|    Dec 13 Thu, 2018 2:19 pm
FLASH NEWS

സംസ്ഥാനത്തെ പ്രഥമ കാറ്റാടി പദ്ധതി വിസ്മൃതിയിലേക്ക്

Published : 1st August 2016 | Posted By: SMR

പാലക്കാട്: ആലത്തൂര്‍ താലൂക്കില്‍ തേങ്കുറുശ്ശി ഗ്രാമപ്പഞ്ചായത്തിലെ കോട്ടമലയില്‍ വൈദ്യുതി ഉല്‍പാദനത്തിനായി നിര്‍മിച്ച കാറ്റാടി ഉപയോഗ ശൂന്യമാവുന്നു. കാറ്റില്‍നിന്നും വൈദ്യുതിയെന്ന ആശയം ഉടലെടുത്തതോടെ പരീക്ഷണാര്‍ത്ഥം ആദ്യമായി കാറ്റാടി സ്ഥാപിച്ചത് കോട്ടമലയിലാണ്.
എര്‍ത്ത് ആന്റ് സയന്‍സ് വിഭാഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് വിന്‍ഡ് ജനറേറ്റര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനനുയോജ്യമായ സ്ഥലമാണ് കോട്ടമലയിലേതെന്ന് കണ്ടെത്തിയത്. കാറ്റാടിയില്‍ നിന്നും മിനിറ്റില്‍ ഒരു യൂനിറ്റെന്ന കണക്കില്‍ ദിവസേന 1440 യൂനിറ്റ് വൈദ്യുതി ഉല്‍ പാദിപ്പിക്കാമെന്നാണ് കണ്ടെത്തിയത്. എന്നാല്‍ പരീക്ഷണമായതിനാല്‍ തുടക്കത്തില്‍തന്നെ കൃത്യമായ പ്രയോജനങ്ങളൊന്നും ലഭിക്കാതെ പദ്ധതി പരാജയപ്പെട്ടുവെങ്കിലും പരീക്ഷണം വിജയിച്ചു. അങ്ങനെയാണ് കേരളത്തിലും പുറത്തും വലിയ അളവില്‍ വൈദ്യുതി ഉല്‍പാദനത്തിനായി വ്യാപകമായ തോതില്‍ കാറ്റാടികള്‍ സ്ഥാപിച്ചത്.
കാറ്റിന്റെ ഗതിക്കനുസരിച്ച് തിരിയുന്ന വിധത്തില്‍ 80 അടി ഉയരത്തില്‍ തൂണില്‍ ഘടിപ്പിച്ച മൂന്നു പ്രൊപ്പല്ലറുകള്‍ കറങ്ങുമ്പോള്‍ 95ഉം 19ഉം കിലോവാട്ട് ഉല്‍പാദനശേഷിയുള്ള രണ്ടു ജനറേറ്ററുകളില്‍നിന്നും വൈദ്യുതി ലഭിക്കുന്ന വിധമായിരുന്നു സംവിധാനം ചെയ്തിരുന്നത്. ഡെന്മാര്‍ക്കിലെ ബോണസ് കമ്പനിയാണ് ആദ്യത്തെ കാറ്റാടി നിര്‍മിച്ചത്. പൂനയിലെ ഒരു ഏജന്‍സിയാണ് ഇറക്കുമതി ചെയ്ത യന്ത്രഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. ചെറിയ തകരാറുകള്‍പോലും പൂനയിലെ കമ്പനിയില്‍ നിന്നുള്ള വിദഗ്ദര്‍ എത്തിയാണ് ആദ്യകാലത്ത് പരിഹരിച്ചിരുന്നത്.
ഇടയ്ക്കിടെ ഉണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ യന്ത്രഭാഗങ്ങള്‍ സ്റ്റോക്കില്ലാതിരുന്നതും പദ്ധതി മുന്നോട്ടു കൊണ്ടുപോവുന്നതിന് തടസ്സമായി. പാലക്കാട് തൃശൂര്‍ ദേശീയപാതയില്‍ ചിതലി പാലത്തിനും വെള്ളപ്പാറയ്ക്കും ഇടയില്‍നിന്ന് കിഴക്കോട്ട് നോക്കിയാല്‍ ദൂരെ കോട്ടമലയും ആദ്യമായി സ്ഥാപിച്ച കാറ്റാടിയുടെ ബാക്കിപത്രമായ തൂണും കാണാം.
1989മാര്‍ച്ച് 11ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചത്. പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് മെച്ചപ്പെട്ട യൂനിറ്റുകള്‍ പിന്നീട് സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായി സ്ഥാപിക്കപ്പെട്ടതോടെ കോട്ടമലയിലെ പരീക്ഷണ പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായി. മറ്റ് പലയിടങ്ങളിലും കാറ്റാടിപാടങ്ങള്‍ സ്ഥാപിച്ച് വിജയകരമായി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ആദ്യ പരീക്ഷണ കാറ്റാടി സ്ഥാപിച്ച കോട്ടമലയെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss