|    Jan 20 Fri, 2017 9:39 pm
FLASH NEWS

സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ വീടുകളില്‍ നടന്നത് 739 പ്രസവങ്ങള്‍

Published : 25th August 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വീടുകളില്‍ നടന്നത് 739 പ്രസവങ്ങളെന്ന് ആരോഗ്യവകുപ്പ്. 2015 ജൂണ്‍ 30 മുതല്‍ 2016 ജൂണ്‍ 30 വരെയുള്ള കണക്കാണ് വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സ ര്‍ക്കാര്‍ ആശുപത്രികളില്‍ ഇക്കാലയളവില്‍ ആകെ 41,384 പ്രസവങ്ങളാണു നടന്നത്. ഇതില്‍ 18,218 എണ്ണം സിസേറിയനും ബാക്കി 23,166 സുഖപ്രസവങ്ങളുമാണ്.
വീടുകളിലെ പ്രസവങ്ങളില്‍ മലപ്പുറം ജില്ലയാണ് ഒന്നാംസ്ഥാനത്ത്- 209. രണ്ടാംസ്ഥാനത്ത് വയനാട് ജില്ലയും- 200. പാലക്കാട് ജില്ലയില്‍ 95 പ്രസവങ്ങള്‍ വീടുകളില്‍ നടന്നിട്ടുണ്ട്. പരമ്പരാഗതരീതിയില്‍ പ്രസവം വീടുകളിലാക്കിയതല്ല ഇതിനു കാരണം. ആരോഗ്യസംവിധാനരംഗത്ത് ഏറ്റവും പിന്നിലുള്ള മൂന്ന് ജില്ലകളാണ് മലപ്പുറവും വയനാടും പാലക്കാടും. ആദിവാസികളും ന്യൂനപക്ഷ ജനവിഭാഗങ്ങളും ധാരാളം തിങ്ങിപ്പാര്‍ക്കുന്ന ഈ ജില്ലകള്‍ എല്ലാരംഗത്തും അവഗണിക്കപ്പെടുകയാണ്. സൗകര്യങ്ങളും സംവിധാനങ്ങളും ഇല്ലാത്തതുകൊണ്ടാണ് അമ്മമാര്‍ക്ക് വീടുകളില്‍ പ്രസവിക്കേണ്ടിവന്നത്.
ഇടുക്കിയില്‍- 61ഉം കാസര്‍കോട്ട്- 30ഉം കൊല്ലത്ത്- 24ഉം സ്ത്രീകള്‍ വീടുകളില്‍ പ്രസവിച്ചിട്ടുണ്ട്. കോട്ടയത്ത് അഞ്ചും പത്തനംതിട്ടയില്‍ ഒമ്പതും ആലപ്പുഴയില്‍ 10ഉം പ്രസവങ്ങളും വീടുകളിലാണു നടന്നിട്ടുള്ളത്. ആരോഗ്യരംഗത്ത് സംസ്ഥാനം കുതിച്ചുചാട്ടം നടത്തുന്നുവെന്നു പറയുമ്പോഴും സ്ത്രീകളുടെ പ്രസവം വീടുകളിലാവുന്നത് വലിയ ചോദ്യചിഹ്നമാവുകയാണ്.
വാഹനസൗകര്യവും റോഡ് സൗകര്യവും ഒന്നുമില്ലാത്ത പിന്നാക്കപ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കാണ് പ്രതിരോധ കുത്തിവയ്പുകളോ കൃത്യമായ ആരോഗ്യപരിചരണമോ ലഭിക്കാതെ വീടുകളില്‍ പ്രസവിക്കേണ്ടിവരുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ ജനിച്ചുവീണ 739 കുഞ്ഞുങ്ങളില്‍ 50 കുഞ്ഞുങ്ങള്‍ പ്രസവസമയത്തുതന്നെ മരണപ്പെട്ടതായി രേഖകള്‍ പറയുന്നു. 12 അമ്മമാരും മരണപ്പെടുകയുണ്ടായി. 48 കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായ ജനതികവൈകല്യങ്ങള്‍ കാണുകയുണ്ടായി.
പ്രതികൂല സാഹചര്യങ്ങളില്‍ ജനിച്ചുവീണ ഈ കുഞ്ഞുങ്ങളില്‍ ഭൂരിപക്ഷത്തിനും വളര്‍ച്ചാവൈകല്യങ്ങളും മാനസിക-ശാരീരിക വൈകല്യങ്ങളും കാണപ്പെടുന്നതായി വിദഗ്ധര്‍ പറയുന്നു.
പോഷകാഹാരക്കുറവുമൂലം അമ്മമാര്‍ക്കും കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എല്ലാ കുഞ്ഞുങ്ങള്‍ക്കും തൂക്കക്കുറവും പോഷകാഹാരക്കുറവിന്റെ കെടുതികളും ഉണ്ടായിട്ടുണ്ട്. ഒരാഴ്ച മുതല്‍ ഒരുമാസം വരെ ചികില്‍സ ലഭിക്കാത്ത കുട്ടികളും ഇവരിലുണ്ട്. ആരോഗ്യരംഗത്തെ ശോച്യാവസ്ഥയാണ് ഇതു കാണിക്കുന്നത്. മലബാറിലെ ജില്ലകളിലാണ് ആരോഗ്യരംഗത്ത് വേണ്ടത്ര വികസനം കടന്നുചെല്ലാത്തതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നില്ലെന്നതും ഖേദകരമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 121 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക