|    Feb 21 Tue, 2017 8:31 pm
FLASH NEWS

സംസ്ഥാനത്തിന് മാതൃകയായി ‘നന്‍മ നെട്ടൂര്‍’

Published : 24th October 2016 | Posted By: SMR

മരട്: നെട്ടൂരിന്റെ അഭിമാനവും പ്രതീക്ഷയും കൈതാങ്ങുമായി മാറിയ നന്‍മ നെട്ടൂര്‍ എന്ന സന്നദ്ധ സംഘടനയുടെ പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്നു. നെട്ടൂര്‍ പള്ളിസ്റ്റോപ്പ്-പരുത്തിചുവട് പാലത്തിനടിയില്‍ അണ്ടര്‍പാസ് നിര്‍മാണം പൂര്‍ത്തീകരിച്ചാണ് നന്‍മയുടെ വേറിട്ടൊരു കാഴ്ചയായി മാറുന്നത്. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എംഎല്‍എ എം സ്വരാജ് ഉല്‍ഘാടനം ചെയ്ത് ഗതാഗതത്തിനായി തുറന്ന് കൊടുക്കും. വൈറ്റില അരൂര്‍ ദേശീയപാതയില്‍ നെട്ടൂര്‍ ഐഎന്‍ടിയുസി ജങ്ഷനും നെട്ടൂര്‍ പള്ളി സ്‌റ്റോപ്പിനുമിടയിലെ നിരന്തരമായ വാഹനാപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് നന്‍മയുടെ ഒരു കൈ സഹായം. ദേശീയ പാതയിലെ നെട്ടൂര്‍ മസ്ജിദ് അണ്ടര്‍ പാസ് നിര്‍മാണത്തിനു നന്‍മ നെട്ടൂരിന്റെ നേതൃത്വത്തിലാണ് ജനകീയ തുടക്കം കുറിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വീസ് റോഡിനായി നന്‍മ നെട്ടൂരിന്റെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണവും നടത്തിയിരുന്നു. സര്‍വീസ് റോഡ് നിര്‍മാണത്തിന് മരട് നഗസഭയുടെയും ദേശീയപാത അധികൃതരുടെയും കയ്യില്‍ ഫണ്ടില്ല എന്നായിരുന്നു വാദങ്ങള്‍. സന്നദ്ധ സംഘടനകള്‍, ഇവിടെ സര്‍വീസ് റോഡ് നിര്‍മിക്കുന്നതിന് ദേശീയ പാത അധികൃതര്‍ക്ക് എതിര്‍പ്പില്ലാതെ വന്ന സാഹചര്യത്തിലാണ് നെട്ടൂരിലെ ജീവകാരുണ്യ സംഘടനയായ നന്‍മ(ന്യൂ എയിം ന്യൂ മിഷന്‍ ഫോര്‍ ഓള്‍) നിര്‍മാണ ചെലവ് ഏറ്റെടുത്ത് മുന്നോട്ട് വന്നത്. നന്‍മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒന്നടങ്കം രംഗത്തെത്തിയത് വേറിട്ട മാതൃകയായി. കുണ്ടും കുഴിയുമായും കാടും പടലും പിടിച്ച് കിടന്ന പ്രദേശം 150 മീറ്റര്‍ നീളത്തില്‍ മണ്ണിട്ട് നികത്തിയാണ് റോഡ് നിര്‍മാണം ആരംഭിച്ചത്. ഒന്നര മീറ്റര്‍ ആഴത്തില്‍ നികത്തി പുഴയരിക് വരെ റോഡ് നിര്‍മിച്ചു. ദേശീയപാതയിലെ രണ്ട് പാലത്തിന്റെയും അടിയിലൂടെ പടിഞ്ഞാറ് ഭാഗവുമായി കൂട്ടിയോജിപ്പിച്ചാണ് അണ്ടര്‍ പാസ് പൂര്‍ത്തിയാക്കിയത്. നന്‍മയുടെ നേതൃത്വത്തില്‍ ജനകീയമായി അണ്ടര്‍ പാസ് നിര്‍മിക്കുന്നത് സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് നിര്‍മാണം ആരംഭിച്ച ദിവസം മുന്‍നഗരസഭ വൈ.ചെയര്‍മാന്‍ കെ എ ദേവസി പറഞ്ഞു. പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും നിര്‍മാണോദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. മസ്ജിദ് ജങ്ഷനില്‍ ദിനംപ്രതി നടക്കുന്ന അപകടങ്ങള്‍ക്ക് അറുതിയാവുന്നതിനാല്‍ നന്‍മക്ക് പിന്തുണയുമായി മുഴുവന്‍ നാട്ടുകാരും രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങളായി ഇവിടെ നടന്ന നിരവധി അപകടങ്ങളില്‍ വിലപ്പെട്ട ജീവനുകളും നഷ്ടപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 7ലക്ഷം രൂപയോളം സര്‍വീസ് റോഡിനായി ചെലവ് വന്നതായി നന്‍മയുടെ ഭാരവാഹികള്‍ പറഞ്ഞു. ടൈലുകള്‍ വിരിച്ചും ചെറിയ രീതിയിലുള്ള പൂന്തോട്ടവും വഴിവിളക്കുകളും മാലിന്യങ്ങള്‍ പുഴയില്‍ നിക്ഷേപിക്കാതിരിക്കാന്‍ വശങ്ങളില്‍ നെറ്റുകള്‍ ഘടിപ്പിക്കുകയും വളന്തകാട് ദ്വീപ് നിവാസികള്‍ക്കായി ജെട്ടി സംവിധാനവും ഒരുക്കിയിട്ടുണ്ട്. നന്‍മ എന്ന ഈസന്നദ്ധസംഘടന 50 പേരടങ്ങുന്ന ഒരു കൂട്ടായ്മയാണ്. ഒരു കാരുണ്യസംഘടനയായിട്ടാണ് രൂപീകരിച്ചത്. രൂപീകരിച്ച് ആറ് വര്‍ഷം പിന്നിടുമ്പോള്‍ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചു. നാടിനും നിരവധി നിര്‍ദ്ധനരായ രോഗികള്‍ക്കും എന്നും കൈതാങ്ങും വിശ്വാസവും പ്രതീക്ഷയുമായി നന്‍മ മാറി. നന്‍മയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കരുണയുള്ളവരും നാടും ഒപ്പം നിന്നു. ജില്ലയ്ക്കകത്തും പുറത്തും നിരവധി രോഗികള്‍ക്ക് ആശ്വാസമേകി. നിലവില്‍ മാസത്തില്‍ നിര്‍ധനരായ 32 രോഗികള്‍ക്ക് ചികില്‍സാ സഹായം നല്‍കി വരുന്നതോടൊപ്പം ആഴ്ചയില്‍ നാലും മൂന്നും ഡയാലിസിസ് ചെയ്യുന്ന നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസിനുള്ള സഹായവും ചെയ്തു വരുന്നു. കാരുണ്യത്തിനായി സഹായഹസ്തം നല്‍കിയാല്‍ നന്‍മയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ മൊത്തം വ്യാപിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക