|    May 27 Sat, 2017 11:33 pm
FLASH NEWS

സംസ്ഥാനത്ത് കാലവര്‍ഷം കുറഞ്ഞു

Published : 5th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷ ലഭ്യതയില്‍ വന്‍ കുറവ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 143 സെന്റിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍, 105 സെന്റിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 27 ശതമാനത്തിന്റെ കുറവാണ് ഇക്കാലയളവിനുള്ളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
കനത്തമഴ ലഭിക്കുന്ന കര്‍ക്കടകത്തിലാണ് ഇക്കുറി മഴ ഗണ്യമായ തോതില്‍ കുറഞ്ഞതെന്നതും ശ്രദ്ധേയമാണ്. ആരംഭത്തില്‍ വന്‍തോതില്‍ ലഭിച്ചിരുന്ന മണ്‍സൂണ്‍ ജൂലൈ 18നു ശേഷമാണ് ദുര്‍ബലമായത്. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. 76 സെന്റിമീറ്റര്‍ മഴയാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. 60 ശതമാനം കുറവ്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 127 ശതമാനം രേഖപ്പെടുത്തിയ ഇവിടെ 10 ശതമാനത്തിന്റെ മാത്രമാണ് കുറവുള്ളത്. ഒരു കേന്ദ്രങ്ങളിലും ഇതുവരെ ലഭിക്കേണ്ട മഴ കൃത്യമായി ലഭിച്ചില്ല എന്നതാണ് വസ്തുത. വടക്കുപടിഞ്ഞാറുനിന്ന് ശക്തമായി കാറ്റുവീശുന്നതാണ് മഴകുറയാന്‍ കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നത്. കൂടാതെ ന്യൂനമര്‍ദ്ദങ്ങളുടെ തോതും കുറയുന്നുണ്ട്.
മണ്‍സൂണ്‍ സീസണില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാറുണ്ട്. ഇത് കനത്ത മഴയ്ക്ക് സഹായകരമായിരുന്നു. എന്നാല്‍, ഇക്കുറി ഇത് കുറവാണ്. വടക്കുനിന്നു രൂപപ്പെടുന്നവ കേരളത്തിന്റെ വടക്കന്‍ തീരങ്ങളില്‍ വന്ന് ദുര്‍ബലപ്പെടുകയും ചെയ്യുന്നു. ഇതും മഴകുറയാന്‍ കാരണമാവുന്നുണ്ട്. എന്നാല്‍, മണ്‍സൂണ്‍ സീസണ്‍ അവസാനിക്കാന്‍ രണ്ടുമാസം കൂടിയുള്ളതിനാല്‍ മഴയുടെ തോത് കുറയുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ആഗസ്ത്-സപ്തംബര്‍ മാസങ്ങളില്‍ 107 സെന്റിമീറ്റര്‍ മഴ രാജ്യത്തുടനീളം ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day