|    Oct 24 Wed, 2018 2:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്

Published : 13th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കനത്ത മഴ ലഭിച്ചിട്ടും ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. മഴ വ്യാപകമായി പെയ്തിട്ടും സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമാണ് ഡാമുകളില്‍ അവശേഷിക്കുന്നത്. അതിരൂക്ഷമായ വരള്‍ച്ച നേരിട്ട കഴിഞ്ഞ വര്‍ഷം ഇതേസമയം അവശേഷിച്ച വെള്ളത്തേക്കാള്‍ കുറവാണ് ഇപ്പോള്‍ ഡാമുകളിലുള്ളത്. ഈ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവന്നാല്‍ വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് സാധ്യതയേറെയാണ്. ഈ മാസം ആദ്യദിവസങ്ങളിലെ കണക്കുപ്രകാരം 1,977 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമുകളിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഡാമുകളില്‍ അവശേഷിച്ചിരുന്നത് 2,300 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചത്തെ കണക്കുകള്‍പ്രകാരം സംസ്ഥാനത്തെ പ്രധാന ജലസംഭരണികളില്‍ പകുതിപോലും വെള്ളമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇടുക്കിയില്‍ ആകെ സംഭരണശേഷിയുടെ 46 ശതമാനം മാത്രമാണുള്ളത്. അതേസമയം, കഴിഞ്ഞ നാലുദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ പല ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത് നേരിയ ആശ്വാസത്തിനു വകനല്‍കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ ഇടുക്കിയിലും രണ്ടാമത്തെ പദ്ധതിയായ ശബരിഗിരിയിലും ജലനിരപ്പ് അല്‍പം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈമാസം 30നകം കൂടുതല്‍ മഴ ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധി നേരിട്ടേക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. കേരളത്തിനാവശ്യമായ വൈദ്യുതിയുടെ ഭൂരിഭാഗവും കണ്ടെത്തുന്നത് ഇടുക്കി അണക്കെട്ടില്‍നിന്നാണ്. ശബരിഗിരിയില്‍ 51 ശതമാനവും ഇടമലയാറില്‍ 60 ശതമാനവും വെള്ളമുണ്ട്. ചെറിയ ഡാമായ ഷോളയാറില്‍ 89 ശതമാനം വെള്ളമുണ്ട്. പ്രധാന ഡാമുകളിലാകെ 52 ശതമാനം വെള്ളമുണ്ടെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ ഔദ്യോഗിക കണക്ക്. നീരൊഴുക്കും കഴിഞ്ഞ വര്‍ഷത്തേക്കാ ള്‍ കുറവാണ്. സംസ്ഥാനത്ത് 1863.3 മില്ലിമീറ്റര്‍ മഴ ഇതുവരെ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 1506. 66 മില്ലിമീറ്ററാണ്. എന്നാല്‍, അഞ്ചു ജില്ലയിലൊഴികെ മറ്റിടങ്ങളിലെല്ലാം ഇടവപ്പാതിയുടെ തുടര്‍ച്ചയായി പരക്കെ മഴ ലഭിക്കുന്നുണ്ട്. ഈ മാസം പകുതിയോടെ മഴ ശക്തമാവും. വയനാട് 46 ശതമാനം മഴയുടെ കുറവാണു രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലും പ്രതീക്ഷിച്ചത്ര മഴ ലഭിച്ചിട്ടില്ല.  ആഗസ്തിലെ സംസ്ഥാനത്തെ ശരാശരി വൈദ്യുതി ഉപഭോഗം 64 ദശലക്ഷം യൂനിറ്റാണ്. മഴമാറുന്നതോടെ പ്രതിദിന വൈദ്യുതി ഉപഭോഗം 72 ദശലക്ഷം യൂനിറ്റിന് മുകളിലെത്തും. പ്രതിസന്ധി രൂക്ഷമായാ ല്‍ വൈദ്യുതിനിയന്ത്രണം ഒഴിവാക്കണമെങ്കില്‍ പുറമേനിന്ന് കൂടിയ നിരക്കിന് വൈദ്യുതി വാങ്ങേണ്ടിവരും. ഇതോടെ നിരക്കുവര്‍ധനയ്ക്ക് ബോര്‍ഡ് നി ര്‍ബന്ധിതമാവും. ഇത് ഒഴിവാക്കാനുള്ള ഏകമാര്‍ഗം വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരുകയെന്നതാണ്. ഇക്കൊല്ലം പ്രധാന ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴ കാര്യമായി പെയ്തിട്ടില്ലെന്നതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി പറയപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss