|    Aug 15 Wed, 2018 6:40 am
FLASH NEWS

സംസ്ഥാനത്ത് രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് കളമൊരുങ്ങി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Published : 7th May 2018 | Posted By: kasim kzm

കാസര്‍കോട്്: സംസ്ഥാനത്ത് രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് കളമൊരുങ്ങുകയാണെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ സ്‌കൂളുകളുടെ മികവ് തിരിച്ചറിഞ്ഞ് അഡ്മിഷനുവേണ്ടി രക്ഷിതാക്കള്‍ രാത്രി പോലും കാത്തുനില്‍ക്കുന്ന അവസ്ഥയാണെന്നും സ്പീക്കര്‍ പറഞ്ഞു.
പൊയിനാച്ചി കരിച്ചേരി ഗവ.യുപി സ്‌കൂളില്‍ മള്‍ട്ടിപര്‍പ്പസ് ഹാളിന്റെയും സ്‌റ്റേജിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലങ്ങളെ തഴഞ്ഞ് സ്വകാര്യസ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന പഴയരീതിക്ക് മാറ്റം വന്നു. നമ്മുടെ പൊതുവിദ്യാലങ്ങളുടെ മികവ് രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞു. പൊതുവിദ്യാലങ്ങള്‍ എല്ലാം ഹൈടെക്കായിക്കൊണ്ടിരിക്കുകയാണ്.
മികച്ച പഠന അന്തരീക്ഷിമാണ് പൊതുവിദ്യാലങ്ങളില്‍ ലഭിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. പൊതുസാംസ്‌ക്കാരിക ഇടങ്ങളായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണം. നാടിന്റെ സംസ്‌ക്കാരം രൂപപ്പെടുന്നത് വിദ്യാലയങ്ങളിലാണ്. കുട്ടികള്‍ക്ക് ആകാംക്ഷ ഉളവാക്കുന്ന അന്തരീക്ഷമാകണം സ്‌കൂളുകളിലേത്.
പശ്ചാത്തല സൗകര്യങ്ങളിലും മാറ്റമുണ്ടാകണം. കുട്ടികള്‍ക്ക് സ്വയം കാര്യങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും കഴിയുന്ന അന്തരീക്ഷമുണ്ടാകണം. കൂടുതല്‍ സമയം വിദ്യാലയങ്ങളില്‍ ചെലവഴിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം.ആകാംക്ഷ വളരുമ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് തോന്നുന്നത്. പുതിയ ലോകത്തോട് ചേര്‍ന്നുനില്‍ക്കുന്നതാകണം സ്‌കൂളുകളിലെ സാഹചര്യവും പഠനങ്ങളുമെന്ന് സ്പീക്കര്‍ പറഞ്ഞു.   കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് ഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, ജില്ലാ പഞ്ചായത്ത് അംഗം ഡോ.വി പി പി മുസ്തഫ, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ പി ഭാസ്‌ക്കരന്‍, ബേക്കല്‍ എഇഒ കെ ശ്രീധരന്‍, ബേക്കല്‍ ബിപിഒ കെ വി ദാമോദരന്‍, തെക്കില്‍ പറമ്പ ജിയുപിഎസ് ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണന്‍ കാമലം തുടങ്ങിയവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss