|    Nov 18 Sat, 2017 12:10 pm
Home   >  Todays Paper  >  page 12  >  

സംസ്ഥാനത്ത് പ്രതിദിനം നഷ്ടമാവുന്നത് 1111 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം

Published : 28th October 2016 | Posted By: SMR

എച്ച്  സുധീര്‍

തിരുവനന്തപുരം: കുടിവെള്ളക്ഷാമം പ്രതിരോധിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ നീങ്ങുന്നതിനിടെ ജലവിതരണസംവിധാനത്തിലെ പാളിച്ചകള്‍ തിരിച്ചടിയാവുന്നു. മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് ഈ വര്‍ഷം വരള്‍ച്ച കൂടുതല്‍ രൂക്ഷമാവാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 30 വരെ ശരാശരി 2,046 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍, ഇത്തവണ ഇതുവരെ 1,377 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്. ഈ വര്‍ഷം 32.7 ശതമാനം മഴയുടെ കുറവാണ് നേരിട്ടത്. തുലാവര്‍ഷത്തിലാണ് ഇനിയുള്ള പ്രതീക്ഷ. അവിടെയും തിരിച്ചടി നേരിട്ടാല്‍ കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഭീകരമായ സ്ഥിതിയിലേക്ക് സംസ്ഥാനം നീങ്ങുമെന്നതില്‍ സംശയമില്ല.
അതേസമയം, പ്രതിസന്ധി മറികടക്കാനുള്ള ജലവിഭവ വകുപ്പിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും പൈപ്പ് പൊട്ടലും വിതരണശൃംഖലയിലെ തകരാറുകളും മൂലം വന്‍തോതില്‍ ജലം പാഴാവുന്നത് തിരിച്ചടിയാവുകയാണ്. അത്തരം പ്രശ്‌നങ്ങളെ തുടര്‍ന്ന് ആകെ ഉല്‍പാദിപ്പിക്കുന്ന ശുദ്ധജലത്തിന്റെ ഏകദേശം 45 ശതമാനം (1111 ദശലക്ഷം ലിറ്റര്‍) വരെ പ്രതിദിനം നഷ്ടമാവുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുവഴി വരുന്ന സാമ്പത്തികനഷ്ടം ഏകദേശം ഒരുദിവസത്തേക്ക് 44 ലക്ഷത്തോളം വരും. എന്നാല്‍, നഷ്ടമാവുന്ന ജലം എത്രയെന്ന കൃത്യമായ കണക്കുകള്‍ വകുപ്പിന്റെ കൈവശമില്ല.
ജലനഷ്ടം കണക്കാക്കുന്നതിന് ദീര്‍ഘകാല പഠനവും ചെലവേറിയ സാങ്കേതികസംവിധാനങ്ങളും ആവശ്യമാണെന്നിരിക്കെ കൃതൃമായ കണക്ക് ശേഖരിക്കുന്നതിന് നിലവില്‍ സംവിധാനമില്ലെന്നാണ് വകുപ്പ് അധികൃതരുടെ വിശദീകരണം. അതിനാല്‍ നഷ്ടപ്പെടുന്ന ജലത്തിന്റെ തോത് ഇതിനു മുകളില്‍ വരും. 2006 കാലഘട്ടത്തില്‍ ജെഐസിഎ പദ്ധതിയുടെ ഭാഗമായി നടത്തിയ പൈലറ്റ് ലീക്ക് ഡിറ്റക്ഷന്‍ സ്റ്റഡിയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജലനഷ്ടം 45 ശതമാനമെന്ന് കണക്കാക്കിയിട്ടുള്ളത്. 10 വര്‍ഷം പിന്നിട്ട സാഹചര്യത്തി ല്‍ നഷ്ടം 45 ശതമാനത്തില്‍ കൂടുമെന്ന് ഉറപ്പാണ്.
നിലവില്‍ 14 ജില്ലകളില്‍ നിന്നായി പ്രതിദിനം 2,469 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് വിതരണത്തിനായി ശുദ്ധീകരിച്ചെടുക്കുന്നത്. കാലപ്പഴക്കം മൂലം ലീക്കുകള്‍ ഉണ്ടാവുന്ന പൈപ്പ് മാറ്റിസ്ഥാപിച്ച് ജലനഷ്ടം ഒഴിവാക്കാനാണ് ജലവിഭവവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാല്‍, ജല അതോറിറ്റിയുടെ ജലവിതരണശൃംഖല ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതിനാല്‍ പഴയ പൈപ്പുകളെ സംബന്ധിച്ച് കൃത്യമായ വിവരം കണക്കാക്കാന്‍ സാധിക്കുകയില്ലെന്നതും തിരിച്ചടിയാണ്. പഴയ പൈപ്പുകള്‍ മാറ്റുന്നത് കൂടാതെ വിതരണശൃംഖലയില്‍ ഉണ്ടാവുന്ന ലീക്കുകള്‍ അടിയന്തരമായി പരിഹരിച്ച് ജലനഷ്ടം ഒഴിവാക്കിയില്ലെങ്കില്‍ വലിയ ദുരന്തത്തിലേക്കാവും സംസ്ഥാനം നീങ്ങുക. സംസ്ഥാനത്ത് വരള്‍ച്ചയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാ ല്‍ കരുതലിന്റെ ഭാഗമായി ജലം സൂക്ഷ്മമായി വിനിയോഗിക്കണമെന്ന് എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും വകുപ്പ് നിര്‍ദേശം ന ല്‍കിയിട്ടുണ്ട്. ജലസേചനവകുപ്പിന്റെ ജലസംഭരണികളില്‍ 22.5 ശതമാനം ജലത്തിന്റെ കുറവുണ്ട്. വൈദ്യുതി വകുപ്പിന്റെ ജലസംഭരണകളിലും വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. തുലാമഴ പരമാവധി തടഞ്ഞുനിര്‍ത്തി ഭൂഗര്‍ഭ ജലശോഷണം തടയാനുള്ള നീക്കങ്ങളാണ് വകുപ്പ് നടത്തുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കി. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാലുകള്‍, തോടുകള്‍ ഉള്‍െപ്പടെയുള്ള ജലസ്രോതസ്സുകള്‍ ശുചീകരിക്കും. വ്യാപകമായി മഴക്കുഴികള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക