|    Nov 15 Thu, 2018 11:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയില്‍ : മന്ത്രി

Published : 16th June 2017 | Posted By: fsq

 

കൊച്ചി: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിച്ചതായി മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ പുലര്‍ത്തിയ അലംഭാവമാണ് പനി പടരാന്‍ കാരണമായതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പനിബാധിതരുടെ എണ്ണത്തില്‍ ചെറിയ തോതില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, നിര്‍ദേശം പൂര്‍ണമായും പാലിക്കാത്ത പഞ്ചായത്തുകളിലും നഗരസഭകളിലുമാണ് പനി പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഡെങ്കിപ്പനി മൂലം ഇതുവരെ സംസ്ഥാനത്ത് 10 പേര്‍ മരണപ്പെട്ടിട്ടുണ്ട്. എച്ച്1 എന്‍1 മൂലം മരിച്ചവരുടെ എണ്ണം 30 ആണ്. കഴിഞ്ഞ വര്‍ഷം ഈ സമയം വരെ 10 ലക്ഷം ആളുകളാണ് പനിക്ക് ചികില്‍സ തേടിയെത്തിയത്. ഈ വര്‍ഷമത് 11 ലക്ഷത്തിലെത്തിയെങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് പനിബാധിതരുടെ എണ്ണം കൂടുതല്‍. എറണാകുളം-ഇടുക്കി ജില്ലകളില്‍ ഈ വര്‍ഷം പനിബാധിതരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. രോഗം പടര്‍ന്നുപിടിക്കുമ്പോള്‍ ആരോഗ്യവകുപ്പ് കാര്യമായ ഇടപെടലുകള്‍ നടത്തിയില്ലെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പനിബാധിതര്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ക്യാംപുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനെത്ത പ്രത്യേക സാഹചര്യം കണക്കിലെടുത്താല്‍ മൂന്നു വര്‍ഷത്തില്‍ ഒരിക്കലാണ് പകര്‍ച്ചപ്പനി വ്യാപകമാകുന്നത്. അതുകൊണ്ട് ഈ വര്‍ഷം കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഡെങ്കി, എച്ച്1 എന്‍1 മൂലമുണ്ടാകുന്ന മരണനിരക്ക് നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടുണ്ട്. പനി പകരാന്‍ സാധ്യത മുന്നില്‍ കണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്  രോഗികള്‍ക്ക് നല്‍കുന്ന പ്ലേറ്റ്‌ലറ്റുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു. നോമ്പുകാലമായതിനാല്‍ രക്തം ദാനം ചെയ്യുന്നവരുടെ എണ്ണത്തില്‍ ചെറിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍, അതിനെ തരണം ചെയ്യാനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്രമീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിരഹിത കേരളമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയതായും  മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ എടുക്കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജിന് സര്‍ക്കാര്‍ 350 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മികച്ച മെഡിക്കല്‍ കോളജായി മാറ്റുകയാണ് ലക്ഷ്യം. ഉടന്‍ തന്നെ നിര്‍മാണജോലികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss