|    Apr 24 Tue, 2018 2:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംസ്ഥാനത്തെ ആര്‍ടി ഓഫിസുകള്‍ കാമറ നിരീക്ഷണത്തിലേക്ക്

Published : 7th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ടി ഓഫിസുകളിലെ അഴിമതി തടയാനും സേവനങ്ങള്‍ സുതാര്യമാക്കാനും നടപടികളുമായി ഗതാഗതവകുപ്പ്. എല്ലാ ആര്‍ടി ഓഫിസുകളും ഇനി കാമറ നിരീക്ഷണത്തിലായിരിക്കും. ഇന്നലെ തിരുവനന്തപുരത്ത് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെയും ഗതാഗതവകുപ്പ് കമ്മീഷണര്‍ എഡിജിപി അനന്തകൃഷ്ണന്റെയും സാന്നിധ്യത്തി ല്‍ ചേര്‍ന്ന കേരളത്തിലെ മോട്ടോര്‍വാഹന വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം. അപകടങ്ങളെക്കുറിച്ചും ഇതുണ്ടാക്കുന്ന കാരണങ്ങളെക്കുറിച്ചും പഠിക്കാനും പരിഹാരമാര്‍ഗങ്ങള്‍ ക്രോഡീകരിക്കാനുമായി ഓണ്‍ലൈന്‍ പരിശോധനാ റിപോര്‍ട്ടിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തുടര്‍ന്നു നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വാഹന്‍ സാരഥി എന്നറിയപ്പെടുന്ന കേന്ദ്രീകൃത ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ സംവിധാനം എല്ലാ ആര്‍ടി ഓഫിസുകളിലും നടപ്പാക്കും.
എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും നികുതി ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കൂ. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ട്കാര്‍ഡായി നല്‍കുന്ന സംവിധാനത്തിലേക്കു മാറും. സ്വകാര്യ ബസ്സുകളുടെ സമയക്രമവും യാത്രാവിവരങ്ങളും ഓണ്‍ലൈന്‍ വഴി നിരീക്ഷിക്കും. ഇതിനായി സിഡാക് തയ്യാറാക്കുന്ന ജിപിഎസ് എല്ലാ വാഹനങ്ങളിലും ഘടിപ്പിക്കും. സമയക്രമം പാലിച്ചില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കും. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കേന്ദ്ര കണ്‍ട്രോ ള്‍ പാനലില്‍ ഷിഫ്റ്റ് ഡ്യൂട്ടിക്ക് ആളെ വച്ച് 24 മണിക്കൂറും നിരീക്ഷിക്കും.
അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ്, നികുതി അടയ്ക്കാനുള്ള സംവിധാനം എന്നിവ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള നടപടി ഉടന്‍ തുടങ്ങും. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ അതീവ സുരക്ഷാ രീതിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ഡിജിറ്റല്‍ കാമറ ഉപയോഗിച്ച് വാഹനപരിശോധന കര്‍ശനമാക്കും. എല്ലാ ഹൈവേകളിലും 24 മണിക്കൂറും വാഹനം നിര്‍ത്താതെ പരിശോധന നടത്തുകയും നിയമം ലംഘിച്ചാല്‍ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഡ്രൈവിങ് ടെസ്റ്റിങ് സ്‌റ്റേഷനുകള്‍ നിലവില്‍ നാലെണ്ണം പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ തയ്യാറായിവരുന്നു. എല്ലാ ആര്‍ടി ഓഫിസുകളിലും സേവനങ്ങള്‍ കംപ്യൂട്ടര്‍ അധിഷ്ഠിതമാക്കിയതിനാല്‍ വേഗത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ കഴിയും. എല്ലാ ആര്‍ടിഒ ഓഫിസുകളിലും ഡിജിറ്റല്‍ ഫയല്‍ സംവിധാനം ഏര്‍പ്പെടുത്തും.
പൊതുജനസൗകര്യത്തിനായി എല്ലാ ഓഫിസുകളിലും ഇ-സേവ കേന്ദ്രങ്ങള്‍ തുടങ്ങും, ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെ ര്‍മിറ്റ് ഓണ്‍ലൈന്‍ ആക്കാനുള്ള സംവിധാനം നടപ്പാക്കും. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് തിയ്യതി ഓണ്‍ലൈന്‍ ആയി മാറ്റും. വാഹനങ്ങളുടെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ദശവര്‍ഷ കര്‍മപദ്ധതി തയ്യാറാക്കും. അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ പരിശീലന പദ്ധതി വിപുലപ്പെടുത്തുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss