|    May 28 Sun, 2017 6:12 pm
FLASH NEWS

സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം: ഉമ്മന്‍ചാണ്ടി

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അതിന്റെ പേരില്‍ ഒരു സമുദായത്തെ കുറ്റപ്പെടുത്താനാവില്ല. യുവാക്കളെ കാണാതായതുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്.
നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിന്റെ പേരില്‍ ചില സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും ഇതിന് എല്ലാവരെയും വിശ്വാസത്തിലെടുത്തു പ്രവര്‍ത്തിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങളെ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി തള്ളിപ്പറയാനും ദേശീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും തയ്യാറായിയെന്നതു സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഗൗരവമായി കാണണം. സമുദായ സൗഹാര്‍ദ്ദത്തിനു വിഘാതമായ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിന് എല്ലാവിധ പിന്തുണയുമുണ്ടാവും. എന്നാ ല്‍, സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടുന്ന വിധത്തിലുള്ള ശ്രമങ്ങളുണ്ടായാല്‍ ശക്തമായി എതിര്‍ക്കും. കഴിഞ്ഞ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന വിധത്തിലുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണങ്ങള്‍ ശരിയല്ല. ധവളപത്രത്തിലുടനീളം തനിക്ക് അനുകൂലമായ കണക്ക് അവതരിപ്പിക്കുക മാത്രമാണ് ധനമന്ത്രി ചെയ്തത്. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന പേര് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കേട്ടിട്ടില്ല. എന്നാലിപ്പോള്‍ ആ പേര് ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ ഏകീകരിക്കാനുള്ള ശ്രമത്തെ സ്വാഗതം ചെയുമ്പോള്‍ തന്നെ 1000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ ഇപ്പോള്‍ ലഭിക്കുന്നവരുടെ തുകയില്‍ കുറവുവരുത്തരുത്. റബര്‍ കര്‍ഷര്‍ക്കായി കൂടുതല്‍ പദ്ധതികള്‍ രൂപീകരിക്കണം. രണ്ട് ഹെക്ടറില്‍ കൂടുതലുള്ളവരെക്കൂടി നിലവിലെ റബര്‍സംഭരണ പരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day