|    Dec 19 Wed, 2018 2:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംസ്ഥാനത്തെ ദുരന്തനിവാരണത്തിനായി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും: ഐഎംഎ

Published : 30th August 2018 | Posted By: kasim kzm

തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ നാശനഷ്ടമുണ്ടാക്കിയ വെള്ളപ്പൊക്ക ദുരന്തത്തിന്റെ പാഠമുള്‍ക്കൊണ്ട് സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ദുരന്തനിവാരണ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചു.
സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നേരിടണമെന്ന വിഷയത്തില്‍ ഐഎംഎ ദേശീയ നേതൃത്വം സംഘടിപ്പിച്ച സെമിനാറിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് പുറമെ, സുനാമി, ഭൂകമ്പം, തീവ്രവാദ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളും അല്ലാതെയുണ്ടാവുന്ന ദുരന്തങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്ന തരത്തിലുള്ള പരിശീലനങ്ങള്‍ ഉള്‍പ്പെടെയുള്ളതാവും ഇന്‍സ്റ്റിറ്റിയൂട്ട്. ഇതു കൂടാതെ ദുരന്തകാലത്ത് പൊതുജനങ്ങള്‍ക്കുണ്ടായ ആരോഗ്യ വിഷയങ്ങള്‍ പരിഗണിച്ച് ഇത് ഉന്‍മൂലനം ചെയ്യുന്നതിനായി പൊതുജനാരോഗ്യ പദ്ധതി രൂപീകരിക്കാനും തീരുമാനമായി.
പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകളുടെ അഭിപ്രായ—ങ്ങള്‍ തേടി. സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന തരത്തിലാവണം ഇനിയുള്ള ആശുപത്രികളുടെ നിര്‍മാണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളില്‍ പങ്കെടുക്കുന്ന വോളന്റിയേഴ്‌സിന് കാലോചിതമായ രീതിയില്‍ പരിശീലനം നല്‍കണം.
ദുരന്തനിവാരണത്തിന് മുന്നറിയിപ്പ് നല്‍കുന്ന റെഡ് അലര്‍ട്ട് സിസ്റ്റം കാലോചിതമായി പരിഷ്‌കരിക്കണമെന്നും സെമിനാറില്‍ പങ്കെടുത്ത ദുരന്തനിവാരണ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ദുരന്തത്തെ നേരിടുന്നതിന് വേണ്ടിയുള്ള മോക് ഡ്രില്ലുകള്‍ സംസ്ഥാനവ്യാപകമായി ചെറിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ വരെ നടത്തണം.
സംസ്ഥാനത്ത് അനധികൃതമായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പോലും അംഗീകാരം നല്‍കുന്നത് അവസാനിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് മാത്രമേ അംഗീകാരം നല്‍കാവൂ എന്നിങ്ങനെയുള്ള വിവിധ നിര്‍ദേശങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നുവന്നു.
ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കേദ്ക്കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഐഎംഎ 50 ലക്ഷം രൂപ നല്‍കി. ഐഎംഎയുടെ സൗജന്യ ചികില്‍സാ പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കംകുറിച്ചു. ഏകദേശം ദുരന്തബാധിതരായ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് ഈ പദ്ധതി വഴി ഗുണം ലഭിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss