|    May 28 Sun, 2017 6:04 pm
FLASH NEWS

സംവിധായകന്‍ ബിജു ചലച്ചിത്ര അക്കാദമി കൗണ്‍സിലില്‍നിന്ന് പിന്‍മാറി

Published : 24th September 2016 | Posted By: SMR

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ പുനസ്സംഘടനയുമായി ബന്ധപ്പെട്ട് സിനിമാരംഗത്ത് അഭിപ്രായഭിന്നത. സാംസ്‌കാരികമന്ത്രി എകെ ബാലന്റെ ഇഷ്ടക്കാരെ കൗണ്‍സിലില്‍ തിരുകിക്കയറ്റിയതിനെ ചൊല്ലിയാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്. ഡിസംബര്‍ രണ്ടാംവാരം തിരുവനന്തപുരത്ത് ആരംഭിക്കുന്ന ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ ഇന്നലെ വിളിച്ചുചേര്‍ത്ത സംഘാടകസമിതി യോഗം നിര്‍മാതാക്കള്‍ ബഹിഷ്‌കരിച്ചു.
ഇതിനിടെ, സംവിധായകന്‍ ഡോ. ബിജു ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ അംഗത്വത്തില്‍നിന്ന് സ്വയം പിന്‍മാറുകയും ചെയ്തു. ധാര്‍മികതയുടെ പേരിലാണ് കൗണ്‍സിലില്‍നിന്ന് താന്‍ പിന്‍മാറിയതെന്ന് പറയുന്നുണ്ടെങ്കിലും അംഗങ്ങളെ തിരഞ്ഞെടുത്തതില്‍ ഡോ. ബിജു അടക്കമുള്ള നിരവധി സംവിധായകര്‍ അതൃപ്തരാണ്. പിന്‍മാറ്റത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയും ചെയ്തു.
നിരന്തരമായി സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ സിനിമകള്‍ എല്ലാ വര്‍ഷവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കും കേരള ചലച്ചിത്രമേളയ്ക്കും പരിഗണനയ്ക്കായി സമര്‍പ്പിക്കാറുണ്ട്. പക്ഷേ, ചലച്ചിത്ര അക്കാദമിയുടെ ഒരു തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയില്‍ ഇരുന്നുകൊണ്ട് അക്കാദമിയുടെ തന്നെ ചുമതലയിലുള്ള അവാര്‍ഡുകള്‍ക്കും മേളയ്ക്കുമായി സിനിമകള്‍ സമര്‍പ്പിക്കുന്നത് ശരിയായ ഒരു രീതിയല്ലെന്ന് താന്‍ വിശ്വസിക്കുന്നുതായും ബിജു പറഞ്ഞു.
അതേസമയം, നിലവില്‍ ചലച്ചിത്ര അക്കാദമിയിലെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ഭൂരിഭാഗവും മല്‍സരരംഗത്തുള്ള സംവിധായകരാണെന്നത് പൊതുസമൂഹത്തെ അറിയിക്കുകയായിരുന്നു ബിജുവിന്റെ ഉദ്ദേശ്യമെന്നാണ് മറ്റൊരു വാദം. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍ എന്നിവ എല്‍ഡിഎഫ് സര്‍ക്കാര്‍ പുനസ്സംഘടിപ്പിച്ചപ്പോള്‍ അവഗണിച്ചതാണ് നിര്‍മാതാക്കളുടെ പ്രതിഷേധത്തിന് കാരണം. ഈ പ്രതിഷേധം മുന്‍നിര്‍ത്തിയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സംഘാടകസമിതി യോഗത്തില്‍നിന്ന് അവര്‍ വിട്ടുനിന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day