|    Nov 15 Thu, 2018 1:00 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കാന്‍ നീക്കം; പരിഷ്‌കരണം എങ്ങുമെത്തിയില്ല

Published : 6th December 2015 | Posted By: SMR

കെ എം അക്ബര്‍

ചാവക്കാട്: സംസ്ഥാനത്ത് പാ ല്‍വില വര്‍ധിപ്പിക്കാന്‍ നീക്കം നടക്കവേ പാല്‍വില ചാര്‍ട്ട് പരിഷ്‌കരണം എങ്ങുമെത്തിയില്ല. പാലിന്റെ ഗുണവ്യത്യാസമനുസരിച്ച് വ്യത്യസ്ത വില നിശ്ചയിക്കുന്ന ചാര്‍ട്ടിന് അടിസ്ഥാനമാക്കുന്ന ഘടകങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും അത്യുല്‍പാദനശേഷിയുള്ള കന്നുകാലികള്‍ വന്ന ശേഷവും പഴയ വിലനിര്‍ണയ രീതി അവലംബിച്ചാല്‍ നിലനില്‍പ്പുണ്ടാവില്ലെന്നുമുള്ള ക്ഷീരകര്‍ഷകരുടെ പരാതി വ്യാപകമായപ്പോഴാണ് പാല്‍വില ചാര്‍ട്ട് പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ച സംസ്ഥാനത്തു സജീവമായത്.
പാല്‍വില ചാര്‍ട്ട് പരിഷ്‌കരിച്ചാല്‍ നഷ്ടത്തിന്റെ തോത് ഒരു പരിധി വരെ കുറയ്ക്കാനാവുമെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ചാര്‍ട്ട് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമായി. തുടര്‍ന്ന് ചാര്‍ട്ട് പരിഷ്‌കരണത്തിനായി വിദഗ്ധ സമിതിയെ നിശ്ചയിക്കുമെന്നും ഇതില്‍ കര്‍ഷക പ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കെ സി ജോസഫും ക്ഷീരവികസന വകുപ്പ് ഡയറക്ടറും രേഖാമൂലം ഉറപ്പു നല്‍കി. എന്നാല്‍, ഇതു സംബന്ധിച്ച് ഇതേവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ തീരുമാനം അട്ടിമറിക്കാനെന്നോണം നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിനെക്കൊണ്ട് ഇതേക്കുറിച്ചു പഠനം നടത്താനുള്ള നീക്കം അണിയറയില്‍ നടക്കുകയാണെന്നാണ് ക്ഷീര കര്‍ഷകരുടെ ആരോപണം.
കാര്‍ഷിക കോളജിന്റെയും ക്ഷീരവികസന വകുപ്പിന്റെയും പഠന റിപോര്‍ട്ട് നിലവിലുള്ളപ്പോഴാണ് മറ്റൊരു പഠനം വരുന്നത്. കാലിവളര്‍ത്തലില്‍ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്തമാണെന്നിരിക്കെ നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ പഠനം തിരിച്ചടിയാവാനാണു സാധ്യതയെന്നും കര്‍ഷകര്‍ ആശങ്കപ്പെടുന്നു. നിലവില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ചാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലിനു വില നിര്‍ണയിക്കുന്ന മില്‍മയുടെ അതേ പാത തന്നെയാണ് സംസ്ഥാനത്തെ മറ്റു സ്വകാര്യ ഏജന്‍സികളും പിന്തുടരുന്നത്. നിലവിലെ ചാര്‍ട്ട് പ്രകാരം പാലിന്റെ വില നിര്‍ണയിക്കുന്നത് അശാസ്ത്രീയമായ രീതിയിലാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
സംസ്ഥാനത്ത് 12,50,000 ലിറ്റര്‍ പാല്‍ വില്‍ക്കുന്നതായാണ് മില്‍മയുടെ കണക്ക്. എന്നാല്‍, പ്രതിദിനം 10,80,000 ലിറ്റര്‍ പാലാണ് കേരളത്തിലെ ഉല്‍പാദനം. ബാക്കി ആവശ്യമായ പാല്‍ ഇതരസംസ്ഥാനത്തു നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിച്ചില്ലെങ്കില്‍ പാലുല്‍പാദനം ഇനിയും താഴോട്ടു പോവുമെന്നാണ് മില്‍മ അധികൃതര്‍ പറയുന്നത്. നിലവില്‍ ഒരു ലിറ്റര്‍ പാല്‍ കര്‍ഷകര്‍ മില്‍മയ്ക്കു നല്‍കിയാല്‍ ലഭിക്കുന്ന ശരാശരി വില 28, 29 രൂപയാണ്. അതേസമയം ഒരു ലിറ്റര്‍ പാലിന്റെ ശരാശരി ഉല്‍പാദനച്ചെലവ് 35 രൂപയാണെന്നും കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പശുക്കളുടെ വില കുത്തനെ ഉയര്‍ന്നു. പത്തു ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശുവിനെ വാങ്ങണമെങ്കില്‍ കുറഞ്ഞത് അരലക്ഷം രൂപയാവും.
കാലിത്തീറ്റ, മരുന്ന്, പച്ചപ്പുല്ല് എന്നിവയ്ക്കുള്ള ചെലവും കൂടി. പരിപാലനച്ചെലവും കൂട്ടിയാല്‍ നഷ്ടമേറും. ചാണകം ഉള്‍പ്പെടെയുള്ളവ വിറ്റും പാല്‍ വീടുകളിലും ഹോട്ടലുകളിലും മറ്റും നല്‍കിയുമാണു നഷ്ടം നികത്തുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss