|    Dec 17 Mon, 2018 6:46 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാനത്ത് ആകെ 521 നാട്ടാനകള്‍: സെന്‍സസ് റിപോര്‍ട്ട്‌

Published : 1st December 2018 | Posted By: kasim kzm

കൊച്ചി: വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന നാട്ടാന സെന്‍സസ് പ്രകാരം സംസ്ഥാനത്തുള്ള ആകെ നാട്ടാനകള്‍ 521. ഇതില്‍ 401 കൊമ്പനും 98 പിടിയാനകളും 22 മോഴകളും ഉള്‍പ്പെടുന്നു. ഏറ്റവും പ്രായം കുറഞ്ഞ ആന കോട്ടൂര്‍ ആനവളര്‍ത്തല്‍ കേന്ദ്രത്തിലെ കണ്ണനാണ് (ഒമ്പതുമാസം). പ്രായം കൂടിയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തിരുവനന്തപുരത്തെ ചെങ്കള്ളൂര്‍ ക്ഷേത്രത്തിലെ ദാക്ഷായണി (87 വയസ്സ്). ആനകളുടെയും ഉടമസ്ഥരുടെയും പാപ്പാന്മാരുടെയും പേരുവിവരങ്ങള്‍, ആനകളെ തിരിച്ചറിയാനുള്ള മൈക്രോചിപ്പ് വിവരങ്ങള്‍ എന്നിവയ്ക്കു പുറമേ ആനകളുടെ ഡിഎന്‍എ പ്രൊഫൈല്‍ സഹിതമുള്ള വിശദാംശങ്ങളാണ് സെ ന്‍സസിന്റെ ഭാഗമായി ശേഖരിച്ചത്. ആനയുടെ ഉയരം, നീളം, തുമ്പിക്കൈ, കൊമ്പ്, വാല്‍ എന്നിവയുടെ അളവ്, ചിത്രങ്ങള്‍ എന്നിവയെല്ലാം വിവരശേഖരത്തില്‍ ഉള്‍പ്പെടും.
ഏറ്റവും കൂടുതല്‍ ആനകള്‍ ഉള്ളത് തൃശൂര്‍ ജില്ലയിലും കുറവ് കണ്ണൂരുമാണ്. തൃശൂരില്‍ 145ഉം കണ്ണൂരില്‍ മൂന്നും നാട്ടാനകളാണുള്ളതെന്നാണ് സെന്‍സസില്‍ വ്യക്തമാക്കുന്നത്. നാട്ടാനകളില്ലാത്ത ഏക ജില്ല കാസര്‍കോടാണ്. തിരുവനന്തപുരം- 48, കൊല്ലം- 61, പത്തനംതിട്ട- 25, ആലപ്പുഴ- 20, കോട്ടയം- 64, ഇടുക്കി- 48, എറണാകുളം- 23, പാലക്കാട്- 55, മലപ്പുറം- ഏഴ്, കോഴിക്കോട്- 12, വയനാട്- 10 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. ജില്ലകളിലെ സാമൂഹിക വനവല്‍ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുടെ നേതൃത്വത്തില്‍ ആനകളുടെ എണ്ണത്തിന് ആനുപാതികമായി സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആകെ 87 സ്‌ക്വാഡുകളാണ് ഉണ്ടായിരുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് വിവരസമാഹരണം നടത്തിയത്. സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആനകളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്. വിശദമായ സെന്‍സസ് റിപോര്‍ട്ട് ഡിസംബര്‍ 31നുള്ളില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി കെ കേശവന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss