|    Jun 20 Wed, 2018 5:21 pm
FLASH NEWS

സംസ്ഥാനത്തിനു മാതൃകയായി പൊന്നാനി മോഡല്‍ ശുചീകരണം

Published : 14th October 2016 | Posted By: Abbasali tf

പൊന്നാനി:  പൊന്നാനി നഗരസഭയുടെ “ മിടുക്കി പൊന്നാനി പദ്ധതിയുടെ രണ്ടാം ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനിയില്‍ തുടക്കമായി. സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് പൊന്നാനി നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഒരൊറ്റ ദിനം കൊണ്ട് വിദ്യാര്‍ഥികളടക്കമുള്ള 800 പേരെ ഉള്‍ക്കൊള്ളിച്ചാണ് 51 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വീട്ടില്‍വരുത്തുന്ന ന്യൂസ് പേപ്പര്‍ അടുക്കി സൂക്ഷിച്ച് വച്ച് കൈമാറുന്ന പോലെയാവണം വീട്ടിലെത്തുന്ന പ്ലാസ്റ്റിക്കും കഴുകി ഉണക്കി വൃത്തിയായി സൂക്ഷിച്ച് വയ്ക്കുക. കൊണ്ടുപോകാനുള്ള സംവിധാനം നഗരസഭ ഉണ്ടാക്കും. ഇതാണ് നഗരസഭ നല്‍കുന്ന വാഗ്ദാനം. ഈ സന്ദേശം പൊന്നാനി നഗരസഭ യിലെ മുഴുവന്‍ വീടുകളിലുമെത്തി ഇന്നലെ സ്റ്റുഡന്റ് ഇക്കോ പോലിസ് വിദ്യാര്‍ഥികള്‍ വീട്ടുകാരെ ബോധ്യപ്പെടുത്തി. മിക്ക വാര്‍ഡുകളിലും വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി കൗണ്‍സിലര്‍മാര്‍ കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തില്‍ പൊതു സ്ഥലങ്ങളിലും വീടുകളിലുമുള്ള പ്ലാസ്റ്റിക്കും ഇ-വേസ്റ്റും ശേഖരിച്ചു കഴിഞ്ഞു. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നത് മേല്‍മണ്ണിനെ നശിപ്പിക്കുമെന്നതും കത്തിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാവുമെന്നതും സാധാരണ ജനതക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. ഓരോ വാര്‍ഡിലെയും കൗണ്‍സിലര്‍മാരാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. അനിവാര്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ് പ്ലാസ്റ്റിക്കെന്ന തിരിച്ചറിവിലേക്ക് ജനമെത്തിയതായി ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി സാക്ഷ്യപ്പെടുത്തുന്നു. വാര്‍ഡ് കേന്ദ്രങ്ങളില്‍ ശേഖരിച്ചവ പൊതു കേന്ദ്രമായ ഹാര്‍ബറില്‍ എത്തിച്ച് നവംമ്പര്‍ ഒന്നിന് നാടുകടത്തും. കൊണ്ടു പോകുന്ന ഏജന്‍സികളുമായി ഇതിനായി ധാരണയിലെത്തിയിട്ടുണ്ട്. എംഇഎസ്  കോളജ് വിവിധ ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളുകള്‍ എന്നിവിടങ്ങളിലെ സ്റ്റുഡന്‍സ് പോലിസ് കേഡറ്റ്, എന്‍എസ്എസ്  യൂനിറ്റുകളാണ് സ്റ്റുഡന്റ് ഇക്കോ പോലിസ്. ഇവരെ ഓരോ വാര്‍ഡിലേക്കുമായി മുന്‍കൂട്ടി വിന്യസിച്ചാണ് ഇന്നലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിവിധ സംഘടനകളും  മാതൃകാപരമായ സേവനം ഇതോടൊപ്പം നടത്തുന്നുണ്ട്. നാട്ടുകൂട്ടം പൊന്നാനി താലൂക്ക് ആശുപത്രി പരിസരം വൃത്തിയാക്കി. ഡിവൈഎഫ്‌ഐ  സമ്മേളനങ്ങളോടനുബന്ധിച്ച് പൊതുവഴിയിലെ പ്ലാസ്റ്റിക് ശേഖരിച്ച കമ്മിറ്റികളുണ്ട്. കനോലി കനാല്‍, കമാന്‍ വളവ് എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധയൂന്നിയ മാലിന്യ സംസ്‌കരണങ്ങളാണ് നടന്നത്.10 ബോധവല്‍ക്കരണ യോഗങ്ങള്‍ ആ പ്രദേശത്ത് മാത്രം നടന്നു. കര്‍മ്മ പൊന്നാനി, പിസിഡബ്ല്യൂഎഫ്  തുടങ്ങിയ കൂട്ടായ്മകളുടെ പിന്തുണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നു. പൊന്നാനി നഗരസഭയുടെ മിടുക്കി പൊന്നാനി പദ്ധതിയുടെ രണ്ടാം ഘട്ടം പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിലൂടെയാണ് നടപ്പാക്കിയത്. ഈ പദ്ധതിയിലൂടെ പൊന്നാനിയിലെ സ്റ്റുഡന്‍സ് ഇക്കോ പോലിസ് ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss