|    Mar 26 Sun, 2017 9:16 am
FLASH NEWS

സംസ്ഥാനത്ത് ആദ്യമായി ഇലക്ഷന്‍ കമ്മീഷന്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പ് നടത്തുന്നു

Published : 21st August 2016 | Posted By: SMR

കോട്ടയം: പാലാ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ ഇലക്ഷന്‍ കമ്മീഷന്‍ നേരിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇലക്ഷന്‍ കമ്മീഷന്‍ നേരിട്ട് ഒരു സ്‌കൂളിലെ അധ്യയന വര്‍ഷത്തെ പാര്‍ലമെന്റിനെ തിരഞ്ഞെടുക്കുന്നത്. 23നാണ് തിരഞ്ഞെടുപ്പ്. റിട്ടേണിങ് ഓഫിസര്‍, പ്രിസൈഡിങ് ഓഫിസേഴ്‌സ്, പോളിങ് ഓഫിസേഴ്‌സ് എന്നിവരെ സ്‌കൂള്‍ അധ്യാപകരില്‍ നിന്നു തന്നെയാണ് നിയമിച്ചിരിക്കുന്നത്.
സ്‌കൂള്‍ പ്രസിഡന്റ്, ഹെഡ് ബോയ്, ഹെഡ് ഗേള്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ എന്നീ തസ്തികകളിലേക്കാണ് വാശിയേറിയ തിരഞ്ഞെടുപ്പ്. 20ലേറെ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ ജനസമ്മിതി പരീക്ഷിക്കുന്നുണ്ട്. വോട്ടര്‍ ഐഡിയുടെ സ്ഥാനത്ത് സ്‌കൂള്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് പരിശോധിച്ചു വോട്ടറുടെ നിജസ്ഥിതി  ഉറപ്പുവരുത്തും. രാവിലെ എട്ടിന് തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അതതു ബൂത്തുകളില്‍ എത്തും. വോട്ടിങ് ക്രമീകരണങ്ങളും മോക്ക് പോളും നടത്തി കൃത്യം ഒമ്പതിന് വോട്ടിങ് ആരംഭിക്കും. 1.30ന് വോട്ടിങ് അവസാനിക്കും. ഉച്ചകഴിഞ്ഞ് 2.30ന് വോട്ടെണ്ണലും ഫലപ്രഖ്യാപനങ്ങളും നടത്തുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും ചെയ്യുന്നത് ഇലക്ഷന്‍ കമ്മീഷനില്‍ നിന്നു തന്നെയുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ്.
ഇതു സംബന്ധിച്ചുള്ള ഉത്തരവ് ജസ്റ്റിസ് ഭാസ്‌കരന്‍ അധ്യക്ഷനായുള്ള സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ ഓഫിസില്‍ നിന്നു കലക്ടര്‍ക്കും ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതിന്‍പ്രകാരം ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കമുള്ള പരിശീലക ടീമിനെ സ്‌കൂളിലേക്ക് നിയോഗിച്ച് കലക്ടര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മൂന്നു ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. ഓരോന്നിലും നാല് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വീതമുണ്ടാവും.
സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളെല്ലാം ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ തന്നെയാണ്. വോട്ടിങ് ദിവസം ഇലക്ഷന്‍ കമ്മീഷന്റെ നിരീക്ഷകര്‍ സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനും സ്‌കൂളിലെത്തും. കഴിഞ്ഞ തലമുറ ത്യാഗപൂര്‍വം നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞു വളര്‍ന്നെങ്കില്‍ മാത്രമേ നാളത്തെ തലമുറ ജനാധിപത്യ സംവിധാനങ്ങളെ മാനിക്കുകയുള്ളൂവെന്നുള്ള തിരിച്ചറിവില്‍ നിന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ പുതിയ നീക്കം.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക