|    May 26 Fri, 2017 8:42 pm
FLASH NEWS

സംസ്ഥാനത്ത് ജുഡീഷ്യല്‍ അടിയന്തരാവസ്ഥ: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Published : 29th July 2016 | Posted By: SMR

കൊച്ചി: ജുഡീഷ്യറിയുടെ ഇടനാഴികളില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ജുഡീഷ്യല്‍ അടിയന്തരാവസ്ഥയെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍.
മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും നിഷേധിക്കുന്നതിനെതിരേ പീപ്പിള്‍സ് ഇനിഷ്യേറ്റിവ് ഹൈക്കോടതി ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധാഗ്‌നി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് കോടതിയുടെ ഉടമകള്‍. കോടതിയില്‍ എന്ത് നടക്കുന്നു എന്നറിയാനുള്ള അധികാരം ജനങ്ങള്‍ക്കുണ്ട്.
ജനങ്ങളുടെ പ്രതിനിധികളാണ് മാധ്യമപ്രവര്‍ത്തകര്‍. മാധ്യമങ്ങളെ നിയന്ത്രിക്കുക വഴി ജുഡീഷ്യറിയുടെ ഇടനാഴികളില്‍ ഇരുട്ട് പരന്നിരിക്കുന്നു. അത് മാറ്റാനുള്ള ജനകീയ പ്രതിരോധത്തിന് തുടക്കം കുറിയ്‌ക്കേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയെയും നിയമ സാക്ഷരതയും കേരളത്തെ ബോധ്യപ്പെടുത്തിയത് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ക്കെതിരേ കോടതി എന്നതാണ് ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥ. പ്രശ്‌നങ്ങള്‍ രമ്യമായി തീര്‍ക്കണം. അടച്ചിട്ട കോടതി നിയമവിരുദ്ധമാണ്.
കോടതി വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണം പാടില്ല. അഭിഭാഷകരില്‍ ഭൂരിപക്ഷവും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവരാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സൂചനകളാണ് കോടതിയില്‍ നിന്ന് പുറത്തേക്ക് വരുന്നതെന്ന് സമ്മേളനത്തില്‍ ആമുഖ പ്രസംഗം നടത്തിയ അഡ്വ. സി പി ഉദയഭാനു പറഞ്ഞു.  ഹൈക്കോടതി കെട്ടിടം അഭിഭാഷകരുടേത് മാത്രമല്ല. അഭിഭാഷകന്‍ തെറ്റ് ചെയ്തത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമാണോ ധാര്‍മിക രോഷം കൊല്ലേണ്ടത്.
അറിയാനുള്ള അവകാശം നിയന്ത്രിക്കുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാഫ. കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബഷീര്‍, ഡോ. ജി സദാശിവന്‍ നായര്‍, എന്‍ പദ്മനാഭന്‍, ആര്‍ ഗോപകുമാര്‍ സംസാരിച്ചു. ജുഡീഷ്യറിയുടെ അന്ധകാരം നീക്കുന്നതിനായി പ്രതീകാത്മകമായി മെഴുകുതിരികള്‍ കത്തിച്ച് പ്രതിഷേധാഗ്‌നി ജ്വലിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day