|    May 23 Tue, 2017 10:47 am
FLASH NEWS

സംസ്ഥാനതല ചില്‍ഡ്രന്‍സ് ഫെസ്റ്റ് തുടങ്ങി

Published : 10th April 2016 | Posted By: SMR

കണിയാമ്പറ്റ: സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ ബാലനീതി നിയമപ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടിക്കള്‍ക്കായി ഒരുക്കിയ സംസ്ഥാനതല ചില്‍ഡ്രന്‍സ് മേള ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ. വി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
നിറം മങ്ങിയ ബാല്യത്തില്‍ നിന്ന് വര്‍ണങ്ങള്‍ ചാലിച്ച സ്വപ്‌നങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ഇത്തരം മേളകളിലൂടെ കുട്ടിക്കള്‍ക്ക് സാധിക്കട്ടേയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നു ദിവസങ്ങളിലായി കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന മേളയില്‍ 300ലധികം കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. സമൂഹത്തിന്റെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ട കുരുന്നുകളുടെ കലാഭിരുചികള്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുകയാണ് വകുപ്പ്. കബനി, പഴശ്ശി, കരിന്തണ്ടന്‍, ബാവലി എന്നീ നാലു വേദികളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
വിവിധ സാഹചര്യങ്ങളാല്‍ ബാലസംരക്ഷണ കേന്ദ്രങ്ങളില്‍ എത്തപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം അവരുടെ അടിസ്ഥാന, ആരോഗ്യ, വിദ്യാഭ്യാസ, കലാ-കായിക രംഗങ്ങളിലെ വളര്‍ച്ചയ്ക്ക് അവസരമൊരുക്കുകയുമാണ് മേളകൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് 14 ചില്‍ഡ്രന്‍സ് ഹോമുകളിലായി 600ഓളം കുട്ടികളാണ് താമസിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 ശതമാനം തുക കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരും വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ പരിരക്ഷയ്ക്കായി 15 ഒബ്‌സര്‍വേഷന്‍ ഹോമുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. നാളത്തെ തലമുറ കുട്ടികളായതിനാല്‍ നല്ല ചിന്തകളിലൂടെ, പ്രവര്‍ത്തികളിലൂടെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ ഓരോരുത്തരം നിരന്തരം പരിശ്രമിക്കണമെന്നും ഇത്തരം മേളകള്‍ കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ ഉയര്‍ത്താന്‍ അവസരമൊരുക്കട്ടേയെന്നും മുഖ്യപ്രഭാഷണത്തില്‍ ജില്ലാ അഡീഷനല്‍ സെക്ഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ് അധ്യക്ഷയായ പരിപാടിയില്‍ സിഡബ്ല്യുസി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം, ജില്ലാ സാമൂഹികനീതി ഓഫിസര്‍ വി കെ രത്‌നസിങ്, തിരുവനന്തപുരം ഐസിപിഎസ് പ്രോഗ്രാം മാനേജര്‍ എ എസ് ഗണേഷ് കുമാര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ഇന്നു വൈകീട്ട് ഏഴിന് കോഴിക്കോട് സാമൂഹികനീതി വകുപ്പ് ജീവനക്കാര്‍ അവതരിപ്പിക്കുന്ന സംഗീത ശില്‍പം, കലാപരിപാടികള്‍ എന്നിവയുണ്ടാവും. 11ന് വനംവകുപ്പ്, സാമൂഹിക വനവല്‍ക്കരണ വിഭാഗം, കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്റ്റ്, ജില്ലാ ഭരണകൂടം, സാമൂഹികനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാരാപ്പുഴ ഡാം പരിസരത്ത് വൃക്ഷത്തൈ നടും. 2.30ന് നടക്കുന്ന സമാപന സമ്മേളനം എഡിഎം സി എം മുരളീധരന്റെ അധ്യക്ഷതയില്‍ ജില്ലാ ജുവനൈല്‍ ജസ്റ്റിസ്റ്റ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് കെ നൗഷാദ് അലി ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് ജില്ലാ പോലിസ് മേധാവി എം കെ പുഷ്‌കരന്‍ സമ്മാനം നല്‍കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി രാഘവന്‍, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ പി വാണിദാസ്, ജില്ലാ സാമൂഹികനീതി ഓഫിസര്‍ വി കെ രത്‌നസിങ്, ഡിഎംഒ ഡോ. ആശാദേവി, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വിക്ടര്‍ ജോണ്‍സണ്‍, കൊല്ലം ഡിസിപിഒ കെ കെ സുബൈര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കെ സുരേഷ് ബാബു സംസാരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day