|    Mar 26 Sun, 2017 2:46 pm
FLASH NEWS

സംസ്ഥാനത്ത് 1,200 പ്രശ്‌നബാധിത ബൂത്തുകള്‍; പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കും

Published : 3rd May 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തുന്നതിന് കേന്ദ്രസേനയുടെ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി. തിരഞ്ഞെടുപ്പ് അവലോകന യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കന്‍ ജില്ലകളിലാണ് പ്രശ്‌നബാധിത ബൂത്തുകള്‍ ഏറെയും. ഈ ബൂത്തുകളിലെല്ലാം കേന്ദ്രസേനയെ രംഗത്തിറക്കി കര്‍ശന സുരക്ഷയൊരുക്കും.
മുന്‍കാലങ്ങളിലെ അനിഷ്ടസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 1200 പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും ദലിതരും ഉള്‍പ്പെടുന്ന ദുര്‍ബല പ്രദേശങ്ങളും പ്രശ്‌നബാധിത മേഖലയില്‍ ഉള്‍പ്പെടും. ഇവിടങ്ങളില്‍ അട്ടിമറിസാധ്യത ഒഴിവാക്കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമായ 12,000 കേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിങും ഇല്ലാത്തിടങ്ങളില്‍ വീഡിയോ റെക്കോഡിങും ഏര്‍പ്പെടുത്തും. ഇത്തരം ബൂത്തുകള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന മൈക്രോ ഒബ്‌സര്‍വര്‍മാരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. രാഷ്ട്രീയ പ്രതിനിധികള്‍, ചീഫ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി, ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നടപടിക്രമങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി. 2.6 കോടി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്ന വോട്ടര്‍പട്ടികയുടെ അന്തിമരൂപം അഞ്ചിനു പ്രസിദ്ധീകരിക്കും. ഫോട്ടോ പതിച്ച ഐഡി കാര്‍ഡുകളുടെ വിതരണം ഒമ്പതിനകം പൂര്‍ത്തിയാക്കും. പേരുചേര്‍ക്കല്‍ അപേക്ഷകള്‍ നിരസിച്ചതിനുള്ള കാരണം വോട്ടര്‍മാരെയും കക്ഷിനേതാക്കളെയും അറിയിക്കും. കള്ളപ്പണത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കും. വ്യാജമദ്യം ഒഴുകുന്നതു തടയാന്‍ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിശോധന നടത്തും. ഇടുക്കിയിലെ തോട്ടംതൊഴിലാളികള്‍ക്ക് മദ്യം നല്‍കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഈ നടപടി.
കനത്ത ചൂട് കണക്കിലെടുത്ത് ബൂത്തുകളില്‍ കുടിവെള്ള വിതരണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. അംഗപരിമിതര്‍ക്ക് സുഗമമായി വോട്ട് ചെയ്യാന്‍ സൗകര്യങ്ങളൊരുക്കും. 250 വനിതാ പോളിങ് ബൂത്തുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഇവയിലെ സുരക്ഷാ ഉദ്യോഗസ്ഥരും വനിതകളാവും. കള്ളവോട്ടുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. കള്ളവോട്ട് നടന്നാല്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടാവും. തിരഞ്ഞെടുപ്പിനായി പണംവാങ്ങി വാര്‍ത്ത നല്‍കിയാല്‍ മാധ്യമങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവും. ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് ടിവി ചാനലുക ള്‍ അമിതപ്രധാന്യം നല്‍കിയാ ല്‍ അതിന്റെ ചെലവുകൂടി സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും. പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കു വേണ്ടി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനായ ഇ-സമ്മതി നസീം സെയ്ദി ഉദ്ഘാടനം ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക