|    May 25 Thu, 2017 2:59 am
FLASH NEWS

സംസ്ഥാനത്ത് ആറുമണിവരെ 75 ശതമാനം പോളിങ്

Published : 16th May 2016 | Posted By: swapna en

തിരുവനന്തപുരം: 14ആം നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ സംസ്ഥാനത്തെ പോളിങ് 75 ശതമാനം പിന്നിട്ടു.  വൈകുന്നേരം ആറുമണിവരെയുള്ള കണക്കാണിത്.
കൂടൂതല്‍ പോളിങ് നടന്നത്‌ അലപ്പുഴയിലാണ്. നേരിയ വ്യത്യാസത്തില്‍ തൊട്ടുപിന്നാലെ കണ്ണൂരും കോഴിക്കോടുമുണ്ട്.
കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്  പത്തനംതിട്ടയിലാണ്.  ആറുമണിവരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം പത്തനംതിട്ടയില്‍ 65ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 70ശതമാനം പോളിംഗ് നടക്കാത്ത മറ്റൊരു ജില്ല ഇടുക്കിയാണ്. ഇവിടെ ആറുമണിവരെ 69ശതമാനമാണ് പോളിംഗ് നടന്നത്.

രാവിലെ ഏഴു മുതലാണ് പോളിങ് തുടങ്ങിയത്. വടക്കന്‍ കേരളത്തിലാണ് ശക്തമായ പോളിങ്.പ്രമുഖര്‍ ആദ്യമണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. പിണറായി വിജയന്‍, ഷിബു ബേബി ജോണ്‍, കുഞ്ഞാലികുട്ടി,സുരേഷ് ഗോപി എന്നിവര്‍ വോട്ട് ചെയ്തു.

nasirudden-elamaram

കൊണ്ടോട്ടി മണ്ഡലം എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ത്ഥി നാസറുദ്ദീന്‍ എളമരം വോട്ട് ചെയ്യുന്നു

ജില്ല തിരിച്ചുള്ള പോളിങ് (ശതമാനത്തില്‍)
തിരുവനന്തപുരം – 67.77
കൊല്ലം  – 69.16
പത്തനംതിട്ട  – 61.83
കോട്ടയം – 71.06
ആലപ്പുഴ – 73.37
ഇടുക്കി – 65.97
എറണാകുളം – 72.07
തൃശ്ശൂര്‍ – 72.24
പാലക്കാട് – 71.07
മലപ്പുറം – 67.28
കോഴിക്കോട്  – 73.39
വയനാട് – 70.32
കണ്ണൂര്‍ – 72.88
കാസര്‍കോഡ് – 69.90

poll status

വൈകീട്ട് ആറുവരെയാണു പോളിങ്. രാവിലെ 6.15ന് മോക്‌പോള്‍ ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികളാണ് അങ്കത്തട്ടില്‍. 2,60,19,284 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ 1,25,10,589 പേര്‍ പുരുഷന്‍മാരും 1,35,08,693 പേര്‍ സ്ത്രീകളുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 2.32 കോടിയായിരുന്നു.
എറണാകുളം ജില്ലയിലെ തൃക്കാക്കരയിലും തൃശൂരിലെ നാട്ടികയിലുമായി രണ്ടു ഭിന്നലിംഗക്കാരും ഇത്തവണ വോട്ട് ചെയ്യാനുണ്ടാവും. വോട്ടര്‍മാരുടെ എണ്ണത്തില്‍ ആറന്മുള മണ്ഡലമാണ് മുന്നില്‍ – 2,26,324 വോട്ടര്‍മാര്‍.  പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ  പൂര്‍ത്തിയായിരുന്നു.
കഴിഞ്ഞ തവണ വൈകീട്ട് അഞ്ചുമണി വരെയായിരുന്നു പോളിങ്. ഇക്കുറി ഒരുമണിക്കൂര്‍ കൂടി നീട്ടുകയായിരുന്നു. ആറുമണിക്കു വരിയില്‍ നില്‍ക്കുന്നവരെല്ലാം വോട്ട്‌ചെയ്ത ശേഷമേ പോളിങ് നടപടികള്‍ അവസാനിപ്പിക്കുകയുള്ളൂ. സംസ്ഥാനത്തുടനീളം 21,498 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 148 ഓക്‌സിലറി ബൂത്തുകളും ഉണ്ടാവും. ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ മലപ്പുറം ജില്ലയിലാണ് – 2,248. കുറവ് വയനാട് ജില്ലയിലും – 470. 26,724 കണ്‍ട്രോള്‍ യൂനിറ്റുകളും 34,252 ബാലറ്റ് യൂനിറ്റുകളും പോളിങിനായി തയ്യാറാക്കി. വോട്ടിങ് മെഷീനിലെ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനൊപ്പം ഫോട്ടോയുമെന്ന പ്രത്യേകത ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. 816 മാതൃകാ പോളിങ് സ്‌റ്റേഷനുകളും ഉദ്യോഗസ്ഥരടക്കം എല്ലാ ജീവനക്കാരും വനിതകളായ 250 സ്ത്രീസൗഹൃദ പോളിങ് സ്‌റ്റേഷനുകളും ഉണ്ടാവും.
1,11,897 ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. പ്രശ്‌നസാധ്യതയുള്ള 3,137 പോളിങ് സ്‌റ്റേഷനുകളില്‍ വെബ്കാസ്റ്റിങും അതീവ സുരക്ഷയും ഏര്‍പ്പെടുത്തി. ഇതില്‍ 1,042 ബൂത്തുകളും കണ്ണൂര്‍ ജില്ലയിലാണ്. മാവോവാദി ഭീഷണിയുണ്ടെന്ന് പോലിസ് റിപോര്‍ട്ട് നല്‍കിയ 119 ബൂത്തുകളില്‍ കേന്ദ്രസേനയുടെ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും. 52,000 പോലിസുകാരും 2,027 ഹോംഗാര്‍ഡുകളും എക്‌സൈസില്‍നിന്നും ഫോറസ്റ്റില്‍നിന്നുമായി 2,000 ഉദ്യോഗസ്ഥര്‍ക്ക് പുറമേ കേന്ദ്രസേനയും സുരക്ഷയ്ക്കുണ്ടാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day