|    Jan 23 Mon, 2017 4:11 pm

സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണം: എസ്ഡിപിഐ

Published : 19th October 2016 | Posted By: SMR

sdpi-boorekha

തിരുവനന്തപുരം: ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങളില്‍ ഭൂമിയുടെ ഉടമസ്ഥത ഉള്‍പ്പെടുത്തി രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍മജീദ് ഫൈസി. തിരുവനന്തപുരം വിജെടി ഹാളില്‍ (സാംകുട്ടി ജേക്കബ് നഗര്‍) എസ്ഡിപിഐ സംഘടിപ്പിച്ച രണ്ടാം ഭൂസമര പ്രഖ്യാപനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഭൂരേഖ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂപരിഷ്‌കരണം നടത്തി എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കി എന്ന അവകാശവാദം അടിസ്ഥാന രഹിതമാണ്. അടിസ്ഥാന ജനതയെ കോളനി ജീവിതത്തിലേക്ക് ഒതുക്കിയത് ഭൂപരിഷ്‌കരണമല്ല; മറിച്ച് പാര്‍ശ്വവല്‍ക്കരണമാണ്. സ്വദേശ-വിദേശ കുത്തകകളും വ്യക്തികളും സംസ്ഥാനത്തിന്റെ പന്ത്രണ്ടു ശതമാനത്തോളം ഭൂമി എല്ലാ നിയമവ്യവസ്ഥകളെയും വെല്ലുവിളിച്ച് അനധികൃതമായി കൈവശപ്പെടുത്തി അനുഭവിച്ചുവരുന്നു. ഇത് നിയമവിധേയമായി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള ആര്‍ജവം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ലക്ഷ്യം നേടുംവരെ സമരരംഗത്തുണ്ടാവുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും ചെയ്യാന്‍ തയ്യാറാവാത്ത ആശയമാണ് എസ്ഡിപിഐ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. നിനക്ക് മൂന്നുസെന്റിനേ അവകാശമുള്ളൂവെന്നാണ് പാവങ്ങളോട് സര്‍ക്കാരുകള്‍ പറയുന്നത്. എന്നാല്‍, വീട്ടിലെ ഒരംഗം മരിച്ചാല്‍ അടുക്കള കുഴിച്ച് അടക്കേണ്ട ഗതികേടാണുള്ളത്. മൂന്നും പത്തും സെന്റല്ല; രണ്ടേക്കര്‍ ഭൂമിയെങ്കിലും പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്നാണ് എല്ലാവരും പറയുന്നത്. കൊലപാതകത്തിന്റെ എണ്ണമെടുത്താല്‍ മുസ്‌ലിം ലീഗാണ് തീവ്രവാദികളെന്നും അതിനെക്കാള്‍ വലിയ തീവ്രവാദികളാണ് സിപിഎമ്മും ബിജെപിയും. അവരാണ് ഏറ്റവും കൂടുതല്‍ കൊല ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂരേഖ പ്രകാശനം മനുഷ്യാവകാശ പ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ അഡ്വ. പി എ പൗരന്‍ ചെങ്ങറ സമരസമിതി നേതാവ് സുഗതന്‍ പാറ്റൂരിന് നല്‍കി നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍, സെക്രട്ടറിമാരായ റോയി അറക്കല്‍, പി കെ ഉസ്മാന്‍, സമിതിയംഗങ്ങളായ എ കെ സലാഹുദ്ദീന്‍, വനജാഭരതി, ജില്ലാപ്രസിഡന്റ് എ ഇബ്രാഹീം മൗലവി, ജന. സെക്രട്ടറി കുന്നില്‍ ഷാജഹാന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 322 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക