|    Dec 15 Sat, 2018 7:59 am
FLASH NEWS

സംസ്ഥാനത്തെത്തുന്ന പച്ചക്കറികള്‍ മാരക വിഷാംശം അടങ്ങിയത്: മന്ത്രി

Published : 24th April 2018 | Posted By: kasim kzm

കയ്പ്പമംഗലം: സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്ന പച്ചക്കറിയില്‍ 48 ശതമാനവും മാരക വിഷാംശം കലര്‍ന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കൈപ്പമംഗലം പഞ്ചായത്ത് ജൈവകാര്‍ഷിക ഉല്‍പന്ന വിപണനകേന്ദ്രമായ ഹരിതം കൈപ്പമംഗലം ഇക്കോഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തനതായ മാര്‍ഗങ്ങളിലൂടെ ഉന്നത നിലവാരമുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുക എന്നതാണ് കൃഷി വകുപ്പിന്റെ ലക്ഷ്യം. കേരളത്തിനകത്ത് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ 94 ശതമാനം വിഷരഹിതമാണ്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ നടപ്പിലാക്കിയ ജൈവകൃഷി വ്യാപന പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. 20 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ആവശ്യമുള്ള പ്പോള്‍  6.2 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി മാത്രമാണ് ലഭ്യമായിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 39000 ഏക്കര്‍ തരിശു ഭൂമിയില്‍ കൃഷിയിറക്കി. പച്ചക്കറികളുടെ ഉല്‍പാദനം 9.8 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ദ്ധിപ്പിച്ചു. വരുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെ 63 ലക്ഷം വീടുകളിലേക്ക് പച്ചക്കറികള്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഹരിത കേരളം പദ്ധതിയിലൂടെ ഇത്തവണ 42 ലക്ഷം കുട്ടികള്‍ക്ക് വിത്തുകള്‍ വിതരണം ചെയ്യും.  സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും രണ്ടു വര്‍ഷത്തിനകം  ഇക്കോഷോപ്പുക ള്‍ ആരംഭിക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഇക്കോഷോപ്പിനോടൊപ്പം അഗ്രോ ക്ലിനിക്കുകളും അഗ്രോസര്‍വീസ് സെന്ററുകളും എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കര്‍ഷക സഭകളും തിരുവാതിര ഞാറ്റുവേല ചന്തകളും ഉണ്ടാകും. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് , ബ്ലോക്ക് പഞ്ചായത്ത്,  ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 315000 രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
ഗുണമേന്മയും വിശ്വാസ്യതയുമുള്ള പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍നിന്ന് സംഭരിച്ച്  ന്യായമായ വിലയില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും പഴം, പച്ചക്കറികള്‍, ജൈവവളം, ജൈവകീടനാശിനി, കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങള്‍, ഉപകരണങ്ങള്‍ ,എന്നിവയും വിപണനവും ഇക്കോഷോപ്പിലൂടെ സാധ്യമാകും.  ചടങ്ങില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ  അദ്ധ്യക്ഷനായിരുന്നു.
ബ്ലോക്ക്  പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി എം അഹമ്മദ് മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്  ടി വി സുരേഷ് ബാബു , പ്രിന്‍സിപ്പല്‍ ക്യഷി ഓഫിസര്‍ ഇന്‍ ചാര്‍ജ്ജ് കല , ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എംഎച്ച് മുഹമ്മദ് ഇസ്മായില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില വേണി, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss