|    Apr 27 Fri, 2018 1:01 am
FLASH NEWS

സംസ്ഥാനത്തെ ആദ്യ വനാമി ചെമ്മീന്‍ ഹാച്ചറി കുഫോസില്‍

Published : 18th January 2016 | Posted By: SMR

കൊച്ചി:കേരളത്തില്‍ ആദ്യമായി വനാമി ചെമ്മീന്‍ ഹാച്ചറി സ്ഥാപിക്കുന്നതിന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയ്ക്ക് (കുഫോസ്) ചെന്നൈ ആസ്ഥാനമായ കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റിയുടെ (സി എ എ) അനുമതി. ഹാച്ചറി വരുന്നതോടെ സംസ്ഥാനത്ത് വനാമി ചെമ്മീന്‍ കൃഷിയില്‍ വന്‍മുന്നേറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷ. സര്‍വകലാശാലയുടെ പുതുവൈപ്പിനിലുള്ള ഫിഷറീസ്‌സ്‌റ്റേഷനിലാണ് ഹാച്ചറിസ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ നോപ്ലിയസ് റിയറിംഗ്‌സെന്ററായി ഹാച്ചറി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. സിഎഎയില്‍ നിന്നും അനുമതി ലഭിച്ചതോടെ പുതുവൈപ്പ് ഫിഷറീസ്‌സ്‌റ്റേഷനിലെ വനാമി ഹാച്ചറിവൈകാതെ തന്നെ കമ്മീഷന്‍ ചെയ്യും.
ഒരുവര്‍ഷത്തില്‍ 20 ലക്ഷം രോഗാണുവിമുക്തമായ വനാമി ചെമ്മീന്‍കുഞ്ഞുങ്ങളെ ഹാച്ചറിയില്‍ ഉല്‍പാദിപ്പിക്കും. വൈറസ്‌രോഗബാധ മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ ചെമ്മീന്‍ കൃഷി മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ് വനാമി ചെമ്മീനിന്റെ വരവ്.
എന്നാല്‍ വനാമി കൃഷി നടത്തുന്നതിനാവശ്യമായ കുഞ്ഞുങ്ങളെ ലഭിക്കാന്‍ കര്‍ഷകര്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. കുഫോസില്‍ ഹാച്ചറി വരുന്നതോടെ വനാമി കൃഷിക്ക് കേരളത്തിലും കൂടുതല്‍ പ്രചാരം ലഭിക്കും. സംസ്ഥാനത്ത് വനാമി ചെമ്മീന്‍ കൃഷി വ്യാപകമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധ്യതയുള്ള ഈ ഹാച്ചറി കേരളത്തിന്റെ ചെമ്മീന്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്‌സൃഷ്ടിക്കുതിന് സഹായകരമാകുമെന്ന് വൈസ്ചാന്‍സലര്‍ ഡോ ബി മധുസൂദനക്കുറുപ്പ് പറഞ്ഞു. കുഫോസില്‍ നിലവില്‍ പണി പൂര്‍ത്തിയായ ഹാച്ചറി ഇതിന് വേണ്ടി ഉപയോഗക്ഷമമാക്കും.
നേരത്തെ, കുഫോസ് നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള വനാമി കൃഷി വന്‍ വിജയമായിരുന്നു. തുടര്‍ന്നാണ് വനാമിയുടെ ഹാച്ചറി സ്ഥാപിക്കുന്നതിന് കുഫോസ് സിഎഎയുടെ അനുമതി തേടിയത്. വനാമിയുടെ കുഞ്ഞുങ്ങള്‍ ലഭ്യമാവുന്നതോടെ കൃഷിക്ക് കര്‍ഷകര്‍ക്കിടയില്‍ വന്‍ പ്രചാരമുണ്ടാവും. വനാമി കൃഷിയുടെ രണ്ടാംഘട്ടം അടുത്ത മാസം ആരംഭിക്കാനാണ് കുഫോസ് ലക്ഷ്യമിടുന്നത്. അമേരിക്ക, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ആവശ്യക്കാരേറെയുള്ള ചെമ്മീനാണ് വനാമി. ചുരുങ്ങിയകാലംകൊണ്ട് കൂടുതല്‍ ഉല്‍പ്പാദനം നടത്താനാവുമെന്നതാണ് വനാമി കൃഷിക്ക് പ്രിയമേറുന്നത്. ചാരകലര്‍ന്ന വെളുപ്പ് നിറമുള്ള വനാമിക്ക് ശരാശരി 81 ശതമാനം അതിജീവന നിരക്കാണുള്ളത്. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ഇത് വളരെക്കൂടുതലാണ്. ഒരു ചതുരശ്രമീറ്ററില്‍ 150 ഓളംകുഞ്ഞുങ്ങള്‍ വളരുമെന്നതാണ് വനാമിയുടെ മറ്റൊരു പ്രത്യേകത. പെട്ടെന്ന് പ്രജനനം നടത്താനുള്ള ശേഷിയുംകുറഞ്ഞ നിരക്കില്‍ പോഷണങ്ങളടങ്ങിയ തീറ്റകള്‍ മതിയെന്നതും വനാമിയെ പ്രിയങ്കരമാക്കുന്നു.
കേരളത്തിലെ ഊഷ്മാവ് വനാമിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് ലക്ഷത്തിലധികം ടണ്‍ വനാമിയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചത്. ഇതില്‍ 60 ശതമാനവും ആന്ധ്രപ്രദേശില്‍ നിന്നായിരുന്നു. തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും വനാമി ഉല്‍പാദനത്തില്‍ മികച്ച പങ്കുവഹിക്കുന്നുണ്ട്. മറ്റ്‌സംസ്ഥാനങ്ങളില്‍കൃഷിചെയ്ത വനാമി കേരളത്തിലെത്തിച്ച് കയറ്റുമതി ചെയ്യുകയായിരുന്നു ഇതുവരെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss