|    Dec 13 Thu, 2018 1:18 am
FLASH NEWS
Home   >  Editpage  >  Lead Article  >  

സംസ്ഥാനം ഭരിക്കാന്‍ കസേരയും മതി

Published : 11th September 2018 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു

രാഷ്ട്രീയ മുന്നണി സംവിധാനത്തില്‍ കേരളം ഇന്ത്യക്കാകെ മാതൃകയാണ്. ഒറ്റക്കക്ഷി ഭരണമെന്ന പാരമ്പര്യത്തിന് അന്ത്യംകുറിച്ചതു കേരളമാണ്. ഇവിടെ വിജയിച്ച മുന്നണിമാതൃക കേന്ദ്രതലത്തിലും വിജയകരമായി നടപ്പാക്കി. മുന്നണിയില്ലാതെ ഭരണമില്ല എന്ന സ്ഥിതിയിലേക്ക് നാട് മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയമുന്നണികള്‍ രൂപീകരിക്കുന്നതും തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതും ഭരണം നടത്തുന്നതും ജനാധിപത്യവ്യവസ്ഥയില്‍ സ്വാഭാവികമാണ്. ഏതുവിധത്തിലായാലും രാഷ്ട്രീയപ്പാര്‍ട്ടികളും അണികളും കൂടുതല്‍ ഐക്യപ്പെടുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനേ സഹായിക്കുകയുള്ളൂ. മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ ഐക്യവും സഹകരണവും പരസ്പര വിശ്വാസവും ഇല്ലെങ്കില്‍ ആ മുന്നണി തകര്‍ച്ചയെ നേരിടുകയാണെന്നു മനസ്സിലാക്കണം. മുന്നണിയില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും തങ്ങളുടെ സ്വതന്ത്രമായ നിലപാടുകള്‍ വ്യക്തമാക്കാനുള്ള അവസരങ്ങള്‍ ഉണ്ടാവണം. ഘടകകക്ഷികളുടെ സ്വാധീനമനുസരിച്ച് പദവികള്‍ വീതിച്ചുനല്‍കണം. ഇക്കാര്യത്തില്‍ വല്യേട്ടന്‍, ചെറിയേട്ടന്‍ മനോഭാവം ഉണ്ടാവുമ്പോഴാണ് തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് മുന്നണിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കായിരുന്നു കൂടുതല്‍ എംഎല്‍എമാര്‍. എന്നിട്ടും സിപിഐയില്‍ നിന്നുള്ള അച്യുതമേനോന് മുഖ്യമന്ത്രിപദവി നല്‍കി. കോണ്‍ഗ്രസ് നേതാവ് കരുണാകരന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ചു. മുന്നണിയാവുമ്പോള്‍ ഇങ്ങനെയൊക്കെയുള്ള വിട്ടുവീഴ്ചകള്‍ ആവശ്യമായിവരും. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാണെങ്കില്‍ കൃത്യമായ സംഘടനാസംവിധാനം നിലവിലുണ്ട്. മുന്നണിക്ക് ഏകോപനസമിതിയുണ്ട്. അതിനൊരു കണ്‍വീനറും. ഭരണസംബന്ധമായ പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം മുന്നണിക്കകത്ത് ചര്‍ച്ചചെയ്യപ്പെടുമെന്നാണു പറയപ്പെടുന്നത്. എന്നാല്‍, മുന്നണിയുടെ മര്യാദകളും കീഴ്‌വഴക്കങ്ങളും ചര്‍ച്ചകളും തീരുമാനങ്ങളും ഓരോ വിഷയത്തിലും ഇല്ലാതാവുന്നു. സമീപകാലങ്ങളിലെ ഉദാഹരണങ്ങള്‍ നിരവധി നിരത്തിവയ്ക്കാനുണ്ടെങ്കിലും ഏറ്റവും ഒടുവിലത്തെ സംഭവം ചൂണ്ടിക്കാണിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി വിദേശത്തു പോയിരിക്കുന്നു. മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലാത്ത അവസരത്തില്‍ ചുമതല മറ്റൊരു സീനിയര്‍ മന്ത്രിക്കു നല്‍കേണ്ടതാണ്. അതാണു മുന്നണിഭരണത്തിന്റെ പാരമ്പര്യം. ഭരണം സുഗമമായി നടക്കാന്‍ ഇത് അനിവാര്യവുമാണ്. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ വിദേശത്ത് ചികില്‍സയ്ക്കു പോയപ്പോള്‍ കരുണാകരനെയാണു മുഖ്യമന്ത്രിപദം ഏല്‍പ്പിച്ചത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ വിദേശത്തു ചികില്‍സയ്ക്കു പോയപ്പോള്‍ ഉമ്മന്‍ചാണ്ടിയെയും സി വി പത്മരാജനെയുമാണ് ചുമതല ഏല്‍പ്പിച്ചിരുന്നത്. പിണറായി വിജയന്റെ യാത്ര സംബന്ധിച്ച് ഭരണമുന്നണിയോ മന്ത്രിസഭയോ ഒരു ചര്‍ച്ചയും നടത്തിയില്ല. മുഖ്യമന്ത്രിയുടെ യാത്ര രഹസ്യമായിട്ടായിരുന്നു. ഒരു വാചകത്തിലൂടെയാണു തന്റെ വിദേശയാത്ര മുഖ്യമന്ത്രി മന്ത്രിസഭയില്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ രോഗവും ചികില്‍സയും അദ്ദേഹത്തിന്റെ സ്വകാര്യമായ വിഷയമാണ്. പക്ഷേ, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി മൂന്നാഴ്ചക്കാലം സംസ്ഥാനത്ത് ഉണ്ടാവില്ല എന്നത് മൂടിവയ്‌ക്കേണ്ട വിഷയമല്ല. ഫയലുകള്‍ വിദേശത്തു കൊടുത്തയച്ച് തുല്യംചാര്‍ത്തി മടക്കിക്കൊണ്ടുവരുമോ എന്ന വിവരവും ആര്‍ക്കും അറിയില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് സജീവമാണ്. മുറിയില്‍ മുഖ്യമന്ത്രി ഇരിക്കുന്ന കസേര വെടിപ്പായി വച്ചിട്ടുണ്ട്. വാസ്തവത്തില്‍ ഭരണം ഈ കസേരയ്ക്കാണ്! ദുരിതാശ്വാസ ഫണ്ട് ഏറ്റുവാങ്ങാന്‍ മന്ത്രി ജയരാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതു വാങ്ങാമെന്നല്ലാതെ മുഖ്യമന്ത്രിയുടെ കസേരയില്‍ കയറിയിരിക്കാന്‍ അദ്ദേഹത്തിന് അധികാരമില്ല. തന്റെ അഭാവത്തില്‍ ചുമതല വഹിക്കുന്ന മന്ത്രി സകലതും അട്ടിമറിക്കുമോ എന്ന ഭയമായിരിക്കാം മുഖ്യമന്ത്രി ചുമതല കൊടുക്കാതെ പറക്കാന്‍ കാരണം. അല്ലാതെ പ്രതിപക്ഷം പറയുന്നപോലെ മുഖ്യമന്ത്രിപദവി തിരിച്ചുകിട്ടാതിരിക്കുമോ എന്നു വിചാരിച്ചല്ല. പദവി ഏല്‍പിച്ചാല്‍ അതു തിരിച്ചുവാങ്ങാനുള്ള കഴിവൊക്കെ പിണറായി വിജയനുണ്ട്. മൂന്നാഴ്ചക്കാലം താനില്ലാത്തപ്പോഴും ഭരണം താനിരിക്കുന്ന കസേര നിര്‍വഹിക്കുമെന്നു മുഖ്യമന്ത്രി ഉറച്ചു വിശ്വസിക്കുന്നു. അതാണു വിശ്വാസം! ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss