|    Nov 21 Wed, 2018 5:48 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാനത്തെ മഹാപ്രളയം; ഡാം മാനേജ്‌മെന്റിന്റെ പാളിച്ചയെന്ന് വിമര്‍ശനം

Published : 24th August 2018 | Posted By: kasim kzm

പത്തനംതിട്ട: സംസ്ഥാനത്തെ വിഴുങ്ങിയ മഹാപ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിന്റെ പാളിച്ചയെന്ന ആരോപണം ശക്തമാവുന്നു. ക്രമാതീതമായി നീരൊഴുക്ക് വര്‍ധിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ദിവസങ്ങള്‍ക്കു മുമ്പേ ആവശ്യമുയര്‍ന്നിട്ടും പരമാവധി വെള്ളം സംഭരിക്കാനുള്ള വൈദ്യുതി വകുപ്പിന്റെ നീക്കമാണ് പ്രളയത്തിന് വഴിയൊരുക്കിയതെന്നാണു വിമര്‍ശനം. എന്നാല്‍, തുടര്‍ച്ചയായി മൂന്നുദിവസം തോരാതെ മഴ പെയ്തതോടെ ഡാമുകളെല്ലാം തുറക്കേണ്ടിവന്നു. പലയിടത്തും ട്രയല്‍ റണ്‍ പോലും നടത്താന്‍ തയ്യാറാവാതിരുന്നതിനാല്‍ ദുരന്തത്തിന്റെ ആഴമേറി. ശബരിഗിരി പദ്ധതിയിലെ മൂന്ന് ഡാമുകളും ഒന്നിച്ചു തുറന്നതോടെ റാന്നിയും ആറന്‍മുളയും ചെങ്ങന്നൂരുമെല്ലാം മുങ്ങിപ്പോയി. ഇടുക്കിയിലും ഇടമലയാറിലും മുല്ലപ്പെരിയാറിലും വയനാട്ടിലെ ബാണാസുര സാഗറിലും ഇതേ സാഹചര്യം ഉടലെടുത്തു. തുലാവര്‍ഷം കൂടി ശേഷിക്കെയാണ് ഇടുക്കി ഉള്‍െപ്പടെയുള്ള ഡാമുകളിലെ ജലനിരപ്പ് പരമാവധിയിലെത്തിയത്. ഇതു തിരിച്ചറിഞ്ഞ് പ്രായോഗികബുദ്ധിയോടെ ജലനിരപ്പ് നേരത്തേ തന്നെ നിയന്ത്രിച്ചിരുന്നെങ്കില്‍ പ്രളയം ഉണ്ടാവുമായിരുന്നില്ലെന്നും പറയുന്നു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും ജനവാസമേഖലകളില്‍ കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെയും സംസ്ഥാന രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി പദ്ധതിയുടെ ഭാഗമായ ഡാമുകള്‍ രാത്രികാലത്ത് തുറന്നുവിട്ടതാണ് കൊടിയ ദുരന്തം വിതച്ചതെന്ന് ബിഡിജെഎസ് ആരോപിച്ചു. രാത്രിയില്‍ ആവശ്യമായ മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതിനാല്‍ ജനങ്ങള്‍ക്ക് പെട്ടെന്ന് ഒഴിഞ്ഞുപോവാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. അശാസ്ത്രീയമായും പ്രായോഗികബുദ്ധിയില്ലാതെയും ദീര്‍ഘവീക്ഷണമില്ലാതെയും കാര്യങ്ങള്‍ കൈകാര്യം ചെയ്ത സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഡാമുകള്‍ തുറന്ന് വെള്ളത്തിന്റെ ദുരിതം ജനങ്ങള്‍ അനുഭവിച്ചശേഷം മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായത്. റാന്നി എംഎല്‍എ രാജു എബ്രഹാം കാര്യങ്ങളുടെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഡാമുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും ഗുരുതര വീഴ്ചയും ഉണ്ടായിട്ടുണ്ട്. സത്യസന്ധവും സമഗ്രവുമായ അന്വേഷണം ഉണ്ടാവണമെന്ന് ബിഡിജെഎസ് ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ ഡാമുകള്‍ ഒന്നിച്ച് അമിതമായ അളവില്‍ തുറന്നുവിട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ആവശ്യപ്പെട്ടു. ജില്ലയില്‍ വന്‍ പ്രളയം ഉണ്ടാക്കിയത് മുന്നറിയിപ്പു കൂടാതെ എല്ലാ ഡാമുകളും തുറന്നതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാനത്തെ പ്രളയം ഡാമുകള്‍ വരുത്തിവച്ച ദുരന്തമെന്ന് മേധാ പട്കര്‍. ഡാം മാനേജ്‌മെന്റില്‍ പാളിച്ച പറ്റി. വൈദ്യുതി ഉല്‍പാദനത്തിനു വേണ്ടി ഡാം ലോബികള്‍ക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ കീഴടങ്ങിയെന്നും മേധാ പട്കര്‍ ആരോപിച്ചു. കേരളത്തിന് അര്‍ഹമായ സഹായമാണ് യുഎഇ നല്‍കിയതെന്നും എന്നാല്‍ നിരസിച്ച നടപടി ദൗര്‍ഭാഗ്യകരമാണെന്നും മേധാ പട്കര്‍ പറഞ്ഞു. മുന്‍വിധി വെടിഞ്ഞ് സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മേധാ പട്കര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss