|    Jan 23 Mon, 2017 8:08 am

സംവരണ പ്രക്ഷോഭത്തിന് സി.പി.എം.

Published : 6th October 2015 | Posted By: RKN

സംവരണം സംരക്ഷിക്കുന്നതിനായി പ്രക്ഷോഭരംഗത്തിറങ്ങാന്‍ സി.പി.എം. സ്വന്തം അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നു. രാജ്യത്ത് ആദിവാസികളും ദലിതരും അടങ്ങുന്ന പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണത്തിനുള്ള ഒരേയൊരു മാര്‍ഗമായ സംവരണം കടുത്ത ഭീഷണി നേരിടുകയാണെന്നത് ഒരു കടുത്ത യാഥാര്‍ഥ്യമാണ്. സാമ്പത്തികവും സാമൂഹികവുമായി മുന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ തങ്ങള്‍ക്കും വേണം സംവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ പിന്നിലെ യഥാര്‍ഥ ലക്ഷ്യം, സാമൂഹികമായ അവശതകള്‍ അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഇന്ന് അനുഭവിച്ചുവരുന്ന സംവരണാനുകൂല്യം അട്ടിമറിക്കുക എന്നതുതന്നെയാണ്.

ഈ സാഹചര്യത്തില്‍ സംവരണം ഭീഷണി നേരിടുകയാണെന്നും അതു സംരക്ഷിക്കാനായി പ്രക്ഷോഭരംഗത്തിറങ്ങേണ്ടത് അനിവാര്യമാെണന്നും സി.പി.എം. തിരിച്ചറിയുന്നത് സ്വാഗതാര്‍ഹം തന്നെ. സംവരണ സമുദായങ്ങളോട് ദീര്‍ഘകാലം ചിറ്റമ്മനയം അനുവര്‍ത്തിക്കുകയും അവര്‍ക്കു ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങള്‍ പോലും അട്ടിമറിക്കുകയും ചെയ്തതിനു കൂട്ടുനിന്നത് സി.പി.എം. തന്നെയാെണന്ന പൂര്‍വകാല ചരിത്രമൊന്നും ഇപ്പോള്‍ വീണ്ടും ചികയേണ്ടതില്ല. കാരണം, വൈകിയാണെങ്കിലും വിവേകം വരുന്നത് ആരുടെ കാര്യത്തിലായാലും സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്.

കേരളത്തില്‍ സംവരണ സമുദായ മുന്നണിയുടെ തലപ്പത്തിരുന്ന എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വം സംഘപരിവാരവുമായി രാഷ്ട്രീയമുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങളാണ് സി.പി.എമ്മിനു പുതിയ തിരിച്ചറിവുണ്ടാക്കിയതെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ശ്രീനാരായണ പ്രസ്ഥാനവും ബന്ധപ്പെട്ട സമുദായവും ശക്തിയാര്‍ജിച്ചത് സംവരണാനുകൂല്യങ്ങളുടെ തണലിലാെണന്ന കാര്യം മറക്കാവതല്ല. സംവരണത്തെ ബി.ജെ.പിയുടെ സാമൂഹികാടിത്തറയായ സവര്‍ണവിഭാഗങ്ങള്‍ അനുകൂലിക്കുന്നില്ലെന്നതും തീര്‍ച്ചയാണ്.

അക്കാരണങ്ങളാല്‍ എസ്.എന്‍.ഡി.പി. യോഗവും സംഘപരിവാരവും ഒന്നിച്ചാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ക്കു യോജിച്ചുനില്‍ക്കുകയെന്നത് എളുപ്പമായെന്നു വരില്ല. അതിനാല്‍, അടിസ്ഥാനപരമായ പ്രശ്‌നങ്ങളില്‍ രണ്ടുകൂട്ടര്‍ക്കുമിടയിലുള്ള ഭിന്നതകള്‍ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുക എന്ന തന്ത്രപരമായ ലക്ഷ്യം മാത്രമാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ സംവരണ സംരക്ഷണ പ്രക്ഷോഭത്തിനു പിന്നിലുള്ളതെന്നു തീര്‍ച്ച.

ഇത് രാഷ്ട്രീയ കാപട്യമായി ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവരെ കുറ്റം പറയാനാവില്ല. ഇന്നു തങ്ങള്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ സി.പി.എമ്മിന് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളില്‍ ശക്തമായ പൊളിച്ചെഴുത്ത് അനിവാര്യമായി വരും. അവശവിഭാഗങ്ങളുടെ ശക്തരായ പടയാളികളും നേതാക്കളുമായി ഉയര്‍ന്നുവരുന്നതിന് അവര്‍ തയ്യാറാവുകയാണെങ്കില്‍ ഇന്നത്തെ പ്രതിസന്ധി വലിയൊരു അവസരമായി മാറ്റിയെടുക്കാന്‍ അവര്‍ക്കു കഴിയും. പക്ഷേ, അതിനു പുറംപൂച്ച് മാത്രം മതിയാവില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക