ്രശ്നബാധിതമായി കണക്കാക്കപ്പെട്ടവയില്‍ 1,022 ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വെബ്കാസ്റ്റിങ് സംവിധാനം ഏ ര്‍പ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള പ്രശ്നബാധിത ബൂത്തുകളിലെ പോളിങ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും. പോളിങ് ദിവസവും തുടര്‍ന്നും സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികളുടെയും സഹകരണമുണ്ടാവണമെന്നു തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരവും നീതിപൂര്‍വകവുമായി നടത്തുന്നതിനും ക്രമസമാധാനപാലനത്തിനുമായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ അറിയിച്ചു.
സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനുമായി വനിതാ ഉദ്യോഗസ്ഥരുള്‍പ്പെടെ ആദ്യഘട്ടം 38,000 പേരെയും രണ്ടാംഘട്ടം 42,000 പേരെയും വിന്യസിക്കും. ഇതില്‍ ആദ്യഘട്ടത്തില്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന 30,000 പേരും രണ്ടാംഘട്ടത്തില്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന 32,000 പേരും സംസ്ഥാന പോലിസ് സേനാംഗങ്ങളാണ്. ശേഷിക്കുന്നവര്‍ എക്സൈസ്, വനം, മറൈന്‍, മോട്ടോര്‍ വെഹിക്കിള്‍ തുടങ്ങിയ ഇതര യൂനിഫോം സേനകള്‍, സ്പെഷ്യല്‍ പോലിസ് ഓഫിസര്‍മാര്‍, ഹോംഗാര്‍ഡുകള്‍ എന്നീ വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. ഇവയ്ക്കെല്ലാം പുറമെ കര്‍ണാടക സംസ്ഥാനത്തുനിന്നും 10 കമ്പനി പോലിസ് സേനാംഗങ്ങളെയും വിന്യസിക്കും.
കേരളത്തില്‍ നടന്നിട്ടുള്ള മുന്‍ തദ്ദേശ—ഭരണ തിരെഞ്ഞടുപ്പുകളില്‍ വിന്യസിച്ചിട്ടുള്ളതിലുമധികം പേരെ ഇത്തവണ നിയോഗിച്ചിട്ടുണ്ടെന്നു സംസ്ഥാന പോലിസ് മേധാവി അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ആകെയുള്ള 34,424 പോളിങ് ബൂത്തുകളില്‍ 4,843 ബൂത്തുകള്‍ പ്രശ്നസാധ്യതകളുള്ളവയാണ്. ഇവിടങ്ങളി ല്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തും. തിരഞ്ഞെടുപ്പു സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ ജാഗ്രതപുലര്‍ത്തണമെന്ന് എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി.
ബൂത്തുതല സുരക്ഷയ്ക്കു പുറമേ അഞ്ച് കമ്പനി ഡിജിപി സ്ട്രൈക്കിങ് ഫോഴ്സ്, രണ്ട് കമ്പനി സോണല്‍ ലെവല്‍ സ്ട്രൈക്കിങ് ഫോഴ്സ്, നാല് കമ്പനി റേഞ്ച് ലെവല്‍ സ്ട്രൈക്കിങ് ഫോഴ്സ് എന്നിവയെയും നിയോഗിച്ചിട്ടുണ്ട്. തല്‍ക്ഷണ നടപടി കൈക്കൊള്ളുന്നതിനായി വോട്ടെടുപ്പുദിവസങ്ങളില്‍ രണ്ടു ഘട്ടങ്ങളിലുമായി രണ്ടായിരത്തോളം ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളും തൊള്ളായിരത്തില്‍പ്പരം ക്രമസമാധാനപാലന പട്രോള്‍ സംഘങ്ങളും രംഗത്തുണ്ടാവും.
ഗ്രൂപ്പ് പട്രോള്‍ സംഘങ്ങള്‍ക്ക് വീഡിയോ കാമറകളും നല്‍കും. വോട്ടെടുപ്പ് കഴിഞ്ഞ് എല്ലാ കൗണ്ടിങ് സെന്ററുകള്‍ക്കും ത്രീടയര്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ഡിജിപി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.