|    Sep 23 Sun, 2018 9:33 pm
FLASH NEWS

സംസ്ഥാനത്തെ ആദ്യത്തെ സ്വതന്ത്ര വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് കാസര്‍കോടിന് സ്വന്തം

Published : 30th May 2017 | Posted By: fsq

 

കാസര്‍കോട്്: ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിനുവേണ്ടി വിദ്യാനഗറില്‍ നിര്‍മിച്ച കെട്ടിടം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കെട്ടിടം ഉദ്ഘാടനം നടത്തിയത്. സംസ്ഥാനത്തെ ആദ്യത്തെ സ്വതന്ത്ര വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റാണ് കാസര്‍കോടിന് ഇതോടെ സ്വന്തമാകുന്നത്. നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി വിദ്യാനഗറില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന് സമീപമാണ് വെക്ടര്‍ കണ്‍ട്രോള്‍ യുനിറ്റ് പ്രവര്‍ത്തിക്കുന്നത്. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെ സവിത, ചെങ്കള പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷമീമ തന്‍വീര്‍, പൊതുമരാമത്ത് അസി. എന്‍ജീനിയര്‍ ഷിനിത്കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ:എ പി ദിനേഷ് കുമാര്‍, ജില്ലാ മലേറിയ ഓഫീസര്‍ വി സുരേശന്‍ സംസാരിച്ചു.കൊതുകുകള്‍ ഉള്‍പ്പെടെ രോഗം പകര്‍ത്തുന്ന കീടങ്ങളെ ജില്ലയിലെ എല്ലാ പ്രദേശങ്ങളും സന്ദര്‍ശിച്ച് നിരീക്ഷിക്കുകയും രോഗ സാധ്യത മനസ്സിലാക്കി രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വേണ്ടി കീടനാശിനി തളിക്കല്‍, ഫോഗിങ്, ഉറവിടനശീകരണം, രാത്രികാല മന്ത് രോഗ നിര്‍ണയ രക്ത പരിശോധന, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള രക്ത പരിശോധന, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, പ്രദര്‍ശനങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് വെക്ടര്‍ യൂനിറ്റ് പ്രധാനമായും നടത്തുന്നത്. നിലവില്‍ മലമ്പനി, ഡങ്കി, ചിക്കുന്‍ഗുനിയ, മന്ത്, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും പ്രാണി ജന്യ രോഗങ്ങളായ കുരങ്ങ് പനി, ചെള്ളുപനി, കാലാ അസ്സാര്‍ എന്നിവയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനും യൂനിറ്റ് ജാഗ്രത പുലര്‍ത്തുന്നു. ഓഫിസ് മേധാവിയായ ബയോളജിസ്റ്റിന് കീഴില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, ഇന്‍സെക്റ്റ് കലക്ടര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, ഫീല്‍ഡ് വര്‍ക്കര്‍മാര്‍, ഡ്രൈവര്‍ ഉള്‍പ്പെടെ 31 അംഗ ജീവനക്കാരുടെ സംഘമാണ് പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ പ്രവര്‍ത്തിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss