|    Feb 27 Mon, 2017 7:43 pm
FLASH NEWS

സംസ്ഥാനത്തെ ആദ്യ തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്

Published : 29th November 2016 | Posted By: SMR

കെ സനൂപ്

പാലക്കാട്: വാളയാര്‍-കൊച്ചി ദേശീയപാതയില്‍ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാന്‍ മലക്കുള്ളിലൂടെ തുരങ്കം നിര്‍മിച്ച് സംസ്ഥാനത്തെ ആദ്യ തുരങ്ക പാത യാഥാര്‍ഥ്യമാവുന്നു. കേരളത്തിലെ ആദ്യത്തെ ഇരട്ടത്തുരങ്കപാതയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ആദ്യ തുരങ്കം 765 മീറ്ററും രണ്ടാം തുരങ്കം 280 മീറ്ററും പിന്നിട്ടുകഴിഞ്ഞു. കുതിരാനിലെ തുരങ്കത്തിന്റെ മറുഭാഗമായ വഴുക്കമ്പാറ നരികിടന്ന മലയില്‍ നിന്നു രണ്ടു തുരങ്കങ്ങളുടെ നിര്‍മാണവും തുടങ്ങി. ഇവ കൂട്ടിയോജിപ്പിക്കുന്നതോടെ തുരങ്കം യാഥാര്‍ഥ്യമാവും. ആദ്യതുരങ്കത്തിന്റെ നിര്‍മാണം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷാ മുന്‍കരുതലുകളിെല്ലന്ന് ആരോപിച്ചു പാറ പൊട്ടിക്കല്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. അനുവദനീയമായ തോതിലും കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയില്‍ ഒടുവില്‍ നടപടിയുണ്ടായി. സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കിയാണിപ്പോള്‍ നിര്‍മാണം. പ്രദേശത്തെ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായതോടെ സമരങ്ങള്‍ അവസാനിച്ചു. മുന്നൂറോളം തൊഴിലാളികളാണിപ്പോള്‍ തുരങ്കനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരിലേറേയും ഇതര സംസ്ഥാന തൊഴിലാളികളാണ്. ബൂമര്‍ യന്ത്രം ഉപയോഗിച്ചാണു പാറതുരക്കല്‍ നടക്കുന്നത്. ഓരോ തുരങ്കത്തിനും 915 മീറ്റര്‍ ദൂരമാണുള്ളത്. പത്ത് മീറ്റര്‍ ഉയരത്തിലും 14 മീറ്റര്‍ വീതിയിലുമാണു തുരങ്കനിര്‍മാണം. ഓരോ തുരങ്കത്തില്‍ കൂടിയും മൂന്നുവരി പാതയാണുണ്ടാവുക. തടസ്സങ്ങള്‍ ഉണ്ടായില്ലെങ്കില്‍ 2017 മാര്‍ച്ചിനുള്ളില്‍ രണ്ടു തുരങ്കങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് നിര്‍മാണ കമ്പനി അധികൃതര്‍ പറയുന്നത്. വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെ റോഡ് നിര്‍മാണം പൂര്‍ത്തിയായി. അതേസമയം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വളരെ അശാസ്ത്രീയമായാണ് നടത്തിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. പാതയില്‍ നിന്ന് മഴവെള്ളം ഒഴുകിപോവാനുള്ള പൈപ്പുകള്‍ ഇതുവരേയും സ്ഥാപിച്ചിട്ടില്ല. അപ്രോച്ച് റോഡുകളുടെ അശാസ്ത്രീയതയും ബസ് വെയിറ്റിങ് ഷെഡുകളുടെ അപ്രായോഗിക രീതിയിലുള്ള നിര്‍മാണവും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. പാതയില്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ കേബിളുകള്‍ ഏതുനിമിഷവും ആര്‍ക്കും വിച്ഛേദിക്കാവുന്ന രീതിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്. അപ്രോച്ച് റോഡുകളും പ്രധാനപാതയും ഒരേ നിരപ്പില്‍ തന്നെ സ്ഥാപിക്കാമെന്നിരിക്കേ അപ്രോച്ച് റോഡുകളുടെ ഉയരക്കുറച്ചിലും ഏറ്റക്കുറച്ചിലും അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. പാതയുടെ അശാസ്ത്രീയ നിര്‍മാണത്തിനെതിരേ നേരത്തെ സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് മൗനം പാലിക്കുകയായിരുന്നു. വടക്കഞ്ചേരി വരേയുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ തന്നെ നിര്‍മാണ കമ്പനി ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. എതായാലും തുരങ്കം നിര്‍മിച്ചുള്ള ദേശീയപാത യാഥാര്‍ഥ്യമാവുന്നതോടെ വാളയാര്‍-കൊച്ചി ചരക്ക് ഗതാഗതം സുഗമമാവുമെന്നാണ് വിലയിരുത്തല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day